തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി.
ഇ.ഡി എത്തിയത് ചന്ദ്രികാ പത്രവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാലാരിവട്ടം പാലം കമ്മീഷൻ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങൾ ഭാഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഡി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തെന്ന ആരോപണം നേരത്തെ കെ.ടി ജലീലാണ് ആദ്യം പരസ്യമായി ഉന്നയിച്ചത്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ജലീല്‍ ആരോപിച്ചിരുന്നു. തന്റെ മകൻ നടത്തിയത് നിയമാനുസൃതമായ ഇടപെടലാണെന്ന് ഇതിനോട് പ്രതികരിച്ചുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എസ്ബിഐയിലുണ്ടായിരുന്ന പണം എ.ആർ നഗറിലെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ.ടി ജലീലിന്റെ ആരോപണം പ്രശസ്തിക്ക് വേണ്ടിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ആരോപിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്തെത്തിയിരുന്നു. ലീഗിന്റേയും സ്ഥാപനങ്ങളുടേയും മറവിൽ കള്ളപ്പണം വെളിപ്പിച്ചുവെന്നായിരുന്നു ആരോപണം. കള്ളപ്പണം വെളുപ്പിക്കാൻ ആരാധനാലയങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചുവെന്നും ജലീൽ ആരോപിച്ചു. എആർ നഗർ ബാങ്കിൽ നിന്ന് 110 കോടി രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. പാണക്കാട് തങ്ങളെ മറയാക്കി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാഫിയാ പ്രവർത്തനം ആണെന്നും കെ.ടി ജലീൽ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: