മലപ്പുറം: പാണക്കാട് കുടുംബാംഗത്തിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ചെറിയൊരു അഭിപ്രായ വ്യത്യാസമായി നേതൃത്വം അവതരിപ്പിക്കുമ്പോഴും മുസ്ലിം ലീഗിനുള്ളിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. പാണക്കാട് തങ്ങളെ മുന്നില്‍നിര്‍ത്തി ലീഗിനെ ഭരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വിമതവിഭാഗം പ്രതിഷേധം കടുപ്പിക്കുകയാണ്. മുഈന്‍ അലി തങ്ങളുടെ വിവാദ പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തില്‍ കെ.പി.എ. മജീദിന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.
മുജാഹിദ് വിഭാഗക്കാരനായ കെ.പി.എ. മജീദിന്റെ വളര്‍ച്ചയ്ക്ക് തടയിടുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള സുന്നി വിഭാഗക്കാരാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. കെ.പി.എ. മജീദ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് യോജിച്ചയാളല്ലെന്ന് കുഞ്ഞാലിക്കുട്ടിയും സംഘവും പ്രചരിപ്പിച്ചിരുന്നു. മുമ്പ് ഒന്നിലേറെ തവണ ലോക്സഭയിലേക്കും നിയമസഭയിലേക്കും മജീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും സംഘവുമാണെന്ന ആരോപണം അന്ന് മുതല്‍ ശക്തമാണ്. ഇത്തവണ തിരൂരങ്ങാടിയില്‍ കെ.പി.എ. മജീദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം മുതല്‍ ചുക്കാന്‍ പിടിച്ചത് മുജാഹിദുകാരാണ്. മജീദ് വിജയിച്ചതോടെ കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ഒന്നടങ്കം മജീദിനൊപ്പം ചേര്‍ന്നു. ഈ ചേരിതിരിവാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ പ്രകടമായത്. അധികാരമോഹിയായ കുഞ്ഞാലിക്കുട്ടിയെ ഒതുക്കാന്‍ തക്കംപാര്‍ത്തിരുന്ന യുവനേതാക്കള്‍ കൂടി ചേര്‍ന്നതോടെ വിരുദ്ധപക്ഷം കൂടുതല്‍ ശക്തരായി.
നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ചത് കെ.പി.എ. മജീദായിരുന്നു. പി.എം.എ. സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചത്. പ്രതിഷേധം ശക്തമായതോടെ എംഎല്‍എ സ്ഥാനവും പാര്‍ട്ടി പദവിയും ഒഴിയുമെന്ന് യോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കി. മുഈനലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുഈന്‍ അലിക്ക് പാണക്കാട് കുടുംബം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതോടെ കുഞ്ഞാലിക്കുട്ടി പിടിവാശി ഉപേക്ഷിച്ചു. ലീഗിന്റെ പതിവ് രീതി പോലെ അവസാന തീരുമാനം പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് വിട്ട് യോഗം പിരിഞ്ഞെങ്കിലും ഇരുപക്ഷവും അവകാശവാദങ്ങള്‍ തുടരുകയാണ്.
ഖേദപ്രകടനം നടത്തണമെന്നതടക്കമുള്ള ഉപാധികള്‍ അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടിയില്‍ നിന്ന് മുഈനലി തങ്ങളെ ഒഴിവാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ മുഈനലിയെ അനുകൂലിക്കുന്ന കെ.പി.എ. മജീദ് പക്ഷം ഇത് തള്ളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: