സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് നാം. കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും മുക്തമായിട്ട് ഏതാണ്ട് ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും, വിസ്മൃതിയിലാണ്ടതും അവഗണിച്ചതുമായ ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരചരിത്രം ഇനിയും വെളിച്ചം കാണുവാനുണ്ട്. അത്തരത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ അര്‍ഹമായ രീതിയില്‍ രേഖപ്പെടുത്താതെ പോയ സംഭവമാണ് 1741 ലെ കുളച്ചല്‍ യുദ്ധം. യൂറോപ്യന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഏഷ്യയിലെ ഒരു ഭരണകൂടം നേടിയ ആദ്യത്തെ വിജയമായിട്ടു കൂടി വ്യക്തമായ രീതിയില്‍ ചരിത്രം അതിനെ രേഖപ്പെടുത്തിയോ എന്നത് ഇന്നും ചോദ്യചിഹ്നമാണ്.
ആധുനിക തിരുവിതാംകൂറിന്റെ ശില്പി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ തിരുവിതാംകൂര്‍ സൈന്യവും ഡിലനോയിയുടെ നേതൃത്വത്തിലുള്ള ഡച്ച് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ സൈന്യവും തമ്മില്‍ നടന്ന യുദ്ധത്തില്‍ ആധികാരികമായ വിജയമാണ് തിരുവിതാംകൂര്‍ സൈന്യം നേടിയത്. പതിനാറാം നൂറ്റാണ്ടിലെ പ്രബല നാവികസൈനിക ശക്തിയായിരുന്ന ഡച്ചുകാര്‍ക്കെതിരെ കൃത്യമായ യുദ്ധതന്ത്രങ്ങളൊരുക്കി മാര്‍ത്താണ്ഡവര്‍മ്മ നേടിയ സൈനിക വിജയമാണ് ഭാരതത്തില്‍ ഡച്ചുകാരുടെ സ്വാധീനത്തിന് അറുതി വരുത്തിയത്.
പ്ലാസി യുദ്ധം
ഒരു യൂറോപ്യന്‍ രാജ്യത്തിനെതിരെ ഏഷ്യയിലെ ഭരണകൂടം നേടിയ ആദ്യ സൈനിക വിജയമായിട്ടു കൂടി, സാമ്രാജ്യത്വ വൈദേശിക ശക്തിക്കെതിരെ ഭാരതത്തില്‍ നടന്ന ആദ്യ പ്രതിരോധ നീക്കമാക്കി കുളച്ചല്‍ യുദ്ധത്തെ അംഗീകരിക്കാന്‍ പോലും ഭാരതത്തിലെ ചില സ്ഥാപിത താല്‍പ്പര്യക്കാരായ ചരിത്രകാരന്മാര് തയ്യാറാകുന്നില്ല എന്നത് വേദനാജനകമാണ്. 1741 ലെ കുളച്ചല്‍ യുദ്ധത്തിനും 16 വര്‍ഷങ്ങള്‍ക്കു ശേഷം 1757 ല്‍ നടന്ന പ്ലാസി യുദ്ധത്തെയാണ് ഭാരതത്തില്‍ സാമ്രാജ്യത്വ വൈദേശിക ശക്തിക്കെതിരെ നടന്ന ആദ്യ സൈനിക പ്രതിരോധ ശ്രമമായി പലരും വിശേഷിപ്പിക്കുന്നത്. ബംഗാളിലെ നവാബായിരുന്ന സിറാജ്-ഉദ്-ദൗളയുടെ 62000 ലേറെ വരുന്ന സൈന്യവും റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യയുടെ 2000 ത്തോളം വരുന്ന സൈന്യവും തമ്മില്‍ കേവലം 11 മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്നതാണ് പ്ലാസി യുദ്ധം. സൈനികരുടെ എണ്ണത്തില്‍ ബ്രിട്ടീഷ് സൈനികരെക്കാള്‍ മുന്‍തൂക്കമുണ്ടായിട്ടും ഒടുവില്‍ നവാബിന്റെ സൈന്യത്തിന് തോറ്റു പിന്മാറേണ്ടി വന്നു. സാമ്രാജ്യത്വ വൈദേശിക ശക്തിയ്ക്കെതിരെ നടന്ന ആ പ്രതിരോധ ശ്രമത്തെ പോലും മഹത്വവല്‍ക്കരിക്കുന്നവര്‍ അതിനും 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദേശിക ശക്തിയ്ക്കെതിരെ ഭാരതത്തിലെ ഒരു ഭരണകൂടം നേടിയ ആധികാരിക വിജയത്തെ ചരിത്രത്താളുകളില്‍ തൃണവല്‍ഗണിക്കുന്ന ദുരവസ്ഥയാണ് നമ്മുടെ മുന്നിലുള്ളത്.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഷെയറും ബോണ്ടുകളുമൊക്കെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന സമ്പ്രദായം ആദ്യമായി ആരംഭിക്കുന്നത്. 1605 ല്‍ കേരളത്തിന്റെ മുസരിസ് പട്ടണത്തില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍ ) എത്തിയ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി, സുഗന്ധവ്യജ്ഞന വ്യാപാരവും അടിമവ്യാപാരവുമൊക്കെ ആരംഭിച്ചു. ഏതാണ്ട് 38000 ലേറെ ഭാരതീയരെ അവര്‍ അടിമച്ചന്തയില്‍ വിറ്റുവെന്നതാണ് കണക്ക്. അത്തരത്തില്‍ കച്ചവടക്കാരായി എത്തിയ ഡച്ചുകാര്‍, പിന്നീട് സുഗന്ധവ്യജ്ഞന വ്യാപാരത്തില്‍ കുത്തക സ്ഥാപിക്കുകയും ചെയ്തു. അതോടൊപ്പം അവരുടെ സാമ്രാജ്യത്വ മോഹങ്ങളും സാവധാനത്തില്‍ നടപ്പിലാക്കി തുടങ്ങി.
സുസ്ഥിരമായ ഭരണ സംവിധാനം
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദം മുതല്ക്കാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ കീഴില്‍ ആധുനിക തിരുവിതാംകൂറിന്റെ ചരിത്രമാരംഭിക്കുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ പലതായി ചിതറിപ്പോയ ചെറുരാജ്യങ്ങളെ ഒരുമിച്ചു നിര്‍ത്തി, സുസ്ഥിരമായ ഒരു ഭരണ സംവിധാനം നടപ്പിലാക്കുവാനായിട്ടുള്ള മാര്‍ത്താണ്ഡ വര്‍മ്മയുടെ പരിശ്രമം വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കപ്പെട്ടതോടെ ഡച്ചുകാര്‍ അസ്വസ്ഥരായി തുടങ്ങി. 1739 ല്‍ സിലോണിലെ (ഇന്നത്തെ ശ്രീലങ്ക) ഡച്ച് ഗവര്‍ണര്‍ ഗസ്താഫ് വില്യം വാന്‍ ഇംഹോഫ് കൊച്ചി സന്ദര്‍ശിക്കുകയും മലബാറിലെ ഡച്ച് കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനായി ആവശ്യമെങ്കില്‍ സൈനിക നടപടിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു. തങ്ങളുടെ സാമ്രാജ്യത്വ മോഹങ്ങള്‍ക്ക് മാര്‍ത്താണ്ഡ വര്‍മ്മയുടെ പടയോട്ടം, വിഘാതമാകുമെന്നു കണ്ട ഡച്ചുകാര്‍, വടക്കന്‍ മേഖലയില്‍ നിന്നും എത്രയും വേഗം പിന്‍വാങ്ങിയില്ലെങ്കില്‍ തിരുവിതാംകൂറുമായി യുദ്ധം പ്രഖ്യാപിക്കുമെന്ന ഭീഷണിയാണ് മുന്നോട്ടു വച്ചത്. എന്നാല്‍ ധീവരസഹോദരങ്ങളേയും കൂട്ടി നാവികപ്പടയെ നയിച്ച് യൂറോപ്പിനെ ആക്രമിക്കാനാണ് തന്റെ പദ്ധതിയെന്ന മറുപടിയാണ് മാര്‍ത്താണ്ഡവര്‍മ്മ അതിന് നല്‍കിയത്.
1739 ന്റെ അവസാനത്തോടെ ഡച്ചുകാര്‍, തിരുവിതാംകൂര്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടക്കത്തില്‍ തിരുവിതാംകൂറിലെ കൊല്ലത്തിന് സമീപത്തുള്ള ചില പ്രദേശങ്ങള്‍, ആറ്റിങ്ങല്‍, വര്‍ക്കല എന്നിവിടങ്ങളിലേക്ക് മുന്നേറുവാന്‍ ഡച്ച് സൈന്യത്തിന് സാധിച്ചു. സിലോണിലുള്ള ഡച്ച് കേന്ദ്രത്തില്‍ നിന്നും നാവികപ്പട തെക്കുഭാഗത്ത് കുളച്ചലിലെത്തുകയും അവിടത്തെ കോട്ടയില്‍ നിലയുറപ്പിക്കുകയും ചെയ്തു. പത്മനാഭപുരം കോട്ട പിടിച്ചെടുക്കയായിരുന്നു അവരുടെ അടുത്ത ലക്ഷ്യം. ആ ഉദ്യമത്തിന്റെ ഭാഗമായി അവര്‍ ഇരണിയലില്‍ എത്തിച്ചേരുകയും ചെയ്തു. ഇതേ സമയം ബാറ്റ്വിയയില്‍ (ഇന്നത്തെ ഇന്തോനേഷ്യയുടെ ജക്കാര്‍ത്ത) നിന്നും കൂടുതല്‍ ഡച്ച് നാവികപ്പട, കുളച്ചല്‍ തീരത്തെത്തി നിലയുറപ്പിച്ചു. അതുവരെ ശക്തമായ പ്രത്യക്രമണങ്ങള്‍ക്ക് മുതിരാതിരുന്ന മാര്‍ത്താണ്ഡ വര്‍മ്മ, വടക്ക് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന തന്റെ സൈന്യാധിപന് രാമയ്യന് ദളവയോട് തെക്ക് കുളച്ചലിലേക്ക് നീങ്ങുവാന്‍ ആവശ്യപ്പെടുകയും തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെത്തി തന്റെ ഉടവാള് പൂജിച്ച് സ്വയം യുദ്ധസജ്ജനാകുകയും ചെയ്തു.
ധീവര സഹോദരങ്ങളുടെ പങ്ക്
പ്രകൃതി പ്രതിഭാസങ്ങളെ യുദ്ധത്തിനനുകൂലമായി ഉപയോഗിക്കാമെന്ന സാധ്യത മനസ്സിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ കാത്തിരുന്നത് കാലവര്‍ഷത്തിന്റെ കടന്നുവരവിനു വേണ്ടിയായിരുന്നു. കാലവര്‍ഷത്തിന്റെ വരവോടെ പ്രക്ഷുബ്ദ്ധമാക്കുന്ന അറബിക്കടലില്‍, ഡച്ചുകാരുടെ പേരു കേട്ട നാവികപ്പടയ്ക്ക് പിടിച്ചു നില്‍ക്കാനാകില്ല എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ സമയം കൗശലപൂര്‍വ്വം അദ്ദേഹം പ്രത്യാക്രമണം ആരംഭിച്ചു. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ സിലോണില്‍ നിന്നോ ബാറ്റ്വിയയില്‍ നിന്നോ കൃത്യമായ സൈനിക സഹായമോ മറ്റോ ഡച്ചുകാര്‍ക്ക് ലഭിക്കാത്ത അവസ്ഥ സംജാതമാകുകയും ആ അവസരം ഫലപ്രദമായി ഉപയോഗിച്ചു കൊണ്ട് ഡച്ചുകാര്‍ കൈവശപ്പെടുത്തിയ തിരുവിതാംകൂറിന്റെ സമസ്ത മേഖലകളില്‍ നിന്നും അവരെ തുരത്തിയോടിക്കുവാനും തിരുവിതാംകൂര്‍ സൈന്യത്തിന് കഴിഞ്ഞു.
കുളച്ചല്‍ യുദ്ധത്തില്‍ എടുത്തു പറയേണ്ടതാണ് മത്സ്യബന്ധനം ഉപജീവനമാക്കിയ ധീവര സഹോദരങ്ങളുടെ പങ്ക്. സജ്ജമായ ഒരു നാവികപ്പടയില്ലാതിരുന്ന തിരുവിതാംകൂര്‍ രാജ്യം, പുകള്‍പ്പെറ്റ ഡച്ച് നാവികപ്പടയെ തകര്‍ത്തത് ധീവര സഹോദരങ്ങളുടെ ധീരോചിതമായ ഇടപെടലുകളിലുടെയാണ്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന ചെറുവള്ളങ്ങളെ സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ട് ഡച്ച് കപ്പലുകളെ കടലിലാഴ്ത്താന്‍ സഹായിച്ചതില്‍ അവരുടെ പങ്ക് അവിസ്മരണീയമാണ്. സന്ദേശ വാഹകരായും ചാരന്മാരായുമൊക്കെ അവര്‍ നടത്തിയ പ്രവര്‍ത്തനം കുളച്ചല്‍ യുദ്ധ വിജയത്തില്‍ നിര്‍ണ്ണായകമായിരുന്നു.
യുദ്ധത്തടവുകാരോടുള്ള സമീപനം
ഡച്ച് നാവികപ്പടയേയും തകര്‍ത്ത് കുളച്ചലില്‍ ആധികാരിക വിജയം നേടിയ മാര്‍ത്താണ്ഡവര്‍മ്മ യുദ്ധത്തടവുകാരോട് പുലര്‍ത്തിയ സമീപനം കൂടുതല്‍ ആഴത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1949 ല്‍ നിലവില്‍ വന്ന ജനീവാ ഉടമ്പടിക്ക് ശേഷമാണ് യുദ്ധത്തടവുകാരോട് മാനുഷികമായ ഇടപെടലുകള്‍ ഉണ്ടായതെന്നു വിശ്വസിക്കുന്ന സമൂഹം, അതിനും 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എത്തരത്തിലാണ് മാര്‍ത്താണ്ഡ വര്‍മ്മ യുദ്ധത്തടവുകാരോട് പെരുമാറിയതെന്നു മനസ്സിലാക്കണം. യുദ്ധത്തടവുകാരുടെ ക്ഷേമാന്വേഷണം അനുദിനം അദ്ദേഹം നടത്തിയിരുന്നു. ഏറ്റവും മികച്ച രീതിയിലുള്ള പരിഗണന യുദ്ധത്തടവുകാര്‍ക്ക് ഉറപ്പു വരുത്തണമെന്ന ഉത്തരവാണ് അദ്ദേഹം നല്‍കിയത്. ഒരവസരത്തില്‍ അവരെ സ്വതന്ത്രരാക്കാന്‍ പോലും അദ്ദേഹം തയ്യാറായിരുന്നു. എന്നാല്‍ തിരികെപ്പോകാന്‍ വിസ്സമ്മതിച്ച, ഡിലനോയിയേയും സംഘത്തേയും തിരുവിതാംകൂര്‍ സൈന്യത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള അനുവാദം അദ്ദേഹം നല്കി. അതിലൂടെ തിരുവിതാംകൂര്‍ സൈന്യത്തെ പുതിയ യുദ്ധതന്ത്രങ്ങളിലൂടെ കൂടുതല്‍ പരിഷ്ക്കരിക്കുവാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന് സാധിച്ചു. യുദ്ധത്തടവുകാരോടുള്ള തിരുവിതാംകൂറിന്റെ സമീപനം എത്ര മഹത്തരമായിരുന്നുവെന്നു പ്ലാസി യുദ്ധവുമായി അതിനെ താരതമ്യം ചെയ്താല്‍ മനസ്സിലാക്കാനാകും. തടവുകാരായി പിടിച്ച ബ്രിട്ടീഷ് സൈനികരെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുപ്രസിദ്ധമായ Black Hole Massacre നെ തുടര്‍ന്നാണ് പ്ലാസി യുദ്ധം ഉണ്ടാകുന്നത്. കൊല്‍ക്കത്തയിലെ വിക്ടോറിയ മഹലിനുള്ളില്‍, 2-3 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള തടവറയില്‍, അന്നത്തെ നവാബ് സിറാജ്-ഉദ്-ദൗളയുടെ ഉത്തരവു പ്രകാരം 140 ലേറെ തടവുകാരാണ് കുത്തി നിറയ്ക്കപ്പെട്ടത്. ഒരു രാത്രി പിന്നിട്ട് നേരം പുലര്‍ന്നപ്പോഴേക്കും ആ തടവറയില്‍ ജീവനോടെ അവശേഷിച്ചത് കേവലം 24 പേര് മാത്രമായിരുന്നു. അത്ര ക്രൂരമായിരുന്നു നവാബിന്റെ യുദ്ധത്തടവുകാരോടുള്ള സമീപനം. അവിടെയാണ് മാര്‍ത്താണ്ഡ വര്‍മ്മ വ്യത്യസ്തനാകുന്നത്.
അധിനിവേശം വ്യാപിക്കാതെ പിടിച്ചു നിറുത്തി
എല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണ്ണ വിജയം അവകാശപ്പെടാവുന്ന വിജയമാണ് മാര്‍ത്താണ്ഡ വര്‍മ്മ, കുളച്ചലില്‍ നേടിയത്. ആത്യന്തികമായി യുദ്ധങ്ങള്‍ സമ്മാനിക്കുന്നത് ഇരുഭാഗത്തും നഷ്ടങ്ങളാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടന് സാങ്കേതികമായി വിജയിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നു പറയാറുണ്ട്. യുദ്ധാനന്തരം സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയപരമായുമൊക്കെ വലിയ പരാജയമാണ് ബ്രിട്ടനുണ്ടായത്. എന്നാല്‍ കുളച്ചല്‍ യുദ്ധവിജയം, തിരുവിതാംകൂര്‍ രാജ്യത്തിന്റെ തന്റെ തലവര മാറ്റുകയാണ് ഉണ്ടായത്. യുദ്ധാനന്തരം സാമ്പത്തികമായും ഭരണപരമായും സൈനികമായുമൊക്കെ കൂടുതല്‍ ശക്തമായ ഒരു തിരുവിതാംകൂറിനെയാണ് ചരിത്രത്തില്‍ നമുക്ക് കാണാനാകുക. ഡച്ച് സൈനാധിപന് ഡിലനോയിയുടെ സഹായത്തോടെ പരിഷ്ക്കരിക്കപ്പെട്ട സുസജ്ജമായ ഒരു സൈന്യത്തിന്റെ പിന്‍ബലം ഉണ്ടായിരുന്നതിനാലാണ് ടിപ്പുവിന്റെ പടയോട്ടത്തെ വടക്കുഭാഗത്തു വച്ച് തന്നെ തടയുവാനും തുരത്തിയോടിക്കുവാനും വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യത്തിന് സാധിച്ചതെന്നത് വിസ്മരിക്കാനാകുന്നതല്ല..
ഭാരതത്തില്‍ ഡച്ച് അധിനിവേശം വ്യാപിക്കാതെ പിടിച്ചു നിറുത്തിയതില്‍ കുളച്ചല്‍ യുദ്ധത്തിന് മര്‍മ്മപ്രധാനമായ പങ്കുണ്ട്. ആ യുദ്ധമുണ്ടാക്കിയ ക്ഷീണത്തില്‍ നിന്നും മുന്നേറുവാന്‍ ഡച്ചുകാര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാലാണ് സര്‍ദാര്‍ K M പണിക്കര്‍, കുളച്ചലില്‍ അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ചരിത്രം തന്നെ മറ്റൊന്നായേനേ എന്നു രേഖപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍, കുളച്ചലില്‍ ഡച്ചുകാരുടെ സ്ഥാനത്ത് ഞങ്ങളായില്ലല്ലോ എന്നാശ്വസിച്ചതും ചരിത്രമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ അത്രയേറെ പ്രാധാന്യമുള്ള, ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ സുപ്രധാന നാഴികകല്ലായ കുളച്ചല്‍ യുദ്ധവിജയത്തെ, വിസ്മൃതിയുടെ തമോഗര്‍ത്തത്തിലേക്ക് തള്ളിയിടുവാന്‍ നടക്കുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്.
വളച്ചൊടിക്കപ്പെട്ട സംഭവങ്ങള്‍
ഭാരതത്തിന്റെ ദേശീയബോധത്തേയും സ്വത്വബോധത്തേയുമൊക്കെ ഉണര്ത്തിയിട്ടുള്ള സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെ, ചരിത്ര പുസ്തകങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കുന്നതും നിസ്സാരവല്ക്കരിക്കുന്നതും പതിറ്റാണ്ടുകളായി ചിലരുടെ അജണ്ടയാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ പോലും വെടിയുണ്ടകള്‍, മൃഗക്കൊഴുപ്പിന്റെ സാന്നിദ്ധ്യമുള്ള ആവരണത്തില്‍ നിന്നും നീക്കം ചെയ്യാന്‍ വിസ്സമ്മതിച്ച ബ്രിട്ടീഷ് സേനയിലെ ഇന്ത്യക്കാരായ സൈനികര്‍, അവരുടെ മതവിശ്വാസം വ്രണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ചെറിയൊരു പ്രക്ഷോഭം മാത്രമാണെന്നു ചിത്രീകരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. 1856 ല്‍ ഹരിദ്വാറില്‍ നടന്ന കുംഭമേളയോടനുബന്ധിച്ച് വ്യക്തമായ കൂടിക്കാഴ്ചകളും ആസൂത്രണങ്ങളും നടന്നതിന്റെ ഭാഗമായി ഉടലെടുത്ത, ദക്ഷിണ ഭാരതത്തില്‍ പോലും അലയൊലികള്‍ സൃഷ്ടിച്ച ആ സ്വാതന്ത്ര്യ സമരപോരാട്ടം, ഉത്തര ഭാരതത്തിലെ ചില പ്രദേശങ്ങളില്‍ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമായിരുന്നുവെന്നു വരുത്തി തീര്‍ക്കുകയാണ് അവരുടെ ഉദ്ദേശ്യം. ഇത്തരത്തില്‍ വളച്ചൊടിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ സ്വാത്രന്ത്യ സമരത്തിന്റെ ഭാഗമായിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അത്തരം സംഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലൂടെ നമുക്ക് യാത്ര ചെയ്യാം. അത് ജനങ്ങളിലെത്തിക്കാം. കുളച്ചല്‍ യുദ്ധവിജയാഘോഷം അതിനൊരു തുടക്കമാകട്ടെ..
(സ്വദേശീ ജാഗരണ്‍ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടന്ന കുളച്ചല്‍ യുദ്ധ വിജയാഘോഷത്തില്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: