കൊല്ലം: നമ്പര്‍പ്ലേറ്റ് മറച്ചു വെച്ച് ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളും മണ്ണും മണലും പാറകളും കടത്തുന്ന ടോറസ് ലോറികളും ഇത്തരത്തില്‍ ട്രാഫിക് ചട്ടങ്ങള്‍ ലംഘിച്ച് കടന്നു പോകുന്നുണ്ട്. അമിതവേഗതയിലും മറ്റും പോകുമ്പോള്‍ അപകടങ്ങള്‍ ഉണ്ടായാല്‍ സിസിടിവി ക്യാമറകളില്‍പ്പെട്ട് പിടികൂടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റുകള്‍ മറയ്‌ക്കുന്നത്.
രാത്രിസമയങ്ങളിലാണ് നമ്പര്‍ പ്ലേറ്റ് മറച്ച് കൂടുതല്‍ വാഹനങ്ങള്‍ നിരത്തുകളിലൂടെ കടന്നുപോവുന്നത്. പല ലോറികളിലും ഗ്രില്ലുകള്‍ താഴ്‌ത്തിവെച്ചാണ് മറയ്‌ക്കുന്നത്. ക്യാമറകളില്‍പ്പെടാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കോട്ടിങ് നടത്തി നമ്പര്‍പ്ലേറ്റ് മങ്ങിയ നിലയിലാക്കുന്നതും പതിവായിട്ടുണ്ട്. കൊവിഡ് ലോക്ഡൗണിനു മുന്‍പ് പോലീസും മേട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പിടികൂടാറുണ്ടായിരുന്നു. ഇവരില്‍നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കിയിരുന്നു. എന്നാല്‍, പിന്നീട് പരിശോധനകള്‍ കുറഞ്ഞതോടെ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നത് കൂടുതലായിരിക്കുകയാണ്. തടിലോറികളും മത്സ്യം കയറ്റിവരുന്ന ലോറികളും ഇതില്‍ ഉള്‍പ്പെടും. രാത്രി വായിക്കാവുന്ന തരത്തില്‍ നമ്പര്‍പ്ലേറ്റുകളില്‍ ലൈറ്റുകള്‍ ഉണ്ടാവണമെന്ന നിബന്ധനയും പാലിക്കുന്നില്ല.
പല ന്യൂ ജെന്‍ ബൈക്കുകളും മോഡിഫിക്കേഷന്‍ ചെയ്ത് നമ്പര്‍ പ്ലേറ്റ് ഇല്ലാതെയാണ് ഓടുന്നത്. ചിലര്‍ നമ്പര്‍ പ്ലേറ്റുകളില്‍ ഡിസൈനിംഗ് നടത്തി രൂപഭേദം വരുത്തുന്നു. മയക്കുമരുന്ന്, കള്ളകടത്ത് ഉള്‍പ്പെടെയുള്ളവയ്‌ക്ക് ന്യൂ ജനറേഷന്‍ ബൈക്കുകള്‍ കൂടുതലും ഉപയോഗിക്കുന്നതായുള്ള പരാതിയും വ്യാപകമാണ്. കള്ളക്കടത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പലതും മോഷ്ടിക്കുന്നതും കള്ളനമ്പര്‍ ഉപയോഗിച്ച് ഒടുന്നതായും പരാതികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: