കൊല്ലം: കൊവിഡ് വാക്സിന് സ്ലോട്ട് ലഭിക്കാന്‍ കൊല്ലം കോര്‍പ്പറേഷനില്‍ രാപ്പകല്‍ ഭേദമില്ലാതെ ജനങ്ങള്‍ കാത്തിരിക്കുമ്പോള്‍, സര്‍ക്കാര്‍ സൗജന്യ വാക്സിന് പള്ളി വക പാരിഷ്ഹാളില്‍. ശക്തികുളങ്ങര കാവനാട് മുക്കാട് ഹോളിഫാമിലി പള്ളി പാരിഷ് ഹാളിലാണ് ശനിയാഴ്ച സൗജന്യ വാക്സിനേഷന് ക്യാമ്പ് നടത്തിയത്. അജപാലക സമിതിയുടെയും ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് വാക്സിനേഷന് എന്നായിരുന്നു പള്ളി കേന്ദ്രീകരിച്ചുള്ള വാട്സ് ആപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നത്. പള്ളി വഴി രജിസ്റ്റര്‍ ചെയ്ത 500 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നല്കിയ അറിയിപ്പില്‍ വാക്സിന് പൂര്‍ണമായും സൗജന്യമാണെന്നും പാരിഷ്ഹാള്‍ വൃത്തിയാക്കുന്നതും വാക്സിന് എടുക്കാന്‍ എത്തുന്ന ഡോക്ടര്‍, നേഴ്സ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം എന്നിവ മാത്രമാണ് പള്ളിക്ക് ചെലവെന്നും കാണിച്ചിരുന്നു. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആധാറുമായി എത്തണമെന്നും സംശയമുണ്ടെങ്കില്‍ വിളിക്കാന്‍ പള്ളി ഭാരവാഹിയുടെ നമ്പരും നല്‍കിയിരുന്നു. സ്പോട്ട് രജിസ്ട്രേഷനും ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് ചട്ടങ്ങള്‍ മറികടന്ന് പാരിഷ്ഹാളില്‍ സൗജന്യ വാക്സിനേഷന് നല്‍കിയതെന്നാണ് ആക്ഷേപം.
വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇവിടെയെല്ലാം സ്വകാര്യ ആശുപത്രികളുമായി ചേര്‍ന്ന് പെയ്ഡ് വാക്സിനാണ് നല്‍കുന്നത്. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷനുള്ള സ്ലോട്ട് ലഭിക്കാനായി ജനങ്ങള്‍ മാസങ്ങളായി കാത്തിരിക്കുമ്പോള്‍ യാതൊരു മാനദണ്ഡങ്ങളം പാലിക്കാതെ പള്ളി കേന്ദ്രീകരിച്ച് സൗജന്യ വാക്സിനേഷന് നടത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പാരിഷ്ഹാളില്‍ വാക്സിനേഷന് നടത്തിയതിനെതിരെ രാഷ്ട്രീയ ഭേദമന്യേ കൊല്ലം കോര്‍പ്പറേഷനിലെ മെമ്പര്‍മാര്‍ ശക്തികുളങ്ങര മെഡിക്കല്‍ ഓഫീസറെ പ്രതിഷേധം അറിയിച്ചു. എന്നാല്‍, ഡിഎംഒയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വാക്സിനേഷന് നടത്തിയതെന്നാണ് മെഡിക്കല്‍ ഓഫീസറുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: