ഫിനിക്സ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഗ്ലോബല്‍ കണ്വന്ഷന് താരത്തിളക്കം നല്കാന് താരകുടുംബം ഒന്നിച്ചെത്തും. നടന് ജയറാം, നടി പര്‍വതി, നടന് കാളിദാസന്, മോഡല്‍ മാളവിക എന്നിവര്‍ അതിഥികളായി കണ്‍വന്‍ഷനിലെത്തും.
2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ് കണ്വന്ഷന്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തി വരുന്ന ആഗോള ഹിന്ദു സംഗമം കോവിഡ് വ്യാപന സാഹചര്യം മുന്‍നിര്‍ത്തി 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെക്കുകയായിരുന്നു .
പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍,സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും
പ്രശസ്ത സാഹിത്യകാരനും ഐഎഎസുകാരനുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്റെ സഹോദരി പുത്രനും മികച്ച മിമിക്രി കലാകാരനായ ജയറാമിനെ 1998 ല്‍ അപരന് എന്ന ചിത്രത്തില്‍ നായകനാക്കി പദ്മരാജനാണ് സിനിമയില്‍ പരിചയപ്പെടുത്തിയത്.തുടക്കത്തില്‍ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകര്‍ഷിച്ചതുമായ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജയറാമിന് കഴിഞ്ഞു.സത്യന് അന്തിക്കാട്, രാജസേനന് തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ധാരാളം ചിത്രങ്ങളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്.ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്.രാജ്യം പത്മശ്രീ നല്കി ആദരിക്കുകയും ചെയ്തു.
ആനപ്രേമിയായ ജയറാമിന് കണ്ണന് എന്ന ആനയുണ്ട്. ചെണ്ട വിദ്വാനായ ജയറാം ക്ഷേത്രങ്ങളില്‍ ചെണ്ടമേളം അവതരിപ്പിച്ചും ശ്രദ്ധനേടിയിട്ടുണ്ട്.
പല സിനിമകളിലും ജോഡിയായിരുന്ന പാര്‍വതിയെ 1992 സെപ്തംബര്‍ 7ന് വിവാഹം ചെയ്തു. കവിയൂര്‍ പൊന്നമ്മയുടെ നാട്ടുകാരിയായ അശ്വതി കുറുപ്പ് ആണ് സിനിമയില്‍ പാര്‍വതി എന്നപേരില്‍ പ്രശസ്തയായത്.1986-ല്‍ ‘വിവാഹിതരെ ഇതിലെ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തി ആറുവര്‍ഷംകൊണ്ട് 60 ലധികം സിനിമകളില്‍ അഭിയയിച്ചു. ജയറാമുമായിട്ടുള്ള വിവാഹത്തിനു ശേഷം ചലച്ചിത്രാഭിനയരംഗത്തു നിന്നും പിന്‍വാങ്ങി. ഇപ്പോള്‍ നൃത്തരംഗത്ത് സജീവമാണ്.
200-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ച ജയറാമിന് ഇതുവരെയും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡോ ദേശീയ അവാര്‍ഡോ ലഭിച്ചിട്ടില്ല. എന്നാല്‍; ജയറാമിന്റെ മകന് കാളിദാസിന് ഈ രണ്ട് അവാര്‍ഡും ലഭിച്ചു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമാണ് സിനിമയിലെത്തിയ കാളിദാസന്. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാര്‍ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും നേടി.
മകള്‍ മാളവികയക്ക് അഭിനയത്തേക്കാളും താല്പര്യം മോഡലിംഗിലാണ്. അടുത്തിടെ അച്ഛനും മകളും ഒരുമിച്ച് അഭിനയിച്ച സ്വര്‍ണ്ണക്കടയുടെ പരസ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കുടുംബസംഗമത്തില്‍ താരകുടുംബം ഒന്നിച്ച് എത്തുന്നു എന്നത് ഇത്തവണത്തെ കണ്‍വന്‍ഷന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: