തൃശ്ശൂര്‍: ഉറക്കം നടിച്ച് പോലീസും സര്‍ക്കാരും. കരുവന്നൂര്‍ ബാങ്ക് വായ്പ്പാത്തട്ടിപ്പ് കേസില്‍ പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. പ്രതികളെ സംരക്ഷിക്കാനാണ് പോലീസും സര്‍ക്കാരും ശ്രമിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതികള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
പ്രതികളായ ടി.ആര്. സുനില്‍കുമാര്‍, ബിജു കരീം, സി.കെ. ജില്‍സ്, റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ ഫോട്ടോയുള്‍പ്പെടെയാണ് നാട്ടുകാരുടെ ലുക്ക്ഔട്ട് നോട്ടീസ്.
ഇവര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളാണെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും നാട്ടുകാര്‍ പുറത്തിറക്കിയ ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് നാട്ടുകാരുടെ നോട്ടീസ് പ്രചരിക്കുന്നത്.
കേസില്‍ പോലീസ് ഒളിച്ചുകളി നടത്തുകയാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെ പണം നഷ്ടപ്പെട്ട നാട്ടുകാര്‍ രോഷാകുലരാണ്. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അന്വേഷണം ആരംഭിച്ച് 15 ദിവസം പിന്നിട്ടിട്ടും ഇത് ചെയ്തിട്ടില്ല. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായാണ് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം.
കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. സുനില്‍കുമാറിന്റെയും ബിജോയുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ എമിഗ്രേഷന്‍ വകുപ്പിനോട് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതികളെ തടയാന്‍ വിമാനത്താവളങ്ങളില്‍ നിര്‍ദേശം നല്‍കുന്നതിനാണ് സര്‍ക്കുലര്‍.
അതേസമയം പ്രതികള്‍ നാടുവിട്ടു പോയിട്ടില്ലെന്നും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അവകാശപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ ആയിരക്കണക്കിന് രേഖകള്‍ പരിശോധിക്കണമെന്നും ഇത് ദുഷ്കരമായ ദൗത്യമാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: