കൊച്ചി: ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ എല്ലാം നടന്നത് വീണാ ജോര്‍ജ്ജ് ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ). ഡോക്ടർമാരെ മർദിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവന ശരിയായില്ലെന്നും ഐ എം എ കുറ്റപ്പെടുത്തി.
മന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ബോധിപ്പിച്ചതാണ്. എന്നിട്ടും ശ്രദ്ധയിൽപ്പെടാതെ പോകുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ: പി.ടി. സക്കറിയാസ് പറഞ്ഞു. അതിക്രമം നടത്തിയവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വാക്സിനേഷൻ അടക്കമുള്ള ജോലികള്‍ നിർത്തി വെച്ച് പ്രതിഷേധിക്കുമെന്നും ഐ.എം.എ. മുന്നറിയിപ്പു നൽകി.
മന്ത്രിക്ക് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് വേണം. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം അറിയില്ല എന്ന് പറയും പോലെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന എന്നും ഐ എം എ പറഞ്ഞു. നിയമസഭയിൽ നിരുത്തരവാദപരമായാണ് മന്ത്രി സംസാരിച്ചതെന്നും ഐ എം എ ആരോപിച്ചു.
ആരെങ്കിലും എഴുതിക്കൊടുക്കുന്ന കാര്യങ്ങൾ വെറുതെ വായിച്ചു വിടുന്നത് ശരിയല്ല. അതിനു മുൻപ് അതിലെ വസ്തുതകൾ പരിശോധിക്കണം. എന്നാൽ മാത്രമാണ് തെറ്റുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. പിന്നീട് പ്രസ്താവന തിരുത്തി പറയുന്നതിൽ വലിയ കാര്യമില്ല. ഇത് ഉത്തരവാദിത്വമില്ലായ്മ തന്നെയാണെന്നും ഐ എം എ കുറ്റപ്പെടുത്തി.
കേരളത്തിൽ ഈ വര്‍ഷം മെയ് മാസത്തിന് ശേഷം മാത്രം ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 21 അതിക്രമങ്ങളാണ്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഡോക്ടര്‍മാര്‍ക്ക് നേരെ കൂടുതല്‍ അതിക്രമങ്ങളും നടന്നത്. ഡോക്ടര്‍മാര്‍ അക്രമത്തിന് ഇരകളായ 39 കേസുകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഐ എം എ വ്യക്തമാക്കി.
ആകെ സമര്‍പ്പിച്ച 39 കേസുകളില്‍ 15ലും ഡോക്ടര്‍മാര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. 12 കേസുകളില്‍ അക്രമം നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തകരും ജനപ്രതിനിധികളും, സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: