തൃശൂർ: മഹാമാരി കാലത്ത് കഴിഞ്ഞ രണ്ട് വർഷങ്ങളിലും നാട്ടാനകളെയും ആന പാപ്പാന്മാരെയും ആന ഉടമകളെയും ദേവസ്വങ്ങളെയും സംബന്ധിച്ച് പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. മറ്റ് മേഖലകൾ അതിജീവനത്തിന്റെ പാതയിലെത്തിയെങ്കിലും ഇവർക്ക് ഇതുവരെ പ്രതിസന്ധിയിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല. ആനയെ ഉത്സവ എഴുന്നെള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ സാധിക്കാതെ ആയതോടെ പരിപാലിക്കുന്നതിനുള്ള ചെലവ് താങ്ങാനാകുന്നില്ലെന്ന് ആനയുടമകൾ പറയുന്നു. ഒരു ആനയെ പരിചരിക്കുന്നതിന് ഏകദേശം 4000-4500 രൂപ പ്രതിദിനം ചെലവ് വരും.
ആനയുടെ തീറ്റ, പോഷകാഹാരം, മദക്കാല പരിചരണം, മരുന്ന്, പാപ്പാന്മാരുടെ ബത്ത സഹിതം ഒരു വലിയ തുക വർഷത്തിൽ ചെലവഴിക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയിൽ ആനകളെ പരിചരിച്ചുവെങ്കിലും ഇനിയുള്ള കാലങ്ങളിൽ സർക്കാർ സഹായമോ നാട്ടാനപരിപാലനവുമായി ബന്ധപ്പെട്ട് പ്രത്യേകം പദ്ധതികളോ ഇല്ലാതെ മുന്നോട്ട് പോകാനാവുന്നില്ലെന്ന് ആന ഉടമകൾ അഭിപ്രായപ്പെടുന്നു.
ജോലിയില്ലാതെ ആന പാപ്പാന്മാരും പ്രതിസന്ധിയിലാണ്. പലരും മറ്റ് തൊഴിൽമേഖലകളിലേക്ക് മാറി. പ്രതിസന്ധികൾക്കിടയിലും ഉടമകൾ ശമ്പളം നൽകിയിരുന്നുവെങ്കിലും പാപ്പാന്മാരെ സംബന്ധിച്ച് ഉത്സവബത്ത, മറ്റ് വരുമാനങ്ങൾ എന്നിവ ഈ വർഷവും നഷ്ടമായി. ഭൂരിഭാഗം ആനക്കാരും ചെറുപ്പത്തിൽ തന്നെ ഈ തൊഴിലിൽ ഏർപ്പെടുന്നതും മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തവരുമാണ്. ആനയോടുള്ള ഇഷ്ടം കൊണ്ട് തെരഞ്ഞെടുക്കുന്ന സാഹസികമായ ഈ തൊഴിൽ അവരുടെ കുടുംബത്തിന്റെ ഉപജീവന മാർഗം കൂടിയാണ്. കൊവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന ഇവർക്ക് സർക്കാർ സഹായമോ പ്രത്യേക പാക്കേജോ പരിഗണനയോ നൽകണമെന്നാണ് ആനപാപ്പാന്മാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: