തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ചെക്കിങ്ങില്‍ പോലീസ് പിഴ ചുമത്തുന്നത് അവരെ ഏല്‍പ്പിച്ച ചുമതലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിനെതിരെ പ്രചാര വേല നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അട്ടപ്പാടിയില്‍ കുടുംബ കലഹമാണ് തര്‍ക്കത്തിലേക്ക് വഴിവെച്ചത്. ക്രമസമാധാനം നിലനിര്‍ത്താനുള്ള സ്വാഭാവിക നടപടി മാത്രമാണ് പോലീസ് സ്വീകരിച്ചത്. ഷോളയൂരിലെ ഊര് മൂപ്പന് ചൊറിയ മൂപ്പനും ബന്ധു കുറുന്താ ചലവും തമ്മില്‍ ആയിരുന്നു തര്‍ക്കം. കുറുന്താചലത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത് ഇരുവരേയും കസ്റ്റഡിയില്‍ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസ് ജനങ്ങള്‍ക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനകീയ സേന എന്ന നിലയിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ദുരന്തങ്ങളില്‍ പോലീസ് നമ്മോടൊപ്പം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പ്രളയം അടക്കം പല സംഭവങ്ങളിലും നമുക്ക് അനുഭവമുണ്ട്.
പോലീസിന്റെ പ്രവര്‍ത്തനത്തെ രാഷ്ട്രീയ നേട്ടത്തിനായി നിസ്സാര വല്‍ക്കരിക്കരുത്. ക്രമസമാധാനം ഏറ്റവും നല്ല രീതിയില്‍ കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. അതില്‍ പോലീസിന് പ്രധാന പങ്കുണ്ട്. നാട്ടില്‍ ക്രമസമാധാനം പുലരാന്‍ ആഗ്രഹിക്കാത്തവരാണ് പോലീസിന് എതിരായ പ്രചാരണത്തിന് പിന്നില്‍. അട്ടപ്പാടിയില്‍ പോലീസിനെ തടയാന്‍ വരെ ശ്രമം ഉണ്ടായെന്നും നിയമസഭയില്‍ നല്കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം അട്ടപ്പാടിയില്‍ നടന്നത് പോലീസ് നരനായാട്ടാണ്. മൂപ്പനേയും മകനേയും ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയതാണെന്ന് എന്‍. ഷംസുദ്ദീന് കുറ്റപ്പെടുത്തി. ഭീകര വാദികളെ പിടിക്കും പോലെ പോലീസ് സംഘമെത്തുകയായിരുന്നു. സിപിഎമ്മുമായി മുരുകന് തെറ്റിയതാണ് കാരണം.സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് നടപടി കൈക്കൊള്ളുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളെ പിടിക്കാന്‍ ഇത്ര ആവേശം പോലീസ് കാട്ടിയിട്ടില്ല. മുടി വെട്ടാനും ചോറ് വാങ്ങാന്‍ പോകുന്നവര്‍ക്കുമെതിരെ രണ്ടായിരം രൂപ പിഴ ചുമത്തുന്നു. കോവിഡ് മറയാക്കി പോലീസ് ജനങ്ങളുടെ മേല്‍ കുതിര കയറുന്നുവെന്നും ഷംസുദ്ദീന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: