കൊല്ലം: കെഎസ്ആര്‍ടിസിയുടെ സ്വകാര്യവത്കരണത്തിന്റെ തുടക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാമവണ്ടികളെന്ന് ആക്ഷേപം. തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ വിട്ടു നല്‍കുമെന്നാണ് പ്രഖ്യാപനം. ഇന്ധനചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം. ഡ്രൈവറുടേയും കണ്ടക്ടറുടേയും ശമ്പളം, ബസ്സുകളുടെ അറ്റകുറ്റപണി, ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ ചെലവ് കെഎസ്ആര്‍ടിസി വഹിക്കും.
ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹകരിച്ച് പദ്ധതിയില്‍ അണിചേരാം. കൂടുതല്‍ മിനിബസ്സുകള് വേണ്ടിവന്നാല്‍ സ്വകാര്യ ബസ്സുകളുമായി കരാറിലേര്‍പ്പെടുമെന്നുള്ള മന്ത്രിയുടെ പ്രഖ്യാപനത്തില്‍ വലിയ ഗൂഢാലോചന ഒളിച്ചിരിപ്പുണ്ടെന്നാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ആരോപിക്കുന്നത്.
ഗ്രാമ പഞ്ചായത്ത്-941, ജില്ലാ പഞ്ചായത്ത്-14, ബ്ലോക്ക് പഞ്ചായത്ത്-152, നഗരസഭ-87, കോര്പ്പറേഷന്-6 ആണ് സംസ്ഥാനത്തുള്ളത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഒരു ബസ്സ് വച്ച് നിശ്ചയിച്ചാല്‍ പോലും 1200 ബസ്സുകള്‍ ആവശ്യമായി വരും. ഗ്രാമീണ റോഡുകളില്‍ കൂടിയുള്ള സര്‍വീസിന് മിനി ബസ്സുകളാകും കൂടുതലായി ഉപയോഗിക്കേണ്ടി വരിക.
കെഎസ്ആര്‍ടിസിയുടെ പക്കല്‍ വളരെ കുറച്ച് മിനിബസ്സുകള് മാത്രമാണുള്ളത്. പൊളിക്കുന്ന മൂവായിരത്തോളം ബസ്സുകളില്‍ മിനിബസ്സുകളും ഉള്‍പ്പെടുന്നു. അതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസിയുടെ പക്കല്‍ ബസുകള്‍ ഉണ്ടാകില്ല.
ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സഹ.സംഘങ്ങള്‍, സ്വകാര്യ വ്യക്തികള്‍ വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍ടിസി വാടകയ്ക്കെടുക്കും. ആദ്യ ഘട്ടത്തില്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി നല്‍കുമെങ്കിലും കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ നല്കാന് കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരില്ലാതെ വരും.
ഈ സമയം കരാര്‍ ജീവനക്കാരെ ജോലിക്കെടുക്കാന്‍ സര്‍ക്കാര്‍ നിശ്ചയിക്കും. കരാര്‍ ജീവനക്കാരെ നിശ്ചയിക്കുന്ന ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടു നല്‍കും. ഓരോ തദ്ദേശ സ്ഥാപനത്തിലും നിശ്ചയിക്കുന്ന പാനലാകും ജീവനക്കാരെ തിരഞ്ഞെടുക്കുക. ഇടത് ആഭിമുഖ്യമുള്ളവര്‍ ഭൂരിപക്ഷം വരുന്ന രീതിയിലായിരിക്കും പാനല്‍ നിശ്ചയിക്കുക. ഫലത്തില്‍ ഭൂരിഭാഗം ബസ്സുകളിലും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ജീവനക്കാരാകും.
ഗ്രാമീണ റൂട്ടുകളില്‍ നടത്തുന്ന സര്‍വീസുകള്‍ക്ക് വലിയ ജനപിന്തുണ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ഈ അവസരം മുതലെടുത്താകും നിയമനം ഉള്‍പ്പെടെ നടപ്പാക്കുക. പദ്ധതിയെ എതിര്‍ക്കുന്നവരെ ജനങ്ങളെ മുന്‍നിര്‍ത്തി നേരിടാനാകുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. ഭൂരിഭാഗം ജീവനക്കാരും ഇടത് ആഭിമുഖ്യവള്ളരാകുമ്പോള് ജീവനക്കാരുടെ ഭാഗത്തു നിന്നും എതിര്‍പ്പുണ്ടാകില്ല.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് കമ്പനിക്കും ഗ്രാമീണ റൂട്ടുകള്‍ തദ്ദേശ, സഹ.സംഘം, സ്വകാര്യ മേഖലയ്ക്കും തുറന്നു കൊടുക്കുന്നതോടെ നാമമാത്രമായ സര്‍വീസുകള്‍ മാത്രമാകും കെഎസ്ആര്‍ടിസിയുടെ കീഴിലുണ്ടാകുക. അതിനാല്‍ നവംബര്‍ ഒന്നിന് ഗ്രാമവണ്ടിയുടെ ഉദ്ഘാടനമല്ല, കെഎസ്ആര്‍ടിസിയിലേക്കുള്ള സ്വകാര്യ മേഖലയുടെ ഡബിള്ബെല്ലാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: