ഡോ. ഗോപകുമാര്‍ ചോലയില്‍
കൊവിഡ് മഹാമാരിക്കൊപ്പം അതിതീവ്രമഴ, ഇടമിന്നല്‍, വെള്ളപ്പൊക്കം, കാട്ടുതീ, ഉരുകുന്ന ചൂട് എന്നിവയെല്ലാം കൂനിന്മേല്‍ കുരുവെന്നപോലെ എത്തിയതോടെ ഇതിനെയെല്ലാം അതിജീവിക്കാന്‍ ലോക രാജ്യങ്ങള്‍ പെടാപ്പാട് പെടുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പു മുതല്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചു തുടങ്ങിയ ആഗോളതാപനമെന്ന പ്രതിഭാസമാണ് അപായ സൂചന നല്‍കി കണ്‍മുന്നിലെത്തിയിരിക്കുന്നത്.
കേരളത്തിലടക്കം ഇതിന്റെ അനുരണനങ്ങള്‍ കണ്ടുകഴിഞ്ഞു. ആധുനിക സാങ്കേതികവിദ്യയും ആവശ്യത്തിലധികം പണവുമുള്ള രാജ്യങ്ങള്‍ പോലും ഇതിനു മുന്നില്‍ മുട്ടുമടക്കുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവ സംബന്ധിച്ച് കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയിലുമായി ജന്മഭൂമി ഇടുക്കി ജില്ലാ ലേഖകന്‍ അനൂപ് ഒ.ആര്‍. നടത്തിയ അഭിമുഖം. തൃശൂര്‍ സ്വദേശിയായ ഗോപകുമാര്‍ കേരള കാര്‍ഷിക സര്‍വകലാശാല കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ സയന്റിഫിക് ഓഫീസറും, കാലാവസ്ഥ കോളമിസ്റ്റുമാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് എട്ട് പുസ്തകള്‍ എഴുതിയിട്ടുണ്ട്.
1. ലോക കാലാവസ്ഥയിലെ മാറ്റങ്ങളുടെ മുഖ്യകാരണം?
വ്യാവസായിക വിപ്ലവത്തിന്റെ കാലം മുതല്‍ ആഗോളതാപനമെന്ന വില്ലന്‍ നമുക്ക് മുമ്പിലുണ്ട്.
ഭൂമിയില്‍ ചൂടിനെ പിടിച്ച് നിര്‍ത്തുന്ന തരം ഹരിതഗൃഹ വാതങ്ങളുടെ ഉത്സര്‍ജ്ജനം വന്‍തോതില്‍ വര്‍ധിച്ചതാണ് ആഗോളതാപനമെന്ന പ്രക്രിയയ്‌ക്ക് ആക്കം കൂട്ടിയത്. കാര്‍ബണ്‍ ഡൈ ഓക്സൈസ്, മീഥൈന്‍, നൈട്രസ് ഓക്സൈഡ്, ജലബാഷ്പം, ഓസോണ്‍ തുടങ്ങി 25ഓളം വാതകങ്ങള്‍(ഐപിസിസിയുടെ പട്ടിക പ്രകാരം) ആണ് ഹരിതഗ്രഹ വാതകങ്ങള്‍. ഇതില്‍ കൂടുതല്‍ പുറംതള്ളപ്പെടുന്നതാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ്. ദീര്‍ഘനാള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നവയും അല്ലാത്തവയുമുണ്ട്. ഇവയുടെ ഒരോന്നിന്റെയും നിലനില്‍പ്പ് സമയവും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വ്യത്യസ്തം.
ഇവയ്‌ക്കെല്ലാം അന്തരീക്ഷത്തിലെത്തിക്കഴിഞ്ഞാല്‍ ഹരിതഗൃഹവാതക പ്രഭാവം സൃഷ്ടിക്കാനാവും. ഭൂമിയില്‍ നിന്നു രാത്രികാലങ്ങളില്‍ പുറത്തേക്ക് പോകുന്ന ദൈര്‍ഘ്യം കൂടിയ വികിരണങ്ങളെ തടഞ്ഞ് നിര്‍ത്തി ഭൂമിയിലേക്ക് തന്നെ തിരിച്ചുവിടുന്ന പ്രക്രിയയാണ് ഹരിതഗൃഹ പ്രഭാവം. ഇത്തരം വാതകങ്ങള്‍ കൂടുമ്പോള്‍ ചൂട് കൂടുന്ന പ്രക്രിയക്ക് അവ ആക്കം കൂട്ടും. ഇവയാണ് ആഗോളതാപനത്തിനും, പിന്നാലെ കാലാവസ്ഥ വ്യതിയാനത്തിനും കാരണമാകുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് ഇതിന് ആക്കം കൂട്ടുന്നത്. ഭൂമിയുടെ ശരാശരി താപനില 15 ഡിഗ്രി സെല്‍ഷ്യസാണ്. നിലവിലിത് 16 ഡിഗ്രി കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ചൂട് കൂടുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത്. ഹരിത ഗ്രഹവാതങ്ങളുടെ വലിയ തോതിലുള്ള പുറന്തള്ളല്‍ ഇതിന് കാരണമാണ് .
ഭൂമിയുണ്ടായ കാലം മുതല്‍ കാലാവസ്ഥയില്‍ പ്രകൃത്യായുള്ള മാറ്റങ്ങളുമുണ്ട്.
1,10,000 വര്‍ഷം മുമ്പാണ് കഴിഞ്ഞ ഹിമയുഗം ഉണ്ടായത്. ഇനി വരാന്‍ പോകുന്നത് ഒരു പക്ഷേ ചൂട് കൂടുന്ന കാലഘട്ടമായേക്കാം. ഇവയെല്ലാം പ്രകൃത്യാ ഉണ്ടാകുന്ന മാറ്റങ്ങളായി വിലയിരുത്താം. അഗ്നിപര്‍വത സ്ഫോടനം, ഭൂമി സ്വന്തം അച്ചുതണ്ടില്‍ സൂര്യനെ ചുറ്റുന്നതിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ളതാണ്. എന്നാല്‍ ഇവയെ എല്ലാം കടത്തിവെട്ടുന്ന തരത്തിലാണ് മനുഷ്യ ഇടപെടല്‍ മൂലമുള്ള ആഗോളതാപനം.
1880കളില്‍ 280 പിപിഎം(പാര്‍ട്ട്സ് പെര്‍ മില്യണ്‍) ആയിരുന്ന അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ഇന്ന് 415 പിപിഎം എന്ന തരത്തിലേക്ക് വര്‍ധിച്ചു. അന്നത്തെ താപനില ആശങ്കയ്‌ക്ക് ഇടനല്‍കിയിരുന്നില്ല. ഇന്ന് 1.2 ഡിഗ്രിയോളം താപനില വര്‍ധിച്ചിട്ടുണ്ട്. രണ്ട് ഡിഗ്രിയിലേക്ക് എത്തിയാല്‍ നമ്മുടെ പഴയ കാലാവസ്ഥയിലേക്ക് എത്താനാകില്ലെന്ന് 2015ലെ പാരീസ് കാലാവസ്ഥ ഉച്ചകോടി വ്യക്തമാക്കിയിരുന്നു. പിന്നാക്ക രാജ്യങ്ങളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
കാനഡയിലും കാലിഫോര്‍ണിയയിലും കാട്ടുതീ, അമേരിക്കയില്‍ വെന്തുരുകുന്ന ചൂട്, തണുപ്പിന്റെ കേന്ദ്രമായ കാനഡയിലെ ലിറ്റണില്‍ 49.6 ഡിഗ്രി വരെ താപനില വര്‍ധന, സൈബീരിയയില്‍ കാട്ടുതീ, ജര്‍മനയില്‍ മിന്നല്‍ പ്രളയം, ചൈന, ബെല്‍ജിയം, നെതര്‍ലന്‍ഡ്, അംഗോള, ഒമാന്‍, ആസ്ട്രേലിയ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം, ആമസോണ്‍ കാടുകള്‍ അഗ്‌നിക്കിരയാകുന്നത്. ഹിമാചല്‍, ഉത്തരാഖണ്ഡ്, കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളപ്പൊക്കം, ഗോവയിലെ അതിതീവ്രമഴ തുടങ്ങി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലോകമെമ്പാടും ഇത്തരം പ്രക്രിയകള്‍ തുടരുകയാണ്.
ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. കാര്‍ബണ്‍ നിര്‍ഗമനം തടയാനുള്ള തീരുമാനം സ്വന്തം വീട്ടില്‍ തുടങ്ങി രാജ്യത്തെമ്പാടും നടപ്പിലാക്കിയാല്‍ മാത്രമേ ലോകത്തെ രക്ഷിക്കാനാകൂ.
ഇന്ന് ലോക രാജ്യങ്ങളെല്ലാം തങ്ങളുടെ വ്യവസായശാലകളെല്ലാം പൂട്ടി കാര്‍ബര്‍ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ പോലും 500 വര്‍ഷം വരെ ഇന്ന് കാണുന്ന തരത്തില്‍ ചൂട് പിടിച്ചുകൊണ്ടിരിക്കും. ഗുരുതരമാണ് സ്ഥിതിവിശേഷം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും കടലിലും കരയിലുമെല്ലാമുള്ള ജൈവ വൈവിധ്യം തകരും.
വനമേഖല, കുടിവെള്ളം, മത്സ്യമേഖല, കാര്‍ഷിക മേഖല, ജൈവസമ്പത്ത് എന്നിവയെല്ലാം നശിക്കാനിടയാകും. പശ്ചിമഘട്ടം വലിയ ഭീഷണിയാണ് നേരിടുന്നത്. 2050ഓടെ ഇന്ന് കാണുന്നതിന്റെ പാതിയായി ജൈവ സമ്പത്ത് കുറയാനും പുഷ്പിക്കുന്ന സസ്യങ്ങള്‍ ഇല്ലാതാകുമെന്നുമാണ് വിലയിരുത്തല്‍. കേരളത്തിലടക്കം ഓരോ വര്‍ഷവും താപനില പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്. ഇത് വരും കാലങ്ങളില്‍ മനുഷ്യജീവിതം ദുസ്സഹമാക്കും.
2. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ അവസ്ഥ?
ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഒരു ഡിഗ്രി ചൂട് കൂടിക്കഴിഞ്ഞു. പകലിനൊപ്പം രാത്രി ചൂടും വര്‍ധിച്ചു. മഴയിലും വലിയ വ്യത്യാസമുണ്ട്. വാര്‍ഷിക മഴയിലും വലിയ കുറവുണ്ട്. കാലവര്‍ഷമഴയിലും കുറവുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ കണക്ക് പരിശോധിക്കുമ്പോള്‍ ഇത് വ്യക്തം.
രാജ്യത്ത് തന്നെ ചൂട് കൂടുന്നതിന്റെ തോത് വര്‍ധിക്കുകയാണ്. രണ്ടാം കൃഷിക്കാലമായ ഒക്ടോബര്‍, നവംബര്‍ സമയമാണിത്. വേനലിലും ചൂട് കൂടുന്നുണ്ടെങ്കിലും ഇതിന്റെ നിരക്ക് കൂടുതല്‍ തുലാമഴക്കാലത്താണ്. ഇതേ രീതിയില്‍ കേരളത്തിലും ചൂട് കൂടുന്നുണ്ട്. വേനല്‍ കാലത്തെക്കാളും ചൂടിലുണ്ടാകുന്ന വര്‍ധന ഈ സമയത്ത് വ്യക്തമാണ്.
സമാനമായി തന്നെ സംസ്ഥാനത്ത് അതിതീവ്രമഴ, ശക്തമായ ഇടി, മിന്നല്‍, ആലിപ്പഴം വീഴ്ച, നിറം മാറിയ മഴ, മേഘവിസ്ഫോടനം പോലുള്ളവ ഏറി വരികയാണ്. 2010ല്‍ ഇടുക്കിയിലും 2018ല്‍ വയനാട്ടിലും അസ്വാഭാവിക ആലിപ്പഴ വീഴ്ചയുണ്ടായി. താപവിസ്ഫോടനം മൂലം തീരദേശ മേഖലയില്‍ 2015 ജൂണില്‍ ചെടികള്‍ കരിഞ്ഞു പോയിരുന്നു. പ്രളയത്തിന് ശേഷം വയനാട് ജില്ലയിലും അടുത്തിടെ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തും ചുവന്ന മഴ പെയ്തു. രണ്ടു വര്‍ഷം മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളങ്കുന്നത്തുകാവ് പരിസരത്ത് മീന്‍മഴ പെയ്തിരുന്നു, കടലില്‍ മാത്രം കണ്ടിരുന്ന നീര്‍ച്ചുഴലികള്‍ ഉള്‍നാടന്‍ ജലാശയങ്ങളില്‍ ഇപ്പോള്‍ കാണപ്പെടുന്നു.
ചൂടുകാലത്തെ സൂര്യാതാപം, സൂര്യാഘാതം, ഉഷ്ണതരംഗം എന്നിവ കൂടി വരുന്നു. 2010ന് ശേഷമാണ് ഇവ കണ്ടുവരുന്നത്. 2016ലാണ് ആദ്യമായി പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണതരംഗം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് വന്‍തോതില്‍ ചൂട് മൂലമുള്ള പ്രശ്നമുണ്ടായി.
മഴക്കാലത്ത് പ്രളയവും വേനലില്‍ കുടിവെള്ളക്ഷാമത്തിലേക്കുമാണ് സംസ്ഥാനം നീങ്ങുന്നത്. 2016ല്‍ സംസ്ഥാനത്ത് സമാനതകളില്ലാത്ത വരള്‍ച്ചയുണ്ടായി. ഇതിന് മുമ്പ് 1982-83 കാലഘട്ടത്തിലാണ് സമാന വരള്‍ച്ചയുണ്ടായത്.
ചെറിയ സമയത്തിനുള്ളില്‍ അതിതീവ്രമഴ, 2018, 2019 കാലത്തെ പ്രളയം, വെള്ളക്കെട്ട്, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവയെല്ലാം നാം ഏറെ പണംമുടക്കി നിര്‍മിച്ചിരിക്കുന്ന പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ക്കുകയാണ്. ഹൈറേഞ്ചിലുണ്ടാകുന്ന ഏതൊരുനാശവും മഴയില്‍ പ്രതിഫലിക്കും. മേഖലയെ നശിപ്പിക്കുന്ന ഏത് പ്രവൃത്തിയും സംസ്ഥാനത്തിന്റെ നിലനി
ല്‍പ്പ് തന്നെ ഇല്ലാതാക്കും. ഇത്തരം നാശനഷ്ടം നികത്താനാവില്ല. തീരദേശം ചൂട് പിടിക്കുന്നതായാണ് കാണുന്നത്. കടല്‍ക്ഷോഭം പോലുള്ളവ കൂടിവരുന്നു. തീരദേശത്ത് നിന്ന് പലായനത്തിന്റെ കാലം അകലെയല്ലെന്നു ശാസ്ത്ര സമൂഹം വിലയിരുത്തുന്നു.
കുട്ടനാട്, വയനാട്, ഇടുക്കി, പാലക്കാട്, തീരദേശം പോലുള്ള മേഖലകള്‍ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ്. മഴയും വെയിലും മണ്ണിടിച്ചിലുമെല്ലാം മാറി മാറി വരുന്നു. എറണാകുളം ജില്ലയിലടക്കം അടുത്തിടെയുണ്ടായ ശക്തമായ മഴയും കാറ്റും ഇടിമിന്നലും പോലുള്ള അസാധാരണ പ്രതിഭാസങ്ങള്‍ കേരളത്തില്‍ കണ്ടു കഴിഞ്ഞു. ഇത്തരത്തില്‍ തീവ്രമായ കാലാവസ്ഥാ വ്യതിയാനം വര്‍ധിച്ച് വരികയാണ്. മലനാട്, ഇടനാട്, തീരദേശം എന്നിവ ഉള്‍പ്പെട്ട വേറിട്ട പ്രകൃതിയുള്ള വലിപ്പം കുറഞ്ഞ മേഖലയാണ് കേരളം. അതീവ പരിസ്ഥിതി ലോല മേഖലകൂടിയായ സംസ്ഥാനത്ത് ഇതിന് തടയിടാന്‍ ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കണം. ഓരോ സ്ഥലത്തും ഇവ പ്രത്യേകം നടപ്പാക്കി കൃത്യമായ മാറ്റം വരുത്തി മുന്നോട്ട് പോകണം. ഇത്തരത്തില്‍ നമ്മുടെ പശ്ചിമഘട്ട മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: