ന്യൂദല്‍ഹി: സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047 ആവുമ്പോഴേക്കും സുശക്തവും പ്രഭാവപൂര്‍ണവും ശാന്തിയും സമാധാനവും നിറഞ്ഞ ഭാരതത്തിന്റെ സൃഷ്ടിയാണ് പ്രതീക്ഷിക്കുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
കൊവിഡിന്റെ രണ്ടാം തരംഗത്തെ രാജ്യം അതിജീവിച്ചു. മഹാമാരിയില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും രാഷ്ട്രപതി പറഞ്ഞു. ഇത്ര വലിയ ദുരന്തം നേരിടാന്‍ എത്ര തയ്യാറെടുപ്പുണ്ടെങ്കിലും സാധ്യമല്ല. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച സംവിധാനങ്ങള്‍ ജനങ്ങളുടെ ജീവന് രക്ഷിച്ചു. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 6.28 ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എല്ലാവരും വാക്സിനേഷന് പ്രക്രിയയുടെ ഭാഗമാവണം. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞമാണ് ഇന്ത്യയില്‍ നടക്കുന്നത്. ജനങ്ങളുടെ ജീവിതം രക്ഷിക്കാനായി സ്വന്തം ജീവന് പോലും അവഗണിച്ച് പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് അഭിനന്ദനം നേര്‍ന്ന രാഷ്ട്രപതി, കൊവിഡ് മഹാമാരിയില്‍ നിന്ന് സന്തോഷത്തിലേക്കുള്ള ദിനങ്ങള്‍ ആശംസിച്ചു. ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരുവര്‍ഷം 23,220 കോടി രൂപയാണ് ചെലവഴിച്ചതെന്നും അദ്ദേഹം അറിയിച്ചു. കാര്‍ഷിക മേഖലയിലും ഗ്രാമീണ ഭാരതത്തിലെ വിവിധ മേഖലകളിലും വളര്‍ച്ച ദൃശ്യമാകുന്നത് സന്തോഷപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: