തൃശൂർ: ഓണത്തെ വരവേല്‍ക്കാന്‍ ബേക്കറികളില്‍ കായവറുക്കല്‍ ആരംഭിച്ചു. ഓണ വിപണി ലക്ഷ്യമിട്ടാണ് ചിപ്‌സ് നിര്‍മ്മാണം പൊടിപൊടിക്കുന്നത്. ഇപ്പോള്‍ കാര്യമായ ചെലവില്ലെങ്കിലും വരുംദിവസങ്ങള്‍ വില്‍പ്പന ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ബേക്കറിയുടമകള്‍.
കായവറുത്തത് ഒരു കിലോയ്‌ക്ക് 340 രൂപയാണ് നിലവിലെ വില. ഓണനാളുകളില്‍ വില കൂടാന്‍ സാധ്യതയുണ്ട്. ശര്‍ക്കരവരട്ടി കിലോയ്‌ക്ക് വില 350 രൂപ. കായവറുത്തത് നാലുവെട്ടി കിലോയ്‌ക്ക് 360 രൂപയാണ് വില. പഴം വറുത്തത് -400, ഉരുളകിഴങ്ങ് വറുത്തത് -360, ചക്ക വറുത്തത് -400 എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്.
നേന്ത്രപ്പഴം കിലോയ്‌ക്ക് 60 രൂപയും നേന്ത്രക്കായ 45 രൂപയുമാണ് വില. ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയത് ഉപ്പേരി വിലയും കുതിച്ചുകയറാനുള്ള കാരണമാകും. ഉപ്പേരിവില വര്‍ദ്ധിക്കുമ്പോഴും കാണം വിറ്റും ഓണമുണ്ണണം എന്ന മലയാളി മനസ്സ് തുണയ്‌ക്കുമെന്ന വിശ്വാസത്തിലാണു വ്യാപാരികള്‍.
ഓണവിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപ്പേരികളും വിപണിയില്‍ എത്തുന്നുണ്ട്. അയല്‍ സംസ്ഥാനത്തെ ഉപ്പേരിക്കു ഗുണമേന്മ കുറവാണെന്നാണു വ്യാപാരികളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: