ആലപ്പുഴ: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വര്‍ഷത്തില്‍ പഴയ വിവാദങ്ങളും, തന്റെ നേട്ടങ്ങളും കുത്തിപ്പൊക്കി മുന്‍മന്ത്രി തോമസ് ഐസക്ക്. പാര്‍ട്ടിയിലെ ഒരു വിഭാഗം ജനകീയാസൂത്രണ പ്രസ്ഥാനത്തെ സംശയത്തോടെ കണ്ടതും, അതിനെ അതിജീവിച്ച് പദ്ധതി നടപ്പാക്കിയതും സമൂഹമാധ്യമ ക്യാമ്പയിനിലൂടെ തുറന്നുകാട്ടുകയാണ് ഐസക്ക്. പാര്‍ട്ടിയെയും, സര്‍ക്കാരിനെയും മറികടന്നുള്ള ഐസക്കിന്റെ മേനിപറച്ചിലിന് പിന്നില്‍ ലക്ഷ്യങ്ങള്‍ പലതാണെന്നാണ് വിമര്‍ശനം.
സിപിഎമ്മിലെ വിഎസ് പക്ഷമായിരുന്നു പൊതുവെ ജനകീയാസൂത്രണത്തിലെ കാണാചരടുകള്ക്കെതിരേ രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ഇഎംഎസിന് ശേഷം അച്യൂതാനന്ദന് പദ്ധതിക്ക് നല്കിയ നേതൃത്വത്തെയും ഐസക്ക് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
…ആ പ്രസ്ഥാനത്തിനു ചുക്കാന്‍ പിടിച്ച സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം എന്ന നിലയില്‍ ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തിയും അഭിമാനവും മനസ്സു നിറയ്ക്കുന്നു… എന്നാല്‍ എല്ലാം പൂര്‍ത്തിയാകും മുമ്പ് ജനകീയാസൂത്രണ പ്രസ്ഥാനം അവസാനിപ്പിക്കേണ്ടിവന്നു. അധികാര വികേന്ദ്രീകരണത്തെ യുഡിഎഫ് പൊളിച്ചില്ലെങ്കിലും ജനകീയാസൂത്രണം വേണ്ടെന്നുവച്ചു. ജനകീയാസൂത്രണത്തിനു പകരം കേരള വികസന പദ്ധതി കൊണ്ടുവന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ജനകീയാസൂത്രണ പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കാന്‍ ഒരു ശ്രമം നടത്തി. പ്രതീക്ഷിച്ചതു പോലെ നീങ്ങിയില്ല. പാലു പിരിഞ്ഞുപോയാല്‍ തിരിച്ചു പാലാക്കാന്‍ ആവില്ലല്ലോ ഐസക്ക് പറയുന്നു
എന്താടോ ഈ കേള്‍ക്കുന്നത്? ‘ആരാടോ ഫ്രാങ്കി?’ ‘താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?’ ചോദ്യങ്ങള്‍ സഖാവ് നായനാരുടെതായിരുന്നു. ജനകീയാസൂത്രണ വിവാദം കത്തി നില്ക്കുന്ന കാലം. ചാരനെന്നും രാജ്യദ്രോഹിയെന്നുമൊക്കെയുള്ള ആരോപണങ്ങളുന്നയിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ വ്യക്തിപരമായി വേട്ടയാടിയ സമയം. അദ്ദേഹം എന്നെ എകെജി സെന്ററിലേക്കു വിളിപ്പിച്ചു. വിവാദത്തിന്റെ എല്ലാ വശങ്ങളും കേട്ടു. ആവര്‍ത്തിച്ചു വിശദീകരിച്ച് സംശയങ്ങള്‍ ദുരീകരിച്ചു. ആ രണ്ടു മണിക്കൂര്‍ കൊണ്ട് അദ്ദേഹം എന്നില്‍ നിറച്ച ആത്മവിശ്വാസവും ധൈര്യവും ഇന്നും പുളകത്തോടു കൂടിയേ ഓര്‍ക്കാനാവൂ. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ മാധ്യമങ്ങള്‍ പടര്‍ത്തിയ അപവാദ വാര്‍ത്തകള്‍ക്കു കഴിഞ്ഞില്ല.
ഇഎംഎസിനു ശേഷം ജനകീയാസൂത്രണ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനായി ആര്? സഖാവ് മരണമടയുമ്പോള്‍ ജനകീയാസൂത്രണം ഒന്നര വര്‍ഷം പിന്നിട്ടിരുന്നു. പ്രസ്ഥാനം വലിയ വെല്ലുവിളി നേരിടുകയായിരുന്നു… നിര്‍വഹണത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനു പുതിയ അധ്യക്ഷന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച് പ്രോത്സാഹനം നല്‍കണം. ഈയൊരു ഘട്ടത്തിലാണ് വി.എസ്. അച്യുതാനന്ദന് നേതൃത്വം ഏറ്റെടുക്കുന്നത്. വിഎസ് 200-250 തദ്ദേശഭരണ സ്ഥാപനങ്ങളെങ്കിലും ഇപ്രകാരം സന്ദര്‍ശിച്ചെന്നും ഐസക്ക് പറയുന്നു.
അക്കാലയളവില്‍ പദ്ധതിയെ പാര്‍ട്ടിക്കുള്ളിലും പുറത്തും എതിര്‍ത്തവര്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് ക്യാമ്പയിനെങ്കിലും ഇഎംഎസ്, നായനാര്‍, പാലൊളി മുഹമ്മദ്കുട്ടി തുടങ്ങിയവരുടെ പട്ടികയില്‍ തന്റെ സ്ഥാനവും പാര്‍ട്ടിയെയും അണികളെയും ഐസക്ക് ഓര്‍മ്മിപ്പിക്കുകയാണ്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: