ന്യൂദല്‍ഹി: വിശാലമായ പൊതുജന താത്പര്യം കണക്കിലെടുത്ത്, വാക്സിന് എടുത്തശേഷവും കോവിഡ് പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതിന്റെ പ്രാധാന്യം വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും ഊന്നിപ്പറയുന്നുവെന്നും അതുകൊണ്ടാണ് ഉള്‍പ്പെടുത്തുന്നതെന്നും കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി കുമാര്‍ കേത്കര്‍ പാര്‍ലമെന്റിലുന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്. കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം അച്ചടിക്കുന്നത് അത്യാവശ്യവും നിര്ബന്ധവുമാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഒപ്പം, ഇതിന് പിന്നിലെ കാരണമെന്തെന്നും ആരാണ് ഇക്കാര്യം നിര്ബന്ധിതമാക്കിയതെന്നുമുള്ള കാര്യവും അദ്ദേഹം ഉന്നയിച്ചിരുന്നു. മഹാമാരിയും അതിന്റെ പരിണാമ സ്വഭാവത്തിന്റെയും പശ്ചാത്തലത്തില്‍ കോവിഡ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള പെരുമാറ്റം രോഗത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും നിര്‍ണായക നടപടികളിലൊന്നായി മാറിയെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ചൂണ്ടിക്കാട്ടി. വാക്സിന് സ്വീകരിച്ചശേഷവും പൊതുജന താത്പര്യം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അവബോധം സൃഷ്ടിക്കാനുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും ഊന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും കാര്യക്ഷമമായ രീതിയില്‍ അത്തരം പ്രധാന സന്ദേശങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് നല്‍കിയെന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്തംകൂടിയാണിതെന്നും ഭാരതി പ്രവീണ്‍ വ്യക്തമാക്കി. കോവിന്‍ പോര്‍ട്ടലിലൂടെ നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പൊതു മാതൃകയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം പാലിക്കുന്നുവെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: