നമ്മുടെ ജനാധിപത്യത്തിന്റെ ശ്രീകോവിലിന് എന്താണ് സംഭവിച്ചത്? അത് ഇന്ത്യന്‍ ജനാധിപത്യത്തെ എത്രമാത്രം അപകടത്തിലാക്കുന്നു? സര്‍ക്കാരിനോടുള്ള ഭിന്നത പറഞ്ഞുതീര്‍ക്കാനുള്ള വേദിയായി പാര്‍ലമെന്റ് മാറേണ്ടതല്ലേ? അതിനുപകരം പ്രസക്തിയില്ലാത്ത വിഷയങ്ങളുയര്‍ത്തി നിയമനിര്‍മ്മാണസഭയെ ബന്ദിയാക്കുന്നത് മര്യാദയാണോ? ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധമായ എന്തെങ്കിലും താല്പര്യങ്ങള് ഒളിഞ്ഞിരിക്കുന്നുണ്ടോ? ഇതൊക്കെ ഒരു സാധാരണ ഇന്ത്യക്കാരന്റെ ആശങ്കകളും സംശയങ്ങളുമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ കാണുന്നതും കേള്‍ക്കുന്നതുമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതമാക്കിയത്.
ഇതാദ്യമായല്ല ഇന്ത്യയില്‍ പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത്. എന്നാല്‍ ഒരു വ്യത്യാസം, പ്രത്യേകിച്ച് ഒരു വിഷയവുമില്ലാതെ കോണ്‍ഗ്രസും കമ്മ്യുണിസ്റ്റുകാരും അവരുടെ കൂട്ടാളികളും ‘കലാപ’-ത്തിന് ഇറങ്ങിപ്പുറപ്പെടുന്നു എന്നതാണ്. 2014 -ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ അവര്‍ സ്വീകരിച്ച തന്ത്രമിതാണ്. അതായത് തങ്ങള്‍ അല്ലാതെ മറ്റാരും ഭരിക്കണ്ട എന്ന ചിന്തയുമായി കോണ്‍ഗ്രസുകാര്‍ ഇറങ്ങിപ്പുറപ്പെട്ടു. ഒരു കാരണവശാലും പാര്‍ലമെന്റ് നടന്നുപോകരുത്, നിയമനിര്‍മ്മാണങ്ങള്‍ തടസപ്പെടണം, പരിഷ്കാരങ്ങള്‍, വികസന പദ്ധതികള്‍ ഒക്കെയും മുടങ്ങണം. ഭരണം നഷ്ടപ്പെട്ടതിന്റെ തീരാദു:ഖം ഒരു കൂട്ടര് ഇങ്ങനെ തീര്‍ക്കുവാന്‍ തുടങ്ങിയാലോ? ലോകസഭയില്‍ വലിയ ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നതിനാല് പ്രതിപക്ഷത്തിന് പരിമിതികളുണ്ടായിരുന്നു. ഒച്ചപ്പാടും നടുത്തളത്തില്‍ ഇറങ്ങലും വിളിച്ചുകൂവലും പ്ലക്കാര്‍ഡ് പിടിക്കലുമൊക്കെ നടന്നിരുന്നു. എന്നാലും, വിഷമിച്ചാണെങ്കിലും സഭയില്‍ കാര്യങ്ങള്‍ നടന്നുപോന്നു. പക്ഷെ രാജ്യസഭയില്‍ അവര്‍ അക്ഷരാര്‍ഥത്തില്‍ അവര്‍ തടസമുണ്ടാക്കി. അന്ന് രാജ്യസഭയില്‍ എന്‍ഡിഎക്ക് വലിയ ശക്തിയില്ലായിരുന്നു.കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും കൂടിയാല്‍ മേല്‍ക്കൈ ഉണ്ടായിരുന്നുതാനും. മാത്രമല്ല അന്നത്തെ രാജ്യസഭാ ചെയര്മാന്, ഹമീദ് അന്‍സാരിയുടെ നിലപാടുകള്‍ ഒരിക്കലും മോഡി സര്‍ക്കാരിന് സഹായകരമായിരുന്നില്ല. അതിനേക്കാള്‍ എത്രയോ ഭേദമായിരുന്നു വൈസ് ചെയര്മാന് പിജെ കുര്യന്റേത്. ഇവിടെ ഓര്‍ക്കേണ്ടത്, പൊതു തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ഒരു മുന്നണി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കക്ഷിയെ രാജ്യസഭയിലെ സാങ്കേതിക ഭൂരിപക്ഷമുപയോഗിച്ച് പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്നതാണ്. അതിനപ്പുറം, അവര്‍ ലക്ഷ്യമിട്ടത് രാജ്യത്തിന്റെ വികസന- സാമൂഹ്യക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുക എന്നതും.
വാജ്പേയി ഉണ്ടാക്കിയ സമവായം
ഇപ്പോഴത്തെ അവസ്ഥക്ക് സമാനമാണ് വാജ്പേയി സര്‍ക്കാരിന്റെ കാലത്തുമുണ്ടായിരുന്നത്. അന്ന് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരു സര്‍വകക്ഷി സമ്മേളനം പാര്‍ലമെന്റില്‍ വെച്ചുതന്നെ ചേര്‍ന്നു. ‘എന്താണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം’ എന്നതായിരുന്നു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്തത്. സോണിയ, മന്മോഹന് സിങ്, പ്രണബ് മുഖര്‍ജി, ചന്ദ്രശേഖര്‍, മമത ബാനര്‍ജി, സോമനാഥ ചാറ്റര്‍ജി തുടങ്ങിയ പ്രമുഖരൊക്കെ അന്ന് പ്രതിപക്ഷ ബെഞ്ചിലുണ്ട്. പാര്‍ലമെന്റ് സ്തംഭനമൊഴിവാക്കാന്‍ എന്താണ് വേണ്ടതെന്ന് പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി തേടിയ അനുഭവം ഇതുപോലെ വേറെയുണ്ടായിരിക്കില്ല.
ആ സമ്മേളനത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടന്നു. എംപി -മാരുടെ നിലവാരം മാറുന്നത്, എം. പിമാരുടെ സംസ്കാരത്തിലുണ്ടായ മാറ്റം ഒക്കെയും വിലയിരുത്തപ്പെട്ടു എന്നതാണ് പ്രധാനം. നാല് കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എംപിമാര്‍ക്ക് പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ സമയം പോരാതെ വരുന്നു. സര്‍ക്കാര്‍ പക്ഷത്തുനിന്ന് ഉണ്ടാവുന്ന ‘നിഷേധാത്മക’ നിലപാടുകള്‍; അച്ചടക്കം പാലിക്കേണ്ടത് സംബന്ധിച്ച് രാഷ്ട്രീയകക്ഷികള്‍ അംഗങ്ങള്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശം കൊടുക്കുന്നില്ല; കുഴപ്പമുണ്ടാക്കുന്ന എംപിമാര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി വേഗത്തില്‍ ഉണ്ടാവുന്നില്ല. എല്ലാവരും ഇക്കാര്യത്തില്‍ ഏറെക്കുറെ ഏകാഭിപ്രായക്കാരായിരുന്നു താനും. പാര്‍ലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങള്‍ വര്‍ധിപ്പിക്കുക എന്ന നിര്‍ദ്ദേശവുമുയര്‍ന്നു. പാര്‍ലമെന്റ് സമ്മേളനം കഴിയുന്നത്ര ദിവസം നടത്താന്‍ അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊന്നും അന്നും നടപ്പിലായില്ല. അന്ന് അടല്‍ജിക്ക് അങ്ങനെയെങ്കിലും പ്രതിപക്ഷത്തെ കൊണ്ട് ചിന്തിപ്പിക്കാനായി എന്നതാണ് പറയാനാവുന്ന കാര്യം. പാര്‍ലമെന്റിലെയും നിയമസഭകളിലെയും തങ്ങളുടെ പാര്‍ട്ടിയുടെ നേതാക്കളുടെ യോഗം വിളിച്ച്, അത്രക്ക് ഗൗരവതരമായ സ്ഥിതിയുണ്ടായില്ലെങ്കില്‍, സഭയുടെ നടുത്തളത്തിലിറങ്ങിക്കൂടാ എന്ന് നിര്‍ദ്ദേശം നല്‍കിയത് 1980 -കളിലാണ്, വാജ്പേയി ആയിരുന്നു അന്ന് അതിന് മുന്‍കൈയെടുത്തത്.
മുന്‍ അനുഭവം വേറെ
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പാര്‍ലമെന്റില്‍ എത്രമാത്രം ഗൗരവതരമായ ചര്‍ച്ചകളാണ് നടന്നിരുന്നത്; പ്രതിപക്ഷം അത്രയൊന്നും ശക്തമായിരുന്നില്ലെങ്കിലും ശ്യാമപ്രസാദ് മുഖര്‍ജിയെപ്പോലുള്ളവര്‍ പറയുന്നത് സശ്രദ്ധം ശ്രവിക്കാന്‍ നെഹ്രുവിനെപ്പോലുള്ളവര് തയ്യാറായിരുന്നു. മന്ത്രിമാര്‍ സംസാരിക്കുമ്പോള്‍ അനാവശ്യമായി തടസപ്പെടുത്താറില്ലായിരുന്നു. അക്കാലത്ത് സഭ വല്ലാതെ ഇളകിമറിഞ്ഞത് 1952 -ലാണ്; സര്‍ക്കാര്‍ കൊണ്ടുവന്ന കരുതല്‍ തടങ്കല്‍ നിയമത്തെച്ചൊല്ലി. ഔദ്യോഗിക ഭാഷ ബില്ലിന്റെ വേളയിലും രൂക്ഷമായ ഭിന്നതകള്‍ ഉടലെടുത്തിരുന്നു; അത് 1963- 64 കാലത്താണ്.
1977 -ല്‍ ജനത സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 29 – 30 എംപിമാരേ രാജ്യസഭയില്‍ ഭരണ പക്ഷത്തുണ്ടായിരുന്നുള്ളു. ഇന്ദിര ഗാന്ധി തോറ്റ തിരഞ്ഞെടുപ്പായിരുന്നല്ലോ അത്. പക്ഷെ, അന്ന് മൊറാര്‍ജി ദേശായ് സര്‍ക്കാരുമായി സഹകരിക്കാന്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു. എല്‍കെ അദ്വാനിയെയാണ് അന്ന് ജനത പാര്‍ട്ടി രാജ്യസഭയിലെ നേതാവായി നിശ്ചയിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമലാപതി ത്രിപാഠിയായിരുന്നു അന്ന് ഉപരിസഭയില്‍ പ്രതിപക്ഷ നേതാവ്.
ഏതൊരു ബില്ല് പാസ്സാക്കുന്ന കാര്യത്തിലും അദ്ദേഹം സര്‍ക്കാരുമായി സഹകരിക്കുമായിരുന്നു. ലോകസഭയില്‍ ഭൂരിപക്ഷം നേടിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ധാര്‍മ്മികതയല്ല എന്നതായിരുന്നു നമ്മുടെ ജനാധിപത്യ സങ്കല്പം. ജനത സര്‍ക്കാര്‍ പോയി കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ സമാനമായ പിന്തുണ സര്‍ക്കാരിന് ജനതാ പാര്‍ട്ടിയും നല്കി.
വാജ്പേയി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുമ്പോള്‍ ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് തുടങ്ങിയതാണ് ഈ ‘വഴിമുടക്കി രാഷ്ട്രീയം’. ഏതിനുമെന്തിനും സഭ തടസപ്പെടുത്തുന്ന ശൈലി പാര്‍ട്ടി പരിപാടിയായി അവര്‍ സ്വീകരിച്ചതും ഇക്കാലത്താണ്. ബിജെപി പ്രതിപക്ഷത്തുണ്ടായിരുന്നപ്പോള്‍ സഭ തടസപ്പെടുത്തിയിട്ടില്ലേ എന്ന് ചോദിച്ചേക്കാം. ശരിയാണ്, അതുണ്ടായിട്ടുണ്ട്. പക്ഷെ, അത്രക്ക് ഗുരുതരമായ പ്രശ്നങ്ങളില്‍ മാത്രമാണ് നടുത്തളത്തിലിറങ്ങാനും മറ്റും തയ്യാറായത് എന്നത് ചരിത്രം. ഉദാഹരണമായി
2 ജി തട്ടിപ്പിന്റെ കാലഘട്ടം ഓര്‍ക്കുക; രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് ബോഫോഴ്സ് കോഴ വിവാദമുണ്ടായപ്പോള്‍ പ്രതിപക്ഷത്തെ മുഴുവന്‍ എംപിമാരും രാജിവെച്ചു പോകുകയാണുണ്ടായത്. 2 ജി, കല്‍ക്കരി തട്ടിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തട്ടിപ്പ് ഒക്കെ ബിജെപി ഉയര്‍ത്തിയത് സിഎജി റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാണ് എന്നതുമോര്‍ക്കുക.
എന്നാല്‍ ഇപ്പോള്‍ ആരോ എവിടെയോ പറഞ്ഞുകേട്ടു എന്ന് പറഞ്ഞല്ലേ പ്രതിപക്ഷം ലഹളക്കൊരുങ്ങിയത്? എന്ത് തെളിവാണിവരുടെ പക്കലുള്ളത്; യാതൊന്നുമില്ല. എന്നിട്ടും എന്തും ചര്‍ച്ച ചെയ്യാം എന്ന് സര്‍ക്കാര്‍ ഇരു സഭകളിലും വ്യക്തമാക്കി. അതിന് പ്രതിപക്ഷം നിയമാനുസൃതം നോട്ടീസ് നല്കിയാല് സര്‍ക്കാര്‍ പിന്തുണക്കാം.
ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടേണ്ട അവസ്ഥയൊന്നും ഇന്നിപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനില്ല. പക്ഷെ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നതിന് പകരം സഭ സമ്മേളിച്ചയുടനെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്നു. യഥാര്‍ഥത്തില്‍ ഇവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയാണ് ബന്ദിയാക്കുന്നത്, രാജ്യത്തെയാണ് അപമാനിക്കുന്നത്. പിന്നീട് അവര്‍ കോടതിയില്‍ പോയി. കോടതി മുമ്പാകെയിരിക്കുന്ന ഒരു വിഷയവും ചര്‍ച്ചചെയ്തുകൂടാ എന്നത് നമ്മുടെ പാര്‍ലമെന്ററി കീഴ്വഴക്കമാണ്.
യഥാര്‍ത്ഥത്തില്‍ മാറേണ്ടത് പ്രതിപക്ഷത്തിന്റെ മനോഭാവമാണ്, രാഷ്ട്രത്തോടുള്ള പ്രതിബദ്ധത അവര്‍ക്ക് പ്രകടിപ്പിക്കാനാവണം. ഇന്ത്യ പുരോഗമിക്കുന്നതിനെതിരെ നിലപാടെടുക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ തയ്യാറായാലോ?.
ശത്രുരാജ്യവുമായി എംഒയു ഒപ്പുവെച്ച, ശത്രു രാജ്യത്തിന്റെ താല്പര്യങ്ങള്ക്കൊപ്പം നിലകൊള്ളുന്ന കക്ഷികള്‍ ഉണ്ടാവുമ്പോള്‍ എന്താണ് നമുക്ക് പറയാനാവുക. എന്നിട്ടും നിയമങ്ങള്‍ പാസ്സാക്കിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നു എന്നത് മറന്നുകൂടാ. ഈ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ പതിനഞ്ച് ദിവസം 14 ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; അവയില്‍ പത്തെണ്ണം ലോകസഭയും ഒന്‍പതെണ്ണം രാജ്യസഭയും പാസാക്കി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കോലാഹലങ്ങള്‍ക്കിടയിലും നിയമനിര്‍മ്മാണം സഭകളില്‍ നടക്കുന്നു.
പിന്നെ പാര്‍ലമെന്റ് സ്തംഭിപ്പിച്ചു എന്ന് പറയുന്നതിലെ യുക്തി ബോധ്യപ്പെടുമല്ലോ. എന്നാല്‍ രാജ്യത്തെ ബന്ദിയാക്കുന്ന ശൈലി പ്രതിപക്ഷം സ്വീകരിച്ചു വരുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: