തൃശൂര്‍: ലോക്ഡൗണ്‍ ഇളവുകളനുസരിച്ച് കടകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളില്‍ വലഞ്ഞ് ജനങ്ങള്‍. കടകളില്‍ പോകുന്നവര്‍ കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തിരിക്കണമെന്ന നിബന്ധനയാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. ട്രിപ്പിള്‍ ലോക്ഡൗണുള്ള ജില്ലയിലെ ദേശമംഗലം ഗ്രാമപഞ്ചായത്തും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികളിലെ 36 വാര്‍ഡുകളും ഒഴിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലെ കടകള്‍ പുതിയ നിര്‍ദ്ദേശങ്ങളെ തുറന്ന് ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചു.
കടകളില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാണോയെന്നും പോലീസ് പരിശോധനയുണ്ടോകുമോയെന്നും ഉറപ്പില്ലാതിരുന്നതിനാല്‍ കടകളില്‍ ഇന്നലെ കാര്യമായ തിരക്കുണ്ടായില്ല. നിര്‍ദ്ദേശം ലംഘിച്ചതിന്റെ പേരില്‍ പിഴയോ, മറ്റു നിയമ നടപടികളോ ഉണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും കടകളിലേക്ക് പോകാന്‍ ജനങ്ങള്‍ മടിച്ചു. സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഒരേ സമയം ചട്ടലംഘനം കൂടിയാണെന്ന് ജനങ്ങള്‍ പറയുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 60 കഴിഞ്ഞവര്‍ വീടിന് പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വാക്‌സിനെടുത്തവരില്‍ കൂടുതല്‍ പേരും 60 കഴിഞ്ഞവരായതിനാല്‍ പുതിയ നിര്‍ദ്ദേശമനുസരിച്ച് കടകളില്‍ പോകാനായി ദിവസവും വീടുകളിലെ മുതിര്‍ന്ന പൗരന്മാര്‍ പുറത്തിറങ്ങേണ്ടി വരും.
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കടകള്‍ തുറന്നെങ്കിലും വ്യാപാരികള്‍ ആശയക്കുഴപ്പത്തിലാണ്. കടകളിലെ ജീവനക്കാരും വാക്‌സിനെടുത്തവരാവണമെന്നതിനാല്‍ വ്യാപാരികളെയും പുതിയ നിര്‍ദ്ദേശം വലച്ചു. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞ് കടകളിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം വ്യാപാരികള്‍ക്കാണോ എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ ആണോ കാണിക്കേണ്ടതെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.
കടകളില്‍ വരുന്നവര്‍ വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും എങ്ങനെ പരിശോധന നടത്തണമെന്ന നിര്‍ദേശം ലഭിക്കാത്തതിനാല്‍ പോലീസ് ഇന്നലെ പരിശോധന നടത്തിയില്ല. പരിശോധനയ്‌ക്ക് പകരം കൊവിഡ് നിബന്ധനകളും കടയില്‍ പ്രവേശിക്കേണ്ടവരുടെ എണ്ണവും വ്യാപാര സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് കടയുടമകളോട് പോലീസ് നിര്‍ദേശിച്ചു.
രണ്ടാഴ്ച മുമ്പ് ആദ്യഡോസ് വാക്‌സിന്‍ എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആയവര്‍, ഒരു മാസം മുമ്പ് കൊവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവര്‍ എന്നിവര്‍ക്ക് മാത്രമേ കടകളിലേക്ക് പോകാന്‍ ഇപ്പോള്‍ അനുമതിയുള്ളൂ.സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചാണെങ്കില്‍ ഭൂരിഭാഗം യുവാക്കള്‍ക്കും കടകളില്‍ പോകാനാകില്ല. നിലവില്‍ 40 വയസിന് മുകളിലുള്ളവരാണ് കൂടുതലായും വാക്‌സിനെടുത്തിട്ടുള്ളത്. യുവാക്കളെ വീട്ടിലിരുത്തി പ്രായമായവര്‍ക്ക് കടകളില്‍ പോകേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: