1921-ലെ മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമായും കര്‍ഷക സമരമായും വ്യാഖ്യാനിച്ചെടുത്തതിന്റെ താത്വികമായ പിതൃത്വം കമ്യൂണിസ്റ്റുകള്‍ക്ക് അവകാശപ്പെട്ടതാണ്. 1921ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നിരുന്നില്ലെങ്കിലും അതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയിരുന്നു. ഖിലാഫത്തിന്റെ പേരില്‍ നടന്ന രക്തരൂക്ഷിതമായ ലഹളയെ പിന്നീട് ന്യായീകരിക്കാനും അതിന് ആശയപരമായ വ്യാഖ്യാനങ്ങള്‍ നല്‍കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യത്തിനുത്തരം കണ്ടെത്തേണ്ടതുണ്ട്.
മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനം രക്തരൂക്ഷിതമായ കൂട്ടക്കൊലയായും മാപ്പിള ലഹളയായും പരിണമിച്ചതിനെക്കുറിച്ചുള്ള വിലയിരുത്തലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരും കാണിച്ച ചരിത്രപരമായ അടവുനയം പാര്‍ട്ടിയുടെ ചരിത്ര സമീപനത്തിന്റെ സൃഷ്ടിയാണ്.
കേരളപ്പിറവിക്ക് ശേഷമുണ്ടായ സംഭവവികാസങ്ങളെ വിലയിരുത്തിയതിലും ഇതേ നിലപാടാണ് ഇടതുപക്ഷം കൈക്കൊണ്ടത്. ചരിത്ര വിശദീകരണങ്ങളില്‍ മാത്രമല്ല രാഷ്‌ട്രീയ നിലപാടുകളിലും അത് തുടര്‍ന്നു.
കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മാപ്പിള ലഹളയെ വിലയിരുത്തുന്നത് നോക്കുക. ”പട്ടാളക്കാര്‍ വന്ന് ലഹളയെ അമര്‍ത്താനുള്ള ശ്രമം തുടങ്ങിയപ്പോള്‍, ഹിന്ദുക്കളിലൊരു ഗണ്യമായ ഭാഗം നാടുവിട്ടു പോവുകയും ഇവിടെത്തന്നെ നിന്നവര്‍ പട്ടാളത്തിന്റെ ഒറ്റുകാരായി പ്രവര്‍ത്തിക്കയും ചെയ്യാന്‍ തുടങ്ങി. ഖിലാഫത്ത് പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കപ്പെട്ടിരുന്ന ഹിന്ദു-മുസ്ലിം ഐക്യം തികച്ചും പൊളിഞ്ഞത്. ഇതോടുകൂടിയാണ്. ഹിന്ദുക്കള്‍ക്കെതിരായ പല അക്രമങ്ങളും നടത്താന്‍ മാപ്പിളമാര്‍ തുനിയുകയും ശരിയായ ഒരു സാമുദായിക ലഹളയുടെ മുഴുവന്‍ സ്വഭാവങ്ങളും അതിനുണ്ടാവുകയും ചെയ്തു.”പട്ടാളക്കാര്‍ ലഹളയെ അടിച്ചമര്‍ത്താന്‍ തുടങ്ങിയപ്പോഴാണ് ഹിന്ദുക്കളില്‍ ഗണ്യമായൊരു വിഭാഗം നാടുവിട്ടുപോയതെന്നു ഇ.എം.എസ് വിശദീകരിക്കുന്നു. ലഹളക്കാരായ മുസ്ലിങ്ങളെ പട്ടാളക്കാര്‍ അടിച്ചമര്‍ത്തുമ്പോള്‍ ഹിന്ദുക്കള്‍ക്ക് നാടുവിടേണ്ടി വന്നതെന്തിനെന്ന് ഇ.എം.എസ് വിശദീകരിക്കുന്നില്ല. സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ അന്നാട്ടുകാര്‍ തന്നെ ഭയന്ന് നാടുവിടേണ്ടി വന്നതെന്തുകൊണ്ടാണ്?
ലഹളയെ മൂന്നു ഘട്ടങ്ങളായി വിശദീകരിക്കുന്ന ഇ.എം.എസ്. അവസാന ഘട്ടത്തില്‍ ലഹള ശരിയായ അര്‍ത്ഥത്തില്‍ ഒരു സാമുദായിക ലഹളയായി പരിണമിച്ചുവെന്ന് അംഗീകരിക്കുന്നുണ്ട്. 1921 ഏപ്രില്‍ മുതല്‍ ആഗസ്ത് 20 വരെയുള്ള കാലഘട്ടമാണ് ലഹളയുടെ ഒന്നാം ഘട്ടമായി ഇ.എം.എസ് ചൂണ്ടിക്കാണിക്കുന്നത്. ”ഉരുക്കുപോലെ ഉറച്ചു നില്‍ക്കുന്നു എന്ന് പുറമേക്ക് തോന്നുന്ന ഒരൈക്യമാണ് അക്കാലത്ത് കോണ്‍ഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനത്തിനകത്തുണ്ടായിരുന്നത്.” സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ എങ്ങനെ നേരിടണമെന്ന കാര്യത്തിലുള്ള തര്‍ക്കമാണ് കോണ്‍ഗ്രസ് നേതാക്കന്മാരും മാപ്പിളമാരും തമ്മിലുള്ള തര്‍ക്കത്തിന് വഴി തെളിച്ചതെന്ന് ഇ.എം.എസ് വിശദീകരിക്കുന്നു.
ആഗസ്ത് 28ന് നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തോടുകൂടിയാണ് ലഹളയുടെ മൂന്നാം ഘട്ടം തുടങ്ങിയതെന്ന് ഇ.എം.എസ് വിലയിരുത്തുന്നു. ഈ കാലഘട്ടത്തിലാണ് നിര്‍ബന്ധിച്ച് മതം മാറ്റുക, മതം മാറാന്‍ കൂട്ടാക്കാത്തവരെ കഴുത്തറുക്കുക, ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിക്കുക, മുതലായ സംഭവങ്ങള്‍ പലേടത്തും നടത്തിയത്”. ലഹളയുടെ സുപ്രധാന ഘട്ടത്തില്‍ തിരൂരങ്ങാടിയില്‍ പള്ളി പൊളിച്ചുവെന്ന പ്രചാരണമുണ്ടാകുന്നു. എന്നാല്‍ പൂക്കോട്ടൂരില്‍ നിന്നും തിരൂരങ്ങാടിയിലേക്ക് പോകേണ്ടതിന് പകരം ലഹളക്കാര്‍ നിലമ്പൂരിലേക്കാണ് യാത്ര തിരിച്ചത്. പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ സംഭരിച്ച് യാത്ര ചെയ്തത് നിലമ്പൂര്‍ കോവിലകം ആക്രമിക്കാനായിരുന്നു. 14 മൈല്‍ ദൂരമുള്ള തിരൂരങ്ങാടിക്ക് പോകുന്നതിനു പകരം 20 മൈല്‍ അകലമുള്ള നിലമ്പൂരിലേക്ക് കലാപകാരികള്‍ പോയതെന്തിനെന്ന് വിശദീകരിക്കാന്‍ പറ്റാത്ത നിരവധി സംഭവങ്ങളിലൊന്നാണ്.
ലഹളയുമായി ബന്ധപ്പെട്ട് 195 കവര്‍ച്ചക്കേസുകളാണ് മദ്രാസ് ഹൈക്കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടത്. ഇതില്‍ 28 എണ്ണം ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളായിരുന്നു. ലഹള ഭയന്ന് നാടുവിട്ടവരായിരുന്നു ഇവരെല്ലാം. കവര്‍ച്ചയോടൊപ്പം 8 എണ്ണത്തില്‍ കൊലയോടൊപ്പമാണ് കവര്‍ച്ച നടന്നത്.പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവില്ലാതെ കവര്‍ച്ച നടന്നു. ഹൈക്കോടതിയിലെത്തിയ പിടിച്ചുപറിക്കേസുകളില്‍ ഇരയായവരുടെ കൂട്ടത്തില്‍ നെയ്‌ത്തുകാരനും തട്ടാനും ചുമട്ടുകാരനും ചെത്തുകാരനും കല്‍പ്പണിക്കാരനുമൊക്കെ ഉള്‍പ്പെട്ടിരുന്നു. നടന്ന സംഭവങ്ങളില്‍ വളരെ കുറച്ചു സംഭവങ്ങള്‍ മാത്രമേ അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കനിടയുള്ളു. 1921 ആഗസ്ത് 21നും 1922 ഏപ്രില്‍ 26നും ഇടയ്‌ക്കുള്ള ദിവസങ്ങളില്‍ അനേകം കവര്‍ച്ചകള്‍ നടന്നതിന്റെ വിവരങ്ങള്‍ ഭീമനാട് ഗ്രാമത്തിന്റെ മേനോന്‍ ഇ.അച്ചുനായരുടെ ഡയറിയില്‍ കുറിച്ചതായി കെ.എന്‍. പണിക്കര്‍ മലബാര്‍ കലാപം എന്ന തന്റെ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
ലഹളയുടെ ഏതെങ്കിലും ഒരു ഘട്ടത്തിലല്ല മറിച്ച് ഉടനീളം അന്നാട്ടുകാര്‍ ആക്രമിക്കപ്പെട്ടിരുന്നു എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. കലാപത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതാണീ വസ്തുതകള്‍.
ലഹളയില്‍ ഇത്രയധികം കൊള്ളകള്‍ നടന്നിരുന്നുവെന്നതിന് കോടതി രേഖകള്‍ തന്നെ തെളിവാണ്. കര്‍ഷക സമരത്തിലും സ്വാതന്ത്ര്യ സമരത്തിലും സാധാരണക്കാരുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടതെന്തിനെന്ന് ഇടതു ചരിത്രകാരന്മാര്‍ വിശദീകരിച്ചിട്ടില്ല.
അതേസമയം മാപ്പിള ലഹളയുടെ ആവേശകരമായ ഓര്‍മ്മകള്‍ ഉണര്‍ത്തി കേരളത്തില്‍ വീണ്ടും കൂട്ടക്കലാപങ്ങള്‍ ഉയര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചതിന് തെളിവുകളുണ്ട്. സ്വാതന്ത്ര്യം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴാണ് പരസ്യമായി അക്രമത്തിന് ആഹ്വാനം ചെയ്ത് കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ തന്റെ പെരിന്തല്‍മണ്ണ പ്രസംഗം നടത്തിയത്. വീണ്ടുമൊരു ലഹളയ്‌ക്ക് പ്രേരിപ്പിക്കുന്നതായിരുന്നു എ.കെ ഗോപാലന്റെ വാക്കുകള്‍. കോണ്‍ഗ്രസ്സിനെ മാത്രമല്ല ഗാന്ധിജിയെയും തള്ളിപ്പറഞ്ഞാണ് വീണ്ടുമൊരു ലഹളക്ക് എ.കെ. ഗോപാലന്‍ ആഹ്വാനം ചെയ്യുന്നത്.
മാപ്പിള ലഹളയുടെ 25-ആം വാര്‍ഷികത്തില്‍ 1946 ആഗസ്ത് 25ന് എ.കെ. ഗോപാലന്‍ പെരിന്തല്‍മണ്ണയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പറയുന്നതിങ്ങനെയാണ്. ”ഇരുപത്തിയഞ്ചു വര്‍ഷം മുമ്പ് നമ്മുടെ പാവപ്പെട്ട സമൂഹത്തില്‍ നിന്ന് ഒരു സാധാരണ ഇസ്ലാമായ ആലി മുസലിയാര്‍ ബ്രിട്ടീഷ് ഭരണത്തിനും അനീതിക്കും അടിമത്തത്തിനുമെതിരെ കേരളത്തില്‍ ഒരു മഹാ സമരം നടത്തി. ഈ ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടെഷ് ഗവര്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിശ്ചയ ദാര്‍ഢ്യവും ധൈര്യവും ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ്. അവര്‍ വെള്ളപ്പട്ടാളത്തിന്റെ തോക്കുകളെയും പീരങ്കികളെയും ധൈര്യപൂര്‍വം എതിരിട്ടു. അതൊക്കെ അവര്‍ പുല്‍ക്കൊടിയായി കണ്ടു. നമ്മുടെ ഈ മാപ്പിള സഹോദരന്മാരെ എങ്ങനെയാണ് നിങ്ങള്‍ക്ക് മറക്കാനാവുക.”
”പ്രത്യക്ഷ നടപടി” കേരളത്തില്‍ 1921ല്‍ തന്നെ നടന്നുവെന്നാണ് എ.കെ.ഗോപാലന്‍ വിശേഷിപ്പിക്കുന്നത്. ഓരോ വര്‍ഷത്തിലും 21ന്റെ സ്മരണ പുതുക്കണമെന്നും, ”സ്വാതന്ത്ര്യത്തിനു വേണ്ടി ഈ സ്ഥലത്തെ ജനങ്ങള്‍, മുസ്ലിം സഹോദരന്മാര്‍ ജന്മികള്‍ക്കെതിരെ നടത്തിയ സമരത്തിലെ വില ആയിരങ്ങളോ കോടിയോ അല്ലെന്നും” എ.കെ ഗോപാലന്‍ തുടരുന്നു.
അടിക്കു പകരം അടി കൊടുക്കണം. ആയുധമെടുക്കണമെങ്കില്‍ ആയുധമെടുക്കണം. ഇനിയങ്ങോട്ട് സത്യഗ്രഹം ഒന്നും നേടില്ല. കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും സത്യഗ്രഹം കൊണ്ട് എന്തു നേടിയെന്ന് നിങ്ങള്‍ കണ്ടില്ലേ” എന്ന് എ.കെ. ഗോപാലന്‍ പ്രസംഗത്തില്‍ ചോദിക്കുന്നു.
1921ലെ കിലാഫത്തിനെ പുകഴ്‌ത്തുന്ന എകെജി പിന്നീട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാ സമരത്തെ എങ്ങനെയാണ് വിലയിരുത്തുന്നതെന്നു ശ്രദ്ധിക്കുക. ഇരുപത്തി ഒന്നിലെ ഹിംസാത്മകമായ സമരം ആവര്‍ത്തിക്കണമെന്നാണ് പ്രസംഗത്തില്‍ എ.കെ. ഗോപാലന്‍ ആഹ്വാനം ചെയ്തത്. തനിക്ക് അഹിംസയില്‍ ഒരു വിശ്വാസവുമില്ലെന്നും എ.കെ.ജി പ്രസംഗത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. (ഈ പ്രസംഗത്തിന് എ.കെ. ഗോപാലന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.)
മലപ്പുറം ജില്ലാ രൂപീകരണം, അങ്ങാടിപ്പുറം തളി ക്ഷേത്ര പുരരുദ്ധാരണ സമരം എന്നിവയിലും ഇതേ നിലപാടു തന്നെയാണ് അവര്‍ പിന്തുടര്‍ന്നത്. 21ലെ മാപ്പിള ലഹളയ്‌ക്കു ശേഷം കേരളത്തെ ഞെട്ടിച്ച മാറാട് കൂട്ടക്കൊലയിലും സി.പി.എമ്മും എടതു ബുദ്ധിജീവികളും കൈക്കൊണ്ട സമീപനം ഇതു തന്നെയായിരുന്നു.
കേരളത്തില്‍ മുസ്ലിം തീവ്രവാദശക്തികളുടെ വളര്‍ച്ചയില്‍ ആശയപരമായ പിന്തുണയും സംഘടനാപരമായ പ്രോത്സാഹനവും നല്‍കുന്നതില്‍ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയ കക്ഷികള്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. മുസ്ലിം ന്യൂനപക്ഷ സമൂഹത്തിലെ പുരോഗമനപരമായ നീക്കങ്ങളെ പിന്തുണക്കുകയല്ല മറിച്ച് അത്തരം ശക്തികളെ ദുര്‍ബലപ്പെടുത്തുന്ന മുസ്ലിം യാഥാസ്ഥിതിക-വര്‍ഗീയ-ഭീകരവാദ സമീപനങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഘടകങ്ങള്‍ക്ക് രാഷ്‌ട്രീയപരമായ മാന്യത നല്‍കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്. അബ്ദുള്‍ നാസര്‍ മദനിയെ പിന്തുണച്ചതും മഹാത്മാവായി ചിത്രീകരിച്ചതും ഇതിനുദാഹരണം. അതേ സമയം മുസ്ലീം സമൂഹത്തില്‍ ക്രമേണ ശക്തമായിക്കൊണ്ടിരുന്ന പുരോഗമന കാഴ്ചപ്പാടുകള്‍ക്ക് പിന്തുണ നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായില്ല. ചേകന്നൂര്‍ മൗലവി ഉയര്‍ത്തിക്കൊണ്ടുവന്ന പുരോഗമനപരമായ നിലപാടുകള്‍ക്ക് കനത്ത തിരിച്ചടിയേറ്റത് അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരോധാനമായിരുന്നു. പച്ചയായ കൊലപാതകമാണിതെന്ന് അറീയാമായിരുന്നിട്ടും കൊലപാതകത്തിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ടുവരുന്നതില്‍ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടുവെന്നല്ല ശ്രമിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് പലതവണ കേരളത്തില്‍ അധികാരത്തില്‍ വന്ന സി.പി.എം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ അതേ നിലപാട് വച്ചു പുലര്‍ത്തുകയായിരുന്നു. മുസ്ലിം തീവ്രവാദ വര്‍ഗീയ ശക്തികളുടെ പ്രത്യക്ഷ നടപടികളായി കേരളം വിലയിരുത്തിയ ചേകന്നൂര്‍ മൗലവി വധം, മാറാട് കൂട്ടക്കൊല എന്നിവയില്‍ കമ്മ്യൂണിസ്റ്റ് കക്ഷികള്‍, പ്രത്യേകിച്ച് സി.പി.എം കൈക്കൊണ്ട നിലപാടു മാപ്പിള ലഹളയെ പിന്തുണച്ച അതേ രാഷ്‌ട്രീയ സമീപനത്തിന്റെ തുടര്‍ച്ചയാണ്.
ദേശീയ ശക്തികളെ ശിഥിലമാക്കുകയും സമൂഹത്തില്‍ അരാജകത്വം വളര്‍ത്തുകയും ചെയ്യുകയെന്ന വിഘടനവാദശക്തികളുടെ ഒളി അജണ്ടകള്‍ക്ക് പ്രത്യയശാസ്ത്ര പിന്തുണയും രാഷ്ടീയ മാതൃകയും നല്‍കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത്. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസിനെയാണ് കമ്മ്യൂണിസ്റ്റുകള്‍ മുഖ്യശത്രുവായി കണ്ടതെങ്കില്‍ സ്വാതന്ത്ര്യത്തിന് മുന്‍പും പിന്നീടും ദേശീയവാദ സംഘടനകളെയെല്ലാം മുഖ്യശത്രു സ്ഥാനത്ത് കമ്മ്യൂണിസ്റ്റുകള്‍ പ്രതിഷ്ഠിച്ചതിനു പിന്നില്‍ ഒരേ മനോഭാവമാണ് നിഴലിക്കുന്നറ്റ്. 1921നെ വിലയിരുത്തിയതില്‍ സംഭവിച്ച പിഴവ് കേവലം അബദ്ധമായിരുന്നില്ല. മറിച്ച് കമ്മ്യൂണിസ്റ്റ് സമീപനത്തില്‍ രൂഢമൂലമായ ദേശവിരുദ്ധ സമീപനമാണെന്നത് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: