കറാച്ചി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര് ഖാനില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ സിദ്ധി വിനായക ക്ഷേത്രം തകര്‍ത്തതിനു പിന്നാലെ പ്രാണരക്ഷാര്‍ത്ഥം പ്രദേശത്തെ ഹിന്ദുക്കള്‍ പലായനം ചെയ്യുന്നു. ഹിന്ദുക്കള്‍ക്ക് നേരേ ആക്രമണം വ്യാപകമായതോടെയാണ് ഇവര്‍ രക്ഷപെട്ടത്. അതേസമയം, ക്ഷേത്രം ആക്രമിക്കപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, 22 മത -രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യം വെള്ളിയാഴ്ച അക്രമത്തെയും നശീകരണത്തെയും അപലപിക്കാന്‍ വിസമ്മതിച്ചതായി പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഹിന്ദു ക്ഷേത്ര ആക്രമണത്തിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് മിലി യക്ജെഹ്തി കൗണ്‍സില്‍ (എംവൈസി) എന്ന പാര്‍ട്ടികളുടെ സഖ്യം അവകാശപ്പെട്ടു. പത്രസമ്മേളത്തില്‍ പങ്കെടുത്തവരെല്ലാം ഭൂരിപക്ഷത്തിന്റെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും പറ്റി മാത്രമാണ് വിവരിച്ചത്.
ഹിന്ദു അവകാശ പ്രവര്‍ത്തകനായ രഹത്ത് ഓസ്റ്റിന്റെ അഭിപ്രായത്തില്‍, റഹിം യാര് ഖാനിലെ ഭോംഗ് നഗരത്തിലെ 150 ഓളം ഹിന്ദു കുടുംബങ്ങള്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്തു. അദ്ദേഹം സങ്കടപ്പെട്ടു, ‘പഞ്ചാബ് ഒരു കാലത്ത് ഹിന്ദു ഭൂരിപക്ഷ പ്രവിശ്യയായിരുന്നു, എന്നാല്‍ ആക്രമണത്തെ തുടര്‍ന്ന് ഇപ്പോള്‍ ഹിന്ദുക്കള്‍ ഗണ്യമായ അളവില്‍ നിലനില്‍ക്കുന്ന ഒരേയൊരു നഗരമാണ്.
പ്രദേശത്തെ ഒരു മുസ്ലിം കബര്സ്ഥാന് കേടുവരുത്താനും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നുള്ള സോഷ്യല്‍മീഡിയാ പ്രചരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ക്ഷേത്രം ആക്രമിക്കപ്പെട്ടത്. ആയുധ ധാരികളായ അക്രമികള്‍ ക്ഷേത്രത്തിന് മുന്നില്‍ തടിച്ച് കൂടുകയും ഇരുമ്പ് ദണ്ഡുകള്, വടികള്‍, കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചില ഭാഗങ്ങളില്‍ തീയിടാനും ശ്രമമുണ്ടായി. ക്ഷേത്രത്തിന് വ്യാപകമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ആക്രമികളുടെ ദൃശ്യം സോഷ്യല്‍ മീഡിയിലൂടെ പ്രചരിച്ചിട്ടും ഒരാളെപ്പോലും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.
പാകിസ്ഥാനിലെ ഭരണഘടന എല്ലാ പൗരന്മാര്ക്കും തുല്യ പരിഗണന നല്‍കുന്നുണ്ടെങ്കിലും ഇത് കടലാസില്‍ മാത്രമൊതുങ്ങുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്കുനേരെ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. പലരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: