Categories: Kerala

ക്രിസ്ത്യന്‍, മുസ്ലിം വിഭാഗത്തിനും മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കണം; സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കി സാമുദായിക സംഘടനകള്‍

Published by

തിരുവനന്തപുരം: ഹിന്ദുമതത്തില്‍ മിശ്രവിവാഹത്തിലേര്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളിലെ അവാന്തര വിഭാഗങ്ങളില്‍പ്പെട്ടവരുടെ വിവാഹത്തിനും ലഭ്യമാക്കാന്‍ കരുനീക്കം. ഇതിനായി സാമുദായിക സംഘടനകള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി തുടങ്ങി. നിലവിലെ സര്‍ക്കാര്‍ ഉത്തരവുകളും ഹൈക്കോടതി വിധിയും കാറ്റില്‍പ്പറത്തിയാണ് തൊഴില്‍, വിദ്യാഭ്യാസം, സ്ഥലംമാറ്റം തുടങ്ങിയ മേഖലകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റ്  കരസ്ഥമാക്കി നേടിയെടുക്കാന്‍ ശ്രമിക്കുന്നത്.

 1976 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നടക്കുന്ന നിയമനത്തില്‍ മിശ്രവിവാഹിതര്‍ക്കോ അവരുടെ മക്കള്‍ക്കോ മുന്‍ഗണന ലഭിക്കണമെങ്കില്‍ ഉദ്യോഗാര്‍ഥിയുടെ അച്ഛനോ അമ്മയോ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണമെന്ന് എടുത്തു പറയുന്നു. ഹിന്ദുമതത്തില്‍ സാമുദായിക ആചാരം അനുവദിക്കാത്ത വിവാഹങ്ങള്‍ മാത്രമേ മിശ്രവിവാഹത്തില്‍പ്പെടൂ. അന്നത്തെ കാലത്ത് നായര്‍, നമ്പൂതിരി വിവാഹങ്ങള്‍ ഒരു സമൂഹത്തിലെ സാമുദായിക ആചാരപ്രകാരം അനുവദിക്കപ്പെട്ടവയായതിനാല്‍ അത്തരം വിവാഹങ്ങള്‍ മിശ്രവിവാഹത്തില്‍പ്പെടില്ലെന്നും വ്യക്തമാക്കിയിരുന്നു. 1978ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ കാര്യങ്ങളിലും മാതാപിതാക്കളില്‍ ഒരാള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളാവണമെന്ന് വ്യക്തമായി നിഷ്‌കര്‍ഷിച്ചിരുന്നു.  

   ഹിന്ദുമതത്തില്‍ വ്യവസ്ഥകള്‍ക്കനുസൃതമായി ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളിലെ അവാന്തര വിഭാഗങ്ങളിലെ വിവാഹങ്ങള്‍ക്ക് ആനുകൂല്യം നേടിയെടുക്കാനുള്ള നീക്കത്തിന് തിരിച്ചടിയായത് 2009ലെ ഹൈക്കോടതിയുടെ ഉത്തരവാണ്. തൃശ്ശൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന സിറിയന്‍ ക്രിസ്ത്യാനിയായ സ്ത്രീയും ആംഗ്ലോ ഇന്ത്യന്‍ ക്രിസ്ത്യാനിയായ ഭര്‍ത്താവും മിശ്രവിവാഹത്തിന്റെ ആനുകൂല്യത്തില്‍ ഒരേ സ്ഥലത്ത് ജോലിചെയ്യാനുള്ള അവകാശം തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയുണ്ടായി. ദേവന്‍ രാമചന്ദ്രനായിരുന്നു അമിക്കസ് ക്യൂറി. അദ്ദേഹത്തിന്റെ കണ്ടെത്തലുകളുടെ കൂടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജി വി. ഗിരി ദമ്പതികളുടെ മിശ്രവിവാഹ വാദത്തെ തള്ളുകയായിരുന്നു. ക്രിസ്ത്യന്‍ മതത്തിനു കീഴില്‍ ഒരേ ആചാരങ്ങള്‍ പിന്തുടരുന്നവര്‍ തമ്മിലുള്ള വിവാഹങ്ങള്‍ മിശ്രവിവാഹത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്നു കോടതി വ്യക്തമാക്കുകയായിരുന്നു.  

  ഈ കോടതി വിധി നിലനില്‍ക്കെയാണ് ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ അനര്‍ഹമായി വില്ലേജ് ഓഫീസുകളില്‍ നിന്ന് മിശ്രവിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാന്‍ ശ്രമിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന വില്ലേജ് ഓഫീസ് മാന്വവലിലും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രാഷ്‌ട്രീയസാഹചര്യം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് കൊണ്ടുവന്ന് ഇത് മറികടക്കാനാണ്  ചില സഭകളും സംഘടനകളും പരിശ്രമിക്കുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by