ചങ്ങനാശ്ശേരി: സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നതും മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിനു മുകളിലുള്ള പുരുഷന്മാരെ സംരക്ഷിക്കുന്ന സുകൃതം സേവാ നിലയത്തിന്റെ വാഴപ്പള്ളി മഞ്ചാടിക്കരയിലുള്ള മന്ദിരത്തിന്റെ ഉദ്ഘാടനം 20ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2012ല്‍ ഇത്തിത്താനത്ത് 2 പേരുമായാണ് പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് വെങ്കോട്ടയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 2014 മുതല്‍ പുഴവാത് ലക്ഷ്മീപുരം കൊട്ടാരത്തിനു സമീപം വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.
സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറ്റൊരു സേവന മേഖലയാണ് ഓട്ടിസം, സെറിബ്രല്പൗള്സി, ഡൗണ്‍ സിന്‍ഡ്രം, പഠന വൈകല്യം സംസാരഭാഷ ന്യൂനതകള്‍ തുടങ്ങിയ വൈകല്യങ്ങള്‍ നേരിടുന്നകുട്ടികള്ക്കായി ശ്രീ (സുകൃതം റിഹാബ് ഇന്സ്റ്റിറ്റിയൂഷന് )യുടെപ്രവര്‍ത്തനം. മാനസ്സിക വെല്ലുവിളി നേരിടുന്ന പത്തോളം പേരെ നിലവില്‍ സംരക്ഷിച്ചു വരുന്നു.
പുതിയ കെട്ടിടത്തില്‍ 50 പേരെ സംരക്ഷിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കെയര്ടേക്കറുമാര്ക്ക് പുറമേ സൈക്കോളജിസ്റ്റ്, നേഴ്സ്, വെക്കേഷണല്‍ ട്രെയിനര്‍ എന്നിവരുടെ ദൈനംദിന പരിചരണ പരിശീലനങ്ങളും യോഗ, മ്യൂസിക്ക് തെറാപ്പി, കായിക ക്ഷമത കേന്ദ്രം, തൊഴില്‍ പരിശീലനം എന്നിവയും നടക്കുന്നു.
20ന് രാവിലെ 10.30ന് ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് ഉദ്ഘാടനം ചെയ്യും. ലൂക്കോസ് കെ ചാക്കോ അദ്ധ്യക്ഷനാകും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
മുന്‍ മിസ്സോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സേവാ സന്ദേശം നല്‍കും. ശ്രീയുടെ ( സുകൃതം റീഹാബ് ഇന്സ്റ്റിറ്റിയൂഷന്) ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വ്വഹിക്കും.
ട്രസ്റ്റ് നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ദാനം നഗരസഭാ അദ്ധ്യക്ഷ സന്ധ്യാ മനോജ് നിര്‍വ്വഹിക്കും. കൊച്ചിന് ഷിപ്പ്യാര്ഡ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സിന്റെ താക്കോല്‍ദാനം കൊച്ചിന് ഷിപ്പ് യാര്‍ഡ് എജിഎം പി.എന്‍. സമ്പത്ത് കുമാര്‍ നിര്‍വ്വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്മാന് പ്രൊഫ പി.കെ. രാജപ്പന്, സ്വാഗത സംഘാദ്ധ്യക്ഷന്‍ ലൂക്കോസ് കെ ചാക്കോ, സേവനിലയം പ്രസിഡന്റ് ഡോ. ആര്.വി.നായര്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഒ.ആര്. ഹരിദാസ്, എം.പി.രവി, ജി. ലക്ഷ്മണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: