കോട്ടയം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പുതിയ ടെര്‍മിനലിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിയേറ്റര്‍ റോഡിനോട് ചേര്‍ന്ന ഭാഗത്താണ് പുതിയ ടെര്‍മിനലും ടോയ്ലറ്റ് ബ്ലോക്കും നിര്‍മിക്കുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ഫണ്ടില്‍നിന്നുള്ള 1.8 കോടി ഉപയോഗിച്ചാണ് ആദ്യഘട്ട നിര്‍മാണം. എച്ച്പിഎല്‍(ഹിന്ദുസ്ഥാന്‍ പ്രീഫാബ്സ് ലിമിറ്റഡ്) കമ്പനിക്കാണ് നിര്‍മാണച്ചുമതല. 45 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും. നിലവില്‍ യാത്രക്കാര്‍ ബസ് കയറുന്ന ഭാഗത്ത് രണ്ടു ബസുകള്‍ കടന്നുപോകാനുള്ള സ്ഥലം തയ്യാറാക്കിയിട്ടുണ്ട്.
ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായാല്‍ സ്റ്റേഷന് മാസ്റ്ററുടെ ഓഫീസ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ഓഫീസ് എന്നിവ അങ്ങോട്ട് മാറ്റും. യാത്രക്കാര്‍ക്കായി പുതിയ വെയ്റ്റിങ് ഷെഡും ഇവിടെ സജ്ജീകരിക്കും. കാലപ്പഴക്കംചെന്ന രണ്ട് കെട്ടിടങ്ങളും പൊളിച്ചുനീക്കും. നിലവിലെ ഓഫീസ് കെട്ടിടമുള്ള സ്ഥലം യാര്‍ഡാക്കി മാറ്റും. കാന്റീന് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചുനീക്കി പമ്പും ഷോപ്പിങ് കോംപ്ലക്സും നിര്‍മിക്കുകയാണ് ലക്ഷ്യം. പണി ആരംഭിച്ചതോടെ ബസ് പാര്‍ക്കിങ്ങിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
ബസുകള്‍ കോടിമതയില്‍ പാര്‍ക്ക് ചെയ്തശേഷം പുറപ്പെടുന്നതിനു പത്തു മിനിറ്റ് മുമ്പ് സ്റ്റാന്‍ഡിലേക്ക് എത്തിക്കും. സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള സ്ഥലത്തും ബസുകള്‍ പാര്‍ക്ക് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: