ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി മരിച്ചത് ബന്ധുക്കളെ അറിയിച്ചില്ലെന്ന് പരാതി. ഐസിയുവില്‍ കിടന്ന് രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നാണ് ആരോപണം. ചെങ്ങന്നൂര്‍ പെരിങ്ങാല സ്വദേശി തങ്കപ്പന് (55) ആണ് മരിച്ചത്.
ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോള്‍ ഐസിയുവില്‍ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നാല് ദിവസം കഴിഞ്ഞതായി അറിയുന്നത്. കഴിഞ്ഞദിവസവും ഇതുപോലെ സമാന പരാതി ഉയര്‍ന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണം വിവരം രണ്ട് ദിവസം കഴിഞ്ഞിട്ടും അറിയിച്ചില്ലെന്നായിരുന്നു അടുത്ത ആരോപണം.
ഹൃദയസംബന്ധമായ അസുഖത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ദേവദാസിന് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഈ മാസം ഒമ്പതിന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പന്ത്രണ്ടാം തിയതി മരണം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ആശുപത്രിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരണം. മരണവിവരം അറിയിക്കാന്‍ ബന്ധുക്കളെ പലതവണ ഫോണില്‍ വിളിച്ചിരുന്നു എന്നാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറയുന്നത്.
അതേസമയം വളരെ ഗുരുതരമായ വിഷയമാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. ഡിഎംഇയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: