തൃശൂര്‍: ലോക്ഡൗണ്‍ ഇളവുകളനുസരിച്ച് കടകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായി. ജനങ്ങള്‍ക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്തതാണ് പുതിയ ഉത്തരവ്. കേരളത്തില്‍ 40 ശതമാനം പേര്‍ക്ക് മാത്രമേ വാക്സിന് ലഭിച്ചിട്ടുള്ളൂവെന്നിരിക്കേ പകുതിയില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് പുറത്തിറങ്ങാന്‍ കഴിയൂവെന്നത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കും.
കൊവിഡിനെ നിയന്ത്രിക്കാനെന്ന പേരില്‍ ജനജീവിതം കൂടുതല്‍ ദുഷ്കരമാക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വാക്സിന് എടുത്തവരും എടുക്കാത്തവരും എന്ന രീതിയില്‍ സമൂഹത്തില്‍ ജനങ്ങളെ രണ്ടായി വിഭജിക്കുകയുമാണ് കുത്തിവെപ്പ് എടുത്തവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് പറയുന്നത് അവകാശലംഘനമാണ്. ഉപ്പും മുളകും പഞ്ചസാരയും തേയിലയും വാങ്ങാന്‍ പോകണമെങ്കില്‍ വാക്സിന് രേഖയോ, ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദ്ദേശം തീര്‍ത്തും അപ്രായോഗികമാണെന്ന് ജനങ്ങള്‍ പറയുന്നു.
കൊവിഡ് വാക്സിന് സ്വീകരിച്ച നിരവധി പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചുണ്ട്. വാക്സിന് സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും ഡെല്‍റ്റ വകഭേദത്തിന്റെ വൈറസ് ഒരേ തോതിലാണ് കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. വാക്സിന് എടുത്തവര്‍ പുറത്തിറങ്ങിയാല്‍ രോഗവ്യാപനം ഉണ്ടാകില്ലെന്നും മറ്റുള്ളവര്‍ പുറത്തിറങ്ങിയാല്‍ വ്യാപനം ഉണ്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് ജനങ്ങള്‍ പറയുന്നു. വാക്സിന് നല്കാന് ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാര്‍ അത് ലഭ്യമാക്കാതെയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്. ആപ്പ് വഴി വാക്സിന് സ്ലോട്ട് ലഭ്യമാകുന്നില്ലെന്ന പരാതികള്‍ ഇപ്പോഴുമുണ്ട്. വാക്സിന് എടുക്കാത്തതിന്റെ പേരില്‍ ജനങ്ങള്‍ക്ക് കടകളില്‍ പ്രവേശനം നിഷേധിക്കുന്നത് അനീതിയാണ്.
ആദ്യ ഡോസ് വാക്സിന് കിട്ടാത്തവര്‍ ഓരോ മൂന്നു ദിവസത്തിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. പണചെലവുള്ള ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക ശേഷി നിലവില്‍ സാധാരണക്കാര്‍ക്കില്ല. കൊറോണ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരും തൊഴില്‍ ചെയ്യാന്‍ കഴിയാത്തവരുമാണ് ഭൂരിഭാഗം കുടുംബങ്ങളിലുമുള്ളത്. ഇങ്ങനെയുള്ളവരോട് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും കടകളില്‍ പോകേണ്ടെന്ന് പറയുന്നത് കടുത്ത ക്രൂരതയാണ്. സാരമായ അലര്‍ജി തുടങ്ങിയ പ്രത്യേക ആരോഗ്യാവസ്ഥയുള്ള ചിലര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വാക്സിന് നല്‍കുന്നില്ല. മറ്റ് യാതൊരു കുഴപ്പവുമില്ലാത്ത ഇവര്‍ക്കും കടകളില്‍ പ്രവേശനമില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: