ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം ട്വീറ്റില്‍ പങ്കുവെക്കുക വഴി രാഹുല്‍ഗാന്ധി ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്ന വിശദീകരണവുമായി ട്വിറ്റര്‍. രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെ കോണ്‍ഗ്രസ് വെല്ലുവിളിച്ച സാഹചര്യത്തിലായിരുന്നു ട്വിറ്ററിന്റെ ഈ വിശദീകരണം.
നിയമലംഘനം നടത്തിയ ഒരു ട്വീറ്റ് അക്കൗണ്ട് ഉടമ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ആ അക്കൗണ്ട് കമ്പനി സസ്പെന്‍ഡ് ചെയ്യുമെന്നും ട്വിറ്റര്‍ പറഞ്ഞു. രാഹുല്‍ഗാന്ധി പീഡനത്തിനിരയായ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലുള്ള വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ദേശീയ ബാലാവകാശകമ്മീഷന് ട്വിറ്ററിനോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്വിറ്റര്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ ഈ വിവാദ ട്വീറ്റ് ആദ്യം പിന്‍വലിച്ചു. അതിന് ശേഷം താല്‍ക്കാലികമായി രാഹുല്‍ഗാന്ധിയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു.
പീഢനത്തനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ച നിരവധി ട്വീറ്റുകള്‍ നീക്കം ചെയ്തതായും ട്വിറ്റര്‍ അറിയിച്ചു. ഇതുപോലുള്ള ഉള്ളടക്കം പങ്കുവെച്ചാല്‍ ഭാവിയിലും ഇതേ നടപടി സ്വീകരിക്കുമെന്നും ട്വിറ്റര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: