കൊച്ചി: ഒളിമ്പിക്സ് ഹോക്കിയില്‍ മെഡല്‍ നേടിയ പഴയകാല താരം മാനുവല്‍ ഫ്രെഡറിക്കും പി.ആര്. ശ്രീജേഷും ഒരേ വേദിയില്‍. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സ്നേഹ സമ്മാനം പി.ആര്. ശ്രീജേഷിന് നല്കുന്ന ചടങ്ങാണ് കേരളത്തില്‍ ഒളിമ്പിക് മെഡലെത്തിച്ച രണ്ട് മഹാരഥന്മാരെ ഒരേ വേദിയിലെത്തിച്ചത്.
ഇന്ത്യന്‍ ഹോക്കിക്ക് സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലവുമായി ടോക്കിയോയില്‍ നിന്നെത്തിയ ശ്രീജേഷിന് ഒരു കോടി രൂപ മാനുവല്‍ ഫ്രെഡറിക്ക് സമ്മാനിച്ചു. നിറചിരിയോടെ ആദരവേറ്റുവാങ്ങിയ ശ്രീജേഷ് തന്റെ സ്വപ്നങ്ങള്‍ക്ക് അടിത്തറപാകിയ ഹോക്കിയിലെ മുന്‍തലമുറ ജേതാവിനായി കാത്തുവച്ച സര്‍പ്രൈസ് അപ്പോള്‍ വെളിപ്പെടുത്തിയില്ല. ഫ്രെഡറിക്കിന് ഡോ. ഷംഷീര്‍ വയലിലിന്റെ സ്നേഹോപഹാരമായി 10 ലക്ഷം രൂപ നല്‍കുമെന്ന് ശ്രീജേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തിലേക്ക് ആദ്യമായി ഒരു ഒളിമ്പിക് മെഡല്‍ എത്തുന്നത് 1972 ലാണ്. ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ ഗോള്‍കീപ്പറായിരുന്ന മാനുവല്‍ ഫ്രെഡറിക്ക് എന്ന കണ്ണൂരുകാരനിലൂടെ. 49 വര്‍ഷത്തിന് ശേഷം വീണ്ടും ഒരു മെഡല്‍ മലയാളക്കരയിലെത്തുന്നത് ഹോക്കിയിലൂടെ തന്നെ. ഗോള്‍ പോസ്റ്റിന് മുന്നില്‍ വന്മതിലായി ഉറച്ചു നിന്ന് പൊരുതിയ പി.ആര്. ശ്രീജേഷ് രാജ്യത്തിനാകെ അഭിമാനമായ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
പാരിതോഷികം നല്കിയ ഡോ.ഷംഷീര്‍ വയലിന് പി.ആര്. ശ്രീജേഷ് നന്ദി പറഞ്ഞു. പി.ആര്. ശ്രീജേഷിനെ അനുമോദിക്കുന്ന ചടങ്ങിനിടെ പ്രഖ്യാപിച്ച ധനഹായം മാനുവല്‍ ഫ്രെഡറിക്ക് ഏറ്റുവാങ്ങി . കായികതാരങ്ങളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും ഡോ. ഷംഷീര്‍ വയലിലിനെപ്പോലുള്ളവര്‍ മുന്നോട്ട് വരുന്നത് കായിക കേരളത്തിന് പ്രതീക്ഷ നല്‍കുന്നുയെന്ന് മാനുവല്‍ ഫ്രെഡറിക്ക് പറഞ്ഞു.
കായികമേഖലയിലെ രണ്ട് തലമുറയില്‍പ്പെട്ട പ്രമുഖരെ ഒരേ വേദിയിലെത്തിച്ച് ആദരിക്കാനായത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റ കായിക ഭാവിക്കായി ഇനിയും പിന്തുണ നല്‍കുമെന്ന് ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു.
കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിപിഎസ് ഹെല്‍ത്ത്കെയര്‍ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വിപിഎസ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍-സി.എസ്ആര്‍ മേധാവി രാജീവ് മാങ്കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: