ഓര്‍മ്മയുണ്ടോ, ജെ.പി. സുബ്രഹ്മണ്യ അയ്യര്‍ എന്ന വ്യവസായിയെ. മാര്‍ക്സിസ്റ്റുകാര്‍ കൊടികുത്തി അയ്യരെ തലസ്ഥാനത്തു നിന്ന് നാടുകടത്തിയിട്ട് 34 വര്‍ഷം പിന്നിടുന്നു. തിരുവനന്തപുരം കരമന ശിവാ തീയേറ്റര്‍ റോഡില്‍ (സിഐടി റോഡ്) ജെ.പി. സുബ്രഹ്മണ്യഅയ്യര്‍ 1968 ലാണ് ജെയ്സണ്‍ വാട്ടര്‍ടാപ്പ് നിര്‍മാണ ഫാക്ടറി ആരംഭിക്കുന്നത്. ‘വേസ്റ്റ് നോട്ട് വാട്ടര്‍ ടാപ്പെന്ന’ ഖ്യാതിയില്‍ ജെയ്സണ്‍ ടാപ്പിന് ആവശ്യക്കാര്‍ ഏറെയായിരുന്നു. തിരുവിതാംകൂറില്‍ ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന അയ്യരുടെ കണ്ടുപിടിത്തമായിരുന്നു ഈ ടാപ്പ്. വഴിയരികിലെ വാട്ടര്‍ടാപ്പുകള്‍ ആളുകള്‍ ഉപയോഗത്തിന് ശേഷം അടയ്ക്കാത്തതിനാല്‍ വെള്ളം പാഴാകുന്നത് കണ്ടപ്പോഴാണ് അയ്യര്‍ ജലപ്രവാഹം തനിയേ നിലയ്ക്കുന്ന ടാപ്പ് കണ്ടുപിടിക്കുന്നത്. ഈ പ്രത്യേക ടാപ്പിന് അയ്യര്‍ക്ക് പേറ്റന്റും ലഭിച്ചു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് വ്യാവസായികാടിസ്ഥാനത്തില്‍ ടാപ്പുകള്‍ നിര്‍മിക്കാനായി അയ്യര്‍ സഹോദരങ്ങളായ പത്മനാഭന്, ബാലു എന്നിവര്‍ക്കൊപ്പം കരമനയില്‍ ഫാക്ടറി തുറക്കുന്നത്.
അറുപതിലധികം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും ഇരുപതിലധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്കി ജെയ്സണ്‍ ഫാക്ടറി ലാഭകരമായി പ്രവര്‍ത്തിച്ചത് 18 വര്‍ഷം. ഇന്ത്യയും ശ്രീലങ്കയുമായിരുന്നു വിപണി. 1986 ന്റെ തുടക്കത്തില്‍ അനാവശ്യ തൊഴില്‍ തര്‍ക്കങ്ങള്‍ ആരംഭിച്ചു. അമിതമായ കയറ്റിയിറക്ക് കൂലി ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനാണ് ആദ്യം രംഗത്തെത്തിയത്. ടാപ്പുകള്‍ നിര്‍മ്മിക്കാന്‍ അസംസ്കൃത വസ്തുക്കള്‍ എത്തുന്നത് കോയമ്പത്തൂരില്‍ നിന്നാണ്. ഇവ ഇറക്കുന്നതിനും ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും യൂണിയന്കാര് അമിതകൂലി ആവശ്യപ്പെട്ടു. അതുവരെ വാങ്ങിയിരുന്നതിന്റെ രണ്ടിരട്ടി വര്‍ധന.
ഇന്ത്യന്‍ റെയില്‍വെ, പ്രതിരോധ സേനയുടെ സ്ഥാപനങ്ങള്‍, സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളിലേക്കാണ് ഏറ്റവുമധികം ടാപ്പുകള്‍ കയറ്റി അയച്ചിരുന്നത്. ഒരു വര്‍ഷത്തേക്കുള്ള നിരക്ക് മുന്‍കൂട്ടി നിശ്ചയിച്ച് കരാറില്‍ ഏര്‍പ്പെടുന്നതിനാല്‍ ഇടയ്ക്കുവച്ച് ഉത്പന്നത്തിന് വില വര്‍ധിപ്പിക്കാനാവില്ല. അതുകൊണ്ടു തന്നെ തൊഴിലാളികള്‍ക്ക് വര്‍ഷത്തിലൊരിക്കലാണ് കൂലി വര്‍ധിപ്പിക്കുന്നത്. എന്നാല്‍ യൂണിയന് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി തൊഴിലാളികള്‍ ശമ്പളവര്‍ധനവിനായി സമരം തുടങ്ങി. പിന്നാലെ ഫാക്ടറി മുറ്റത്ത് സിഐടിയു ചെങ്കൊടിയും നാട്ടി. ഇതോടെ അയ്യര്‍ക്ക് ഫാക്ടറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയായി. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറായെങ്കിലും യൂണിയന് വഴങ്ങിയില്ല. സമരം കൂടുതല്‍ ശക്തമായി.
ടാപ്പുകള്‍ നിര്‍മിക്കാന്‍ വാങ്ങിക്കൂട്ടിയ അസംസ്കൃത വസ്തുക്കള്‍ ഫാക്ടറിയില്‍ തുരുമ്പെടുത്ത് നശിച്ചു. ലക്ഷങ്ങളുടെ ബാധ്യത അയ്യരെയും അനുജന്മാരെയും വിഷമത്തിലാക്കി. ഒടുവില്‍ കരമനയിലെ ഫാക്ടറിയും 50 സെന്റ് ഭൂമിയും കോയമ്പത്തൂരിലെ സ്റ്റെയിന്‍സ് മോട്ടോഴ്സ് കമ്പനിക്ക് കിട്ടിയ വിലയ്ക്ക് വിറ്റു.
തൊഴിലാളികള്‍ ആവശ്യപ്പെട്ട കൂലിയും മുടങ്ങിക്കിടന്ന ആനുകൂല്യങ്ങളും അണാപൈസ ബാക്കിയില്ലാതെ കൊടുത്തു. തുടര്‍ന്ന് അയ്യര്‍ നിര്‍മാണശാല കോയമ്പത്തൂരിലേക്ക് മാറ്റി. വീണ്ടും ജെയ്സണ്‍ ടാപ്പുകള്‍ വിപണി കീഴടക്കാന്‍ തുടങ്ങി. ‘ഹൈഡ്രോ പ്ലാന്‍’ എന്ന ഒരു ജര്‍മ്മന്‍ കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് നിര്‍മിക്കാനും വില്ക്കാനുമുള്ള അവകാശം അയ്യരുടെ കയ്യില്‍ നിന്ന് വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാന് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെയ്സണ്‍ ടാപ്പിന് പ്രചാരമുണ്ടായി.
1997ല്‍ തൊണ്ണൂറ്റേഴാം വയസില്‍ അയ്യര്‍ മരിച്ചു. പ്രായാധിക്യത്താല്‍ പത്മനാഭനും ബാലുവും ഫാക്ടറി നടത്തിപ്പില്‍ നിന്ന് വിശ്രമജീവിതത്തിലേക്ക്. പത്മനാഭന്റെ മകന് ശിവ ഫാക്ടറിയുടെ ചുമതല ഏറ്റെടുത്തു. ജീവിത നിലവാരത്തിലെ ഉയര്‍ച്ച, നഗരവല്‍ക്കരണം, വീടുകളിലേക്കുള്ള ജലവിതരണം, കുപ്പിയില്‍ വരുന്ന കുടിവെള്ളത്തിന്റെ സ്വീകാര്യത ഇവയൊക്കെ റോഡുകളിലെ പൊതുടാപ്പുകളെ വംശനാശത്തിലേക്ക് നയിച്ചു. ജെയ്സണ്‍ ടാപ്പിനും ഇന്ത്യയില്‍ വിപണി നഷ്ടമായി. പക്ഷേ, ഇന്നും ഇന്ത്യന്‍ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും അയ്യര്‍ കണ്ടുപിടിച്ച ടാപ്പുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നു.
ജെയ്സണ്‍ ടാപ്പിനെ ലോകത്തിന് സമ്മാനിച്ച അയ്യരുടെ ഓര്‍മ്മകള്‍ അയവിറക്കി കരമന ശാസ്ത്രി നഗറിലെ വീട്ടില്‍ അദ്ദേഹത്തിന്റെ പിന്മുറക്കാര് ഇപ്പോഴും ജീവിക്കുന്നുണ്ട്. പഴകി ദ്രവിച്ചതെങ്കിലും ഗതകാല സ്മരണയില്‍ ഇപ്പോഴുമുണ്ട് കരമനയില്‍ ആ ഫാക്ടറി കെട്ടിടവും. യാതൊരു കുറ്റബോധവുമില്ലാതെ അവിടവിടെ നിറംമങ്ങിയ ചെങ്കൊടികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: