കണ്ണൂര്‍: കൊവിഡ് മഹാമാരി ഭൂമുഖത്ത് പൊട്ടി മുളയ്ക്കുന്നതിന് മുമ്പ് അടച്ചിരിപ്പിന്റെയും ഓണ്‍ലൈന്‍ ജീവിതത്തിന്റെയും ലോകത്തെക്കുറിച്ച് ഒരാള്‍ക്ക് സ്വപ്നം കാണാന്‍ കഴിയുമായിരുന്നില്ല. ആളുകള്‍ പരസ്പരം കാണാന്‍ മടിക്കുകയും സംസാരം പോലും വിലക്കുകയും ചെയ്യുന്ന കാലത്തെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമായിരുന്നു. വൈറസ് വ്യാപനം നാടിനെ നടുക്കുമെന്നും മരിച്ചുവീഴുന്നവരെ സംസ്കരിക്കാന്‍ ആളുകള്‍ ഭയക്കുമെന്നും പ്രവചിക്കാന്‍ കഴിയുമോ. കഴിയില്ലെന്ന് പറയുന്നവര്‍ക്ക് തെറ്റി. കണ്ണൂര്‍ പരിയാരം സ്വദേശിയായ കഥാകൃത്ത് സദാശിവന് ഇരിങ്ങല്‍ അങ്ങനെയൊരു ലോകവും കാലവും ഒരു കഥയിലൂടെ പ്രവചിച്ചത് ‘കൊറോണ’ ലോകത്ത് ഉദയം കൊള്ളുന്നതിന് ഏതാണ്ട് ഒന്നര വര്‍ഷം മുമ്പാണ്. 2018 ഒക്ടോബര്‍ ഏഴിന് ഞായറാഴ്ച ഇറങ്ങിയ ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘ഉറുമ്പുകള്‍ ഇല്ലാതായാല്‍ ‘എന്ന കഥ കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പരിണതി ബോധ്യപ്പെടുത്തിയ കഥയാണ്.
വൈറസ് പടര്‍ത്തിയ പനിയുടെ ഫലമായി ആളുകള്‍ ദിനംപ്രതി മരിച്ചുവീണു കൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രലോകം ഈ കഥയിലെ വൈറസിന് പേരില്ലാ വൈറസ് (നെയിംലെസ് വൈറസ്) എന്ന് പേരിടുകയാണ്. ഭരണകൂടം പോലും പനിക്കിടക്കയില്‍ അമര്‍ന്നുപോയ പ്രതിഭാസത്തെക്കുറിച്ചും ദേഹമാസകലം പൊതിഞ്ഞു കെട്ടിയ സുരക്ഷാ കവചത്തെക്കുറിച്ചും കഥ വിശദീകരിക്കുന്നുണ്ട്. സംസാരത്തിലൂടെയും രോഗം പകരാമെന്ന സംസാരമാണ് ജനങ്ങളെ അങ്കലാപ്പിലാക്കിയതെന്നും പരസ്പരം കാണാന്‍ ഭയന്ന് പുറംലോകം കൊട്ടിയടച്ചവര്‍ സ്വന്തം വീട്ടിലെ നടുമുറിയില് പോലും വരാതായെന്നും കാലത്തിന്റെ ഭീകരത വെളിവാക്കാന്‍ എഴുതിവെച്ചിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ മരുന്ന് കണ്ടുപിടിച്ചതിനാല്‍ മരണമുഖത്ത് നിന്ന് ജനം തിരിച്ചു നടന്നതായും പറയുന്നു. എല്ലാം മൊബൈല്‍ ഫോണിലായ കാലത്ത് പാര്‍ട്ടി യോഗങ്ങള്‍ പോലും അതിലാക്കുകയാണെന്ന് മൂന്ന് വര്‍ഷം മുമ്പ് എഴുതിയ കഥയില്‍ പറയുകയാണ് സദാശിവന്.
മരുന്ന് കമ്പനിക്കാരന്റെ കുതന്ത്രമാണ് രോഗവ്യാപനമെന്ന് സ്ഥാപിക്കുന്ന കഥയ്ക്ക് അക്കാര്യത്തില്‍ കൊറോണയുമായി പ്രത്യക്ഷ സാമ്യമില്ലെങ്കിലും ലോകത്താദ്യം കൊവിഡ് ആവിര്‍ഭവിച്ച ചൈന തന്നെയാണ് ആദ്യം മരുന്നും കണ്ടെത്തിയതെന്ന വസ്തുത ഇതിലേക്കും വെളിച്ചം വീശുന്നുണ്ട്. കൊറോണ ചൈനയുടെ സൃഷ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നല്ലോ. പരിസ്ഥിതി അവബോധ കഥ കൂടിയായ ഇതില്‍ ഉറുമ്പുകളാണ് രോഗം പരത്തുന്നതെന്ന പ്രചാരണം ശക്തമാണ്. എന്നാല്‍ മരുന്ന് കണ്ടെത്തുന്നതും ഉറുമ്പുകളുടെ സ്രവത്തില്‍ നിന്നുതന്നെ. ഉറുമ്പുകളെ ചവിട്ടിയരയ്ക്കരുതെന്ന് മരുന്നുകമ്പനിക്കാര്‍ പടച്ചുവിട്ട സന്ദേശം രോഗവ്യാപനത്തിലൂടെ മരുന്ന് വ്യാപാരം വിപുലപ്പെടുത്താനുള്ള അജണ്ടയാണ്. ഇത് മരുന്നുത്പാദക കമ്പനിയിലെ ഉന്നതനിലൂടെ വെളിപ്പെടുമ്പോള്‍ കഥയിലെ ആഖ്യാതാവ് ചോദിക്കുന്നത്, ഉറുമ്പുകള്‍ ഇല്ലാതായാല്‍ പിന്നെങ്ങനെ മരുന്നുണ്ടാക്കുമെന്ന വലിയ ചോദ്യമാണ്. പുതിയ കാലത്ത് പുനര്‍വായന ആവശ്യപ്പെടുന്നത് തന്നെയാണ് സദാശിവന്റെ ‘ഉറുമ്പുകള്‍ ഇല്ലാതായാല്‍ ‘ എന്ന കഥ. സാമൂഹ്യ മാധ്യമങ്ങളില്‍ കഥ വൈറലായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: