തൃശൂര്‍: റേഷന്‍ കടകള്‍ വഴി സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍. മുന്‍ഗണനാ ക്രമത്തില്‍ വിതരണം ചെയ്യേണ്ട കിറ്റുകള്‍ പോലും ജില്ലയില്‍ പല സ്ഥലങ്ങളിലും വിതരണത്തിനായി എത്തിയിട്ടില്ല. ആവശ്യത്തിന് കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്താത്തതാണ് വിതരണത്തിലെ മെല്ലെപ്പോക്കിന് കാരണം.
ജില്ലയില്‍ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്), നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍സ്) എന്നീ നാലു വിഭാഗങ്ങളിലൂമായി 8 ലക്ഷത്തി 70,000 കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റ് നല്‍കാനുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തി 60,000 പേര്‍ മുന്‍ഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകാരാണ്. 60,000 കാര്‍ഡുകള്‍ (മഞ്ഞ) രണ്ടു ലക്ഷത്തോളം കാര്‍ഡുകള്‍ (പിങ്ക്) വിഭാഗത്തിലുമുള്‍പ്പെടുന്നു. ജില്ലയില്‍ മൊത്തം 1280 റേഷന്‍ കടകളാണുള്ളത്. എഎവൈ വിഭാഗത്തിലെ കാര്‍ഡുകള്‍ക്കുള്ള കിറ്റുകള്‍ മാത്രമേ ഇതുവരെയും റേഷന്‍ കടകളിലെത്തിച്ചിട്ടുള്ളൂ. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പിഎച്ച്എച്ച് വിഭാഗത്തിലെ കാര്‍ഡുകാര്‍ക്കുള്ള സ്റ്റോക്ക് റേഷന്‍ കടകളില്‍ ഇനിയും എത്തിക്കാനുണ്ട്.
ആദ്യഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗത്തിലുളള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് വിതരണം ആരംഭിച്ചത്. ജൂലൈ 31ന് വിതരണം ആരംഭിച്ച് കഴിഞ്ഞ ശനിയാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്റ്റോക്ക് തീര്‍ന്നതിനാല്‍ ചിലയിടങ്ങളില്‍ വിതരണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. എഎവൈ വിഭാഗക്കാരുടെ വിതരണം പൂര്‍ത്തിയായാലേ പിഎച്ച്എച്ച് കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകളുടെ വിതരണം ആരംഭിക്കൂ. ഇതിനു ശേഷമാണ് നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യുക. കിറ്റ് വിതരണം 18ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയനുസരിച്ച് നിശ്ചിത തിയതിക്കുള്ളില്‍ എല്ലാ കാര്‍ഡുടമകള്‍ക്കുമുള്ള കിറ്റ് വിതരണം പൂര്‍ത്തിയാകന്‍ സാധ്യത കുറവാണ്.
ഓണക്കിറ്റ് വിതരണം എന്നാരംഭിക്കുമെന്നതിനെ കുറിച്ച് ഇപ്പോഴും യാതൊരു അറിവുമില്ലെന്ന് കാര്‍ഡുടമകള്‍ പറയുന്നു. റേഷന്‍ കടയുടമയോട് എല്ലാ ദിവസവും ചോദിച്ച് മടുത്തു. കിറ്റ് എത്തിയിട്ടില്ലെന്നാണ് റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന മറുപടി. വിതരണത്തിന് അനുസരിച്ച് കിറ്റുകള്‍ പാക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് റേഷന്‍ കടകളില്‍ എത്തിക്കണം. ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാനാലാണ് വിതരണം യഥാസമയം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
കിറ്റ് വിതരണം 16ന് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
ജില്ലയില്‍ എഎവൈ കാര്‍ഡുടമകള്‍ക്കുള്ള മുഴുവന്‍ ഓണക്കിറ്റുകളും റേഷന്‍ കടകളിലെത്തിച്ചിട്ടുണ്ട്. പിഎച്ച്എച്ച് കാര്‍ഡ് ഉടമകള്‍ക്ക് 50 ശതമാനം കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ള കിറ്റുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ എത്തിക്കും. കിറ്റിലേക്കുള്ള ഇനങ്ങളില്‍ കശുവണ്ടി പരിപ്പിന് തുടക്കത്തില്‍ ക്ഷാമമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയോടെ എല്ലാ സാധനങ്ങളും ആവശ്യത്തിന് ലഭ്യമായി തുടങ്ങി. എഎവൈ കാര്‍ഡുടമകളിലെല്ലാവരും കിറ്റ് വാങ്ങാനെത്തിയിട്ടില്ല. ജില്ലയിലെ എല്ലാ കാര്‍ഡുടമകള്‍ക്കുമുള്ള കിറ്റ് വിതരണം 16ന് പൂര്‍ത്തിയാക്കും.
-ടി.അയ്യപ്പദാസ് (ജില്ലാ സപ്ലൈ ഓഫിസര്‍. തൃശൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: