തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഡോളര്‍ കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതീകാത്മക സഭാ സമ്മേളനം നടത്തി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഡോളര്‍ കടത്തില്‍ പങ്കാളിയായെന്ന അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ പി.ടി. തോമസ് ചൂണ്ടിക്കാട്ടി.
ഡോളര്‍ കടത്ത് കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന കേസാണിത്. അതിനാല്‍ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ നോട്ടീസ് പരിഗണിക്കാതെ തള്ളിയ സ്പീക്കര്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്കാന് സാധിക്കില്ലെന്ന് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിച്ചു വരികയാണ്. അതിനാല്‍ വിഷയം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ നിയമസഭ മുമ്പും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കണം. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ലഭിക്കുന്ന അവസരമല്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് സ്വാശ്രയ കേസ്, കൊടക്കര സ്വര്‍ണക്കടത്ത്, ശബരിമല വിഷയം എന്നീ വിഷയങ്ങള്‍ നിയമസഭ നിരവധി തവണ ചര്‍ച്ച ചെയ്തതെന്നും വി.ഡി. സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: