ഫുട്ബോള്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കുന്ന യൂറോപ്പിലെ ലീഗ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നു. പുതിയ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ജര്‍മ്മന്‍ ലീഗ് ബുന്ദസ് ലിഗ, സ്പാനിഷ് ലീഗ് ലാ ലിഗ പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കും. ഇറ്റാലിയന്‍ ലീഗായ സീരി എ പോരാട്ടങ്ങള്‍ 21 ന് തുടങ്ങും.
പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. അതേസമയം പെപ്പ് ഗ്വാര്‍ഡിയോളയുടെ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് കിരീടം പിടിക്കാനുള്ള ഒരുക്കത്തിലാണ് മറ്റ് പ്രമുഖ ടീമുകള്‍. ലിവര്‍പൂള്‍, ആഴ്സണല്‍, ചെല്‍സി തുടങ്ങിയ ടീമുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. പോയ സീസണിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിക്ക് ഭീഷണിയാകും.
പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് രാത്രി 12.30 ന് ആഴ്സണല്‍ ബ്രെന്റ്ഫോര്‍ഡിനെ എതിരിടും. ബ്രെന്‍ഡ്ഫോര്‍ഡ് കമ്മ്യുണിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ മത്സരത്തില്‍ ടോട്ടനത്തെ നേരിടും. ഞായറാഴ്ച രാത്രി ഒമ്പതിന് ടോട്ടനത്തിന്റെ സ്റ്റേഡിയത്തിലാണ് മത്സരം.
നാളെ നടക്കുന്ന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്സ് യുണൈറ്റഡിനെയും ലെസ്റ്റര്‍ സിറ്റി വൂള്‍വ്സിനെയും ചെല്‍സി ക്രിസ്റ്റല്‍ പാലസിനെയും എതിരിടും. ഇരുപത് ടീമുകളാണ് പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്നത്. ഓരോ ടീമിനും 38 മത്സരങ്ങള്‍ വീതമുണ്ടാകും.
സ്പാനിഷ് ലീഗായ ലാ ലിഗയിലെ ഉദ്ഘാടന മത്സരത്തില്‍ വലന്‍സിയ ഗെറ്റാഫയുമായി ഏറ്റുമുട്ടും. രാത്രി 12.30 നാണ് കിക്കോഫ്. അത്ലറ്റിക്കോ മാഡ്രിഡാണ് നിലവിലെ ചാമ്പ്യന്‍സ്. ആദ്യ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഞായറാഴ്ച രാത്രി ഒമ്പതിന് സെല്‍റ്റ വിഗോയെ എതിരിടും.
റയല്‍ മാഡ്രിഡ്, ബാഴ്സലോണ ടീമുകള്‍ അത്ലറ്റിക്കോ മാഡ്രിഡിന് കടുത്ത വെല്ലുവിളിയാകും.
സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയെ കൂടാതെയാണ് ബാഴ്സലോണ ഈ സീസണില്‍ കളിക്കുന്നത്. മെസി ഫ്രഞ്ച് ലീഗ് ടീമായ പാരീസ് സെന്റ് ജര്മ്മന്സിനാണ് ഈ സീസണില്‍ കളിക്കുന്നു. ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ ആഗസ്ത് ആറിന് ആരംഭിച്ചു. മെസി നാളെ പിഎസ്ജിക്കായി ആദ്യ മത്സരത്തിനിറങ്ങും. രാത്രി 12.30 ന് പി
എസ്ജി ആദ്യ മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെ നേരിടും. ലില്ലിയാണ് നിലവിലെ ചാമ്പ്യന്മാര്. ഇരുപത് ടീമുകളാണ് ഫ്രഞ്ച് ലീഗ് കിരീടത്തിനായി പൊരുതുക. മെസി കൂടി എത്തിയതോടെ പിഎസ്ജി ശക്തമായ ടീമായി മാറിയിരിക്കുകയാണ്.
ജര്‍മ്മന്‍ ലീഗായ ബുന്ദസ് ലിഗയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഇന്ന് ബൊറൂസിയ എംഗ്ലാഡ്ബാച്ചിനെ എതിരിടും. രാത്രി 12 നാണ് കിക്കോഫ്. പതിനെട്ട് ടീമുകള്‍ മത്സരിക്കും.
ഇറ്റാലിയന്‍ ലീഗായ സീരീ എ മത്സരങ്ങള്‍ ഈ മാസം 21 ന് തുടങ്ങും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന് ജെനോവയെ നേരിടും. രാത്രി പത്തിനാണ് മത്സരം. സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് ആദ്യ മത്സരത്തില്‍ 22 ന് രാത്രി പത്തിന് ഉഡ്നീസുമായി മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: