തൃശൂര്‍: കൊവിഡിന്റെ വരവോടെ മങ്ങിയ ടൂറിസം മേഖല ഉണര്‍വ്വിലേക്ക്. മാസങ്ങളായി അടഞ്ഞു കിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു കഴിഞ്ഞു. പീച്ചി, വാഴാനി ഡാമുകളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബുധനാഴ്ച മുതലാണ് ഡാമുകള്‍ തുറന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡാമുകള്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. പുതിയ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള രേഖകളുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ഒരു ഡോസ് വാക്‌സിന്‍ എടുത്ത രേഖയോ, ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ പ്രവേശന സമയത്ത് കാണിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് ഇല്ലെങ്കില്‍ മൊബൈലില്‍ രേഖകള്‍ കാണിച്ചാലും പ്രവേശനം അനുവദിക്കുമെന്ന് ഡിടിപിസി സെക്രട്ടറി ഡോ.എ.കവിത അറിയിച്ചു.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അതിരപ്പിള്ളി, തുമ്പൂര്‍മുഴി എന്നിവിടങ്ങളിലേക്ക് 10 മുതല്‍ പ്രവേശനം അനുവദിച്ച് തുടങ്ങും. അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്നലെ രാവിലെ സംയുക്തസമിതി യോഗം ചേര്‍ന്നാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതിരപ്പിള്ളിയും തുമ്പൂര്‍മുഴിയും കൂടി തുറക്കുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം കൂടുതര്‍ വിനോദ സഞ്ചാരികള്‍ ജില്ലയിലേക്കെത്തും.
കുന്നംകുളം കലശമല, വിലങ്ങന്‍ക്കുന്ന്, തളിക്കുളം സ്‌നേഹതീരം, ചാവക്കാട് ബീച്ചുകള്‍ എന്നിവിടങ്ങളിലേക്കും സന്ദര്‍ശകരെത്തുന്നുണ്ട്. പൊതുഇടങ്ങളിലേക്ക് മാതാപിതാക്കളോടൊപ്പം കുട്ടികള്‍ക്കും വരാന്‍ അനുവാദമുള്ളതിനാല്‍ കുടുംബസമേതമാണ് ഭൂരിഭാഗം പേരുമെത്തുന്നത്. അഴീക്കോട് മുനയ്‌ക്കല്‍ മുസിരിസ് ബീച്ച്, കോട്ടപ്പുറം ആംഫി തിയേറ്റര്‍ നടപ്പാതകള്‍, കോട്ടപ്പുറം കോട്ട എന്നിവയും തുറന്നിട്ടുണ്ട്. ബോട്ട് സര്‍വീസ് താമസിയാതെ പുനരാരംഭിക്കും.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 21ന് അടച്ച പീച്ചി ഡാം മൂന്നുമാസത്തെ ഇടവേളയ്‌ക്കുശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിട്ടുള്ളത്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ജൂലൈ 27-ന് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നിരുന്നു. മഴ ദുര്‍ബലമായതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ പിന്നീട് അടച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ രണ്ട് ഇഞ്ചുവീതം ഇപ്പോഴും തുറന്നിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനാനുമതി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ സമയം ചെലവിടാനുള്ള സൗകര്യങ്ങള്‍ ഡാമിനോടനുബന്ധിച്ചുള്ള ഉദ്യാനത്തില്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെയാണ് സന്ദര്‍ശനസമയം.
വടക്കാഞ്ചേരിയ്‌ക്കടുത്തുള്ള വാഴാനി ഡാമിലേക്കും നിരവധി പേരെത്തുന്നുണ്ട്. സുരക്ഷാകാരണങ്ങളാല്‍ ഡാമിലെ തൂക്കുപാലത്തില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നില്ല. പരമ്പരാഗത രീതിയില്‍ പൂര്‍ണ്ണമായും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന അപൂര്‍വ്വം അണക്കെട്ടുകളില്‍ ഒന്നാണ് വാഴാനി ഡാം. 792.48 മീറ്റര്‍ ആണ് ഡാമിന്റെ നീളം. റിസര്‍വോയറിന് ഏകദേശം 255 ഹെക്ടര്‍ വിസ്തീര്‍ണ്ണമുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 6 വരെയാണ് പ്രവേശന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: