കാബൂള്‍ : താലിബാന് അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകള്‍ പിടിച്ചടക്കാന്‍ തുടങ്ങിയതോടെ കാബൂളിലേക്ക് ജനങ്ങളുടെ കൂട്ടപ്പലായനം. ആയിരങ്ങളാണ് ദിനംപ്രതി കാബൂളിലേക്ക് ചേക്കേറുന്നത്. ഇത് കൂടാതെ അയല്‍ രാജ്യമായ പാക്കിസ്ഥാനിലേക്ക് ജനങ്ങള്‍ അഭയം തേടുന്നുണ്ട്.
നിലവില്‍ കാബൂള്‍, ജലാലബാദ്, മസരെ ഷെരീഫ് എന്നീ പ്രധാന നഗരങ്ങളാണ് മാത്രമാണ് അഫ്ഗാന് സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍. മറ്റ് പ്രവിശ്യാ നഗരങ്ങള്‍ താലിബാന് ഒരോന്നായി പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം സൈന്യത്തിന്റെ പക്കല്‍ നിന്നും കാബൂള്‍ പിടിച്ചടക്കാനാണ് താലിബാന്റെ ഇപ്പോഴത്തെ ശ്രമം.
അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ അമേരിക്കയും ബ്രിട്ടണും സൈന്യത്തെ അയച്ചു. 3,000 അമേരിക്കന്‍ സൈനികരും. 600 ബ്രിട്ടീഷ് സൈനികരുമാണ് അഫ്ഗാനിലേക്ക് എത്തിയിരിക്കുന്നത്. താലിബാന് ആക്രമണത്തിനിടെ അവിട കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കുന്നതിനായാണ് ഈ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിനിടെ രാജ്യത്ത് ഇതുവരെ നടത്തിവന്ന വികസന പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശ സേവനങ്ങളും തുടര്‍ന്നും നല്‍കണമെന്ന് താലിബാന് ഇന്ത്യയോട് ആവശ്യപ്പെട്ടു. അഫ്ഗാനിലെ വികസന പ്രവര്‍ത്തനത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ ഇതുവരെ നടത്തിയത് . ജലസേചനത്തിനായി സല്‍മാ ഡാം, റോഡുകള്‍, മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യയുടെ സഹായത്താലാണ് സാദ്ധ്യമായത്. ഇത്തരം എല്ലാ സഹായങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു. എന്നാല്‍ അഫ്ഗാനിലെ സൈനിക വിഷയത്തില്‍ ഇന്ത്യയുടെ ഇടപെടല്‍ പ്രതീക്ഷിക്കുന്നില്ല. അത് ഇരുരാജ്യങ്ങളുമായുള്ള ദീര്‍ഘകാലത്തെ ബന്ധം തകരാന്‍ ഇടയാക്കുമെന്ന് താലിബാന്റെ വക്താവ് സുഹൈല്‍ ഷഹീന് അറിയിച്ചു. ദോഹയില്‍ നടക്കുന്ന രാഷ്ട്രീയ സമവായ ചര്‍ച്ചകള്‍ക്കിടെയാണ് ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ലെന്ന് താലിബാന് അറിയിച്ചു. ഇന്ത്യന്‍ എംബസ്സിയും സുരക്ഷിതമായിരിക്കും. സുതാര്യമായുള്ള ഭരണമാറ്റം നടത്താനാണ് ശ്രമം. ഇന്ത്യന്‍ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും അഫ്ഗാനില്‍ താലിബാന് ഭരണത്തിലും സുരക്ഷിതരായിരിക്കുമെന്നും സുഹൈല്‍ ഷഹീന് അറിയിച്ചു.
അഫ്ഗാനില്‍ നടത്തി വരുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ലോകരാജ്യങ്ങള്‍ അഫ്ഗാന് അഭായര്‍ത്ഥികള്‍ക്കായി അതിര്‍ത്തി തുറന്നിടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: