കോട്ടയം: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മലങ്കര ഓര്‍ത്തഡോക്സ് സഭ ആസ്ഥാനമായ ദേവലോകം അരമനയില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ച് പിണറായി സര്‍ക്കാര്‍. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന സ്മൃതിസുകൃതം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് സഭാ നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചത്. ഈ പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നത് തടയാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ മറവിലാണ് വരവ് തടയാനുള്ള നീക്കം നടത്തിയത്. ദേവലോകം അരമനയിലെ സമ്മേളനത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കരുതെന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ഗോവ രാജ്ഭവനിലേക്ക് ജില്ലാ പോലീസ് മേധാവി ഡി. ശില്പ സന്ദേശം അയച്ചു. എന്നാല്‍ ദേവലോകം അരമനയില്‍ എത്തുന്നത് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കബറിടം സന്ദര്‍ശിക്കാനും ആദരാഞ്ജലി അര്പ്പിക്കാനുമാണെന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും രാജ്ഭവനില്‍ നിന്നും ജില്ലാ പോലീസ് മേധാവിക്ക് മറുപടിയും നല്കി.
ദേവലോകത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയില്‍ തന്റെ വരവ് തടയാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് ശ്രീധരന്‍പിള്ള വിമര്‍ശനം ഉന്നയിച്ചു. ഈ വിഷയം ചടങ്ങില്‍ പങ്കെടുത്ത മന്ത്രി വീണ ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഓഫീസിലുള്ളവരാണ് ഇത്തരം സന്ദേശങ്ങള്‍ക്ക് മറുപടി നല്കാറുള്ളതെങ്കിലും ഇത്തവണ താന്‍ തന്നെ മറുപടി നല്‍കുകയായിരുന്നെന്നും ഗോവ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. സഭാ സെക്രട്ടറിക്ക് ഈ മറുപടിയുടെ കോപ്പി കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണറുടെ പരാമര്‍ശം ചര്‍ച്ചയായതോടെ ജില്ലാ പോലീസ് മേധാവി ഡി. ശില്പ വിശദീകരണവുമായി രംഗത്തെത്തി. ദേവലോകം അരമന സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെയ്മെന്റ് സോണായതിനാലാണ് ഗവര്‍ണര്‍ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സന്ദേശം അയച്ചതെന്നായിരുന്നു പ്രതികരണം.എന്നാല്‍ അരമന സ്ഥിതി ചെയ്യുന്ന സ്ഥലം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തന്നെ കണ്ടെയ്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ സന്ദേശം ലഭിച്ചത് വൈകിട്ട് അഞ്ചിനാണ്.
പി.എസ്. ശ്രീധരന്‍പിള്ള എത്തുന്നത് തടയാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മാസങ്ങള്‍ക്ക് മുമ്പ്, ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്ന എംജി സര്‍വ്വകലാശാലയില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന സമ്മേളനം നടത്തി. അന്നൊന്നും ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും കാണിക്കാത്ത ജാഗ്രതയാണ് ഈ വിഷയത്തില്‍ ഉണ്ടായത്. ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ ഇടപെടലും അട്ടിമറി ശ്രമത്തിന് പിന്നിലുണ്ടോയെന്ന സംശയവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: