തിരുവനന്തപുരം : പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് അയച്ച നോട്ടീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിന്‍വലിക്കണം. എല്ലാ ഉത്തരവാദിത്തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. നിയമസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത വ്യക്തിയാണ് പാണക്കാട് ഹൈദരലി തങ്ങള്‍. കുറ്റവാളി ആരാണെന്ന് എന്‍ഫോഴ്സ്മെന്റിന് അറിയാം. തങ്ങള്‍ക്ക് അയച്ച നോട്ടീസ് പിന്‍വലിക്കണം. കുഞ്ഞാലിക്കുട്ടിക്ക് എതിരേയാണ് നോട്ടീസ് അയയ്ക്കേണ്ടതെന്നും ജലീല്‍ അറിയിച്ചു.
തങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന കുഞ്ഞാലിക്കുട്ടി സമുദായത്തേയും മുസ്ലിം ലീഗിനേയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കും. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിക്കുകയാണ്. ആത്മാര്‍ത്ഥമായി മുസ്ലിം ലീഗിനെ സ്നേഹികുന്നവര്‍ക്ക് വലിയ വേദനയാണിത്. കേരളത്തിന് പുറത്തുള്ള ചന്ദ്രികാ ദിനപത്രത്തിന്റെ എല്ലാ എഡിഷനുകളും നിര്‍ത്തിക്കഴിഞ്ഞു. തങ്ങള്‍ക്കെതിരായ കേസ് എന്‍ഫോഴ്സ്മെന്റ് പിന്‍വലിക്കണമെന്നത് തന്റെ അഭ്യര്‍ത്ഥനയാണ്.
കുഞ്ഞാലിക്കുട്ടിയുടെ മകന് സഹകരണ ബാങ്കിലേക്ക് മൂന്നരക്കോടി മാറ്റിയത് കൂടുതല്‍ പലിശ അടിച്ച് മാറ്റാനാണോ. എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 600 കോടിയോളം രേഖകളില്ലാത്ത പണമുണ്ട്. ഹൈദരലി തങ്ങള്‍ക്ക് വേണ്ടി പറയാന്‍ ലീഗുകാര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ട് മിണ്ടാതിരിക്കുന്നതാണ്. തനിക്ക് എന്‍ഫോഴ്സ്മെന്റില്‍ അല്ല വിശ്വാസം. യുഡിഎഫിനും ലീഗിനും ഇഡിയില്‍ ആയിരുന്നല്ലോ വിശ്വാസമെന്നും ജലീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: