കണ്ണൂര്‍: ആര്‍ടി ഓഫീസില്‍ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ യൂട്യൂബില്‍ വീഡിയോകള്‍ ചെയ്യുന്ന ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്ക്ക് വ്യവസ്ഥകളോടെ ജാമ്യം. ഇരിട്ടി സ്വദേശികളായ എബിന്, ലിബിന് എന്നിവര്‍ക്ക് കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
25000 രൂപയുടെ ബോണ്ടും രണ്ട് ആള് ജാമ്യവും നല്‍കണം. പൊതുമുതല്‍ നശപ്പിച്ചുവെന്നത് കണക്കിലെടുത്താണ് കോടതി 3500 രൂപ വീതം ഇരുവരോടും പിഴയടക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ടി ഓഫീസില്‍ വഴക്കുണ്ടാക്കിയതില്‍ നിന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര്ക്കെതിരെ നടപടി തുടങ്ങിയത്. ഇവരുടെ നെപ്പോളിയന് എന്ന് പേരിട്ട, അനധികൃതമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലര്‍ ഇനത്തില്‍പ്പെട്ട കാരവന് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് പ്രശ്നം.
ഇതിനെ തുടര്‍ന്ന് ഇരുവരും ആര്‍ടി ഓഫീസില്‍ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നു. ഓഫീസിലെ ഉപകരണങ്ങള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്. ഓഫീസില്‍ നിന്നും ഇവര്‍ കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്തതോടെ ഇവരുടെ ആരാധകര്‍ സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപവും തുടങ്ങി. ഇതോടൊപ്പം മറ്റ് വ്ളോഗര്‍മാര്‍ ഉള്‍പ്പെടെ നിരവധി യുവാക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: