ന്യൂദല്‍ഹി: 75-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിനായി ഗതിശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറുലക്ഷം കോടിയുടെ ഗതിശക്തി പദ്ധതിയിലൂടെ ദേശീയ അടിസ്ഥാന സൗകര്യവികസനമാണ് ലക്ഷ്യമിടുന്നത്. സമഗ്രവും ആധുനികവുമായ വികസനത്തിനും സമ്പദ് വ്യവസ്ഥക്കും ഗതിശക്തി പദ്ധതി അടിത്തറ പാകുമെന്നും ഇതിലൂടെ രാജ്യം പുതിയ തലത്തിലെത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു.
കേന്ദ്രപദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലക്കുന്നത് വഴി ആധുനിക അടിസ്ഥാനസൗകര്യ വികസനം ഉറപ്പാകുകയും സഹകരണ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. സഹകരണ മേഖല രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗ്രാമങ്ങളിലേക്ക് പരമാവധി പദ്ധതികള്‍ എത്തിക്കുകയും രാജ്യമൊട്ടാകെ വികസനമുണ്ടാകുകയും ചെയ്യും. എല്ലാവരുടെയും ക്ഷേമമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജല്‍ മിഷന്‍ പദ്ധതിയിലൂടെ 4.5 കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനായി. രാജ്യത്തെ ഗ്രാമങ്ങള്‍ അതിവേഗമാണ് വികസിക്കുന്നത്. ലഡാക്കും ജമ്മുവും വികസനത്തിന്റെ പാതയിലാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ എത്തിക്കാന്‍ 70 റൂട്ടുകളില്‍ കിസാന്‍ റെയില്‍ നടപ്പിലാക്കിയെന്നും കിസാന്‍ നിധിയിലൂടെ 1.5 ലക്ഷം കോടി കര്‍ഷകര്‍ക്ക് നേട്ടമുണ്ടായെന്നും നരേന്ദ്രമോദി പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷമായി കോടിക്കണക്കിന് വരുന്ന പാവപ്പെട്ടവരാണ് നിരവധി പദ്ധതികളുടെ ഉപയോക്താക്കളായത്. ഉജ്ജ്വല മുതല്‍ ആയുഷ്മാന്‍ ഭാരത് വരെയുള്ള പദ്ധതികള്‍ രാജ്യത്തെ ഓരോ പാവപ്പെട്ടവര്‍ക്കും സഹായകരമായി. അടുത്ത 25 വര്‍ഷത്തെ ഭാവി മുന്നില്‍കണ്ടാണ് പദ്ധതി പ്രഖ്യാപനങ്ങളും പ്രവര്‍ത്തനവും നടപ്പിലാക്കുന്നത്. വികസനത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് രാജ്യമെന്നും 75-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ഇത്തവണ ഒളിമ്പ്യന്മാര്‍ എല്ലാവരുടെ ഹൃദയം കീഴടക്കി. തലമുറകള്‍ ഇത് ഓര്‍ക്കുമെന്നും മോദി പറഞ്ഞു. ധീരമായാണ് രാജ്യം കൊവിഡിനെതിരെ പോരാടിയത്. ലോകത്ത് തന്നെ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പരിപാടിയാണ് രാജ്യത്ത് നടക്കുന്നത്. 54 കോടി ആളുകളിലേക്ക് വാക്‌സിന്‍ എത്തി. കൊവിന്‍ പോര്‍ടല്‍ ലോകത്തിന് മാതൃകയാണെന്നും മോദി പറഞ്ഞു. കൊവിഡ് കാലത്ത് 80 കോടി ആളുകളിലേക്ക് റേഷന്‍ എത്തിച്ചു. രോഗവ്യാപനം ലോക രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. എന്നാല്‍, വലിയ പരിശ്രമത്തിലും ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെപോയി. കൊവിഡ് വലിയ വെല്ലുവിളിയായിരുന്നു. എല്ലാവരിലേക്കും ഒരുപോലെ എത്തുന്ന വികസനമാണ് ലക്ഷ്യം. കഠിനാദ്ധ്വാനത്തിലൂടെ മാത്രമെ ലക്ഷ്യം കൈവരിക്കാനാകു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേട്ടങ്ങള്‍ക്കായി ഒരുപാട് കാലം കാത്തിരിക്കാനാകില്ല. ലക്ഷ്യങ്ങളിലേക്ക് രാജ്യം വേഗത്തില്‍ എത്തിച്ചേരണം. 4.5 കോടി കുടുംബങ്ങള്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ പൈപ്പ് വഴിയുള്ള ശുദ്ധജലം ഉറപ്പാക്കായി. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും സഹായം എത്തിക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങളില്‍ മികച്ച ചികിത്സ ഇപ്പോള്‍ ലഭിക്കുന്നു. ആശുപത്രികളില്‍ ഓക്‌സിജന്‍ പ്‌ളാന്റുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കല്‍ പ്രവേശനത്തില്‍ ഒബിസി സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഒബിസി ക്വാട്ട നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുകയാണ്. വികസന യാത്രയില്‍ എല്ലാവരെയും ഒരുപോലെ കാണുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും നരേന്ദ്രമോദി പറഞ്ഞു. ഗ്രാമങ്ങളെ വികസനത്തിന്റെ പാതയിലേക്ക് ഉയര്‍ത്തുകയാണ്. രാജ്യത്ത് ചെറുകിട കര്‍ഷകരാണ് അധികവും. ഈ കര്‍ഷകരെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്കായി 1.5 ലക്ഷം കോടി രൂപയുടെ പദ്ധതി ഒരുക്കി. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് സഹായം എത്തിക്കുമെന്നും കാര്‍ഷിക മേഖലയിലെ പരിഷ്‌കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക