കോഴിക്കോട്: ‘കെഞ്ചിര’യിലൂടെ പണിയ ഭാഷയില്‍ അവര്‍ പറഞ്ഞുവയ്‌ക്കുന്നത് ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കഥയാണ്. വയനാട്ടിലെ പണിയ സമൂഹം നേരിടുന്ന അവഗണനയുടെ കഥയാണ് ഈ സിനിമയിലൂടെ സംവിധായകന്‍ മനോജ് കാന അവതരിപ്പിക്കുന്നത്. ചിത്രം ആഗസ്ത് 17ന് ഒടിടിയില്‍ റിലീസ് ചെയ്യും.
സ്വത്വസമ്പന്നമായ ഗോത്രസംസ്‌കാരത്തെ നരകജീവിതത്തിന്റെ മരുപ്പറമ്പുകളിലേക്ക് എങ്ങനെയാണ് ആട്ടിപ്പായിച്ചതെന്ന് കെഞ്ചിര ദൃശ്യവത്കരിക്കുന്നു. 2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മികച്ച ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരവും മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കെഞ്ചിര മികച്ച രണ്ടാമത്തെ ചിത്രമായിരുന്നു.
സിനിമയിലോ ജീവിതത്തിന്റെ മുഖ്യധാരയിലോ മുഖം കാണിക്കാന്‍ കഴിയാത്ത പണിയ ഗോത്രജനതയാണ് ഇതില്‍ സ്വന്തം ജീവിതം അവതരിപ്പിക്കുന്നത്. വിനുഷ രവിയാണ് മുഖ്യകഥാപാത്രം. അഭിനയരംഗത്ത് വിനുഷയുടെ ആദ്യപ്രവേശമായിരുന്നു കെഞ്ചിര. ‘ക്യാമറയ്‌ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ പേടിയായിരുന്നു. അഭിനയിക്കാന്‍ കഴിയുമോ എന്ന പേടി. എന്നാല്‍ തങ്ങളുടെ ജീവിതകഥയാണ് അവതരിപ്പിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആശങ്കമാറി. സിനിമ കണ്ടപ്പോള്‍ ആത്മവിശ്വാസമാണുള്ളത്’, വിനുഷ പറഞ്ഞു.
ഇപ്പോള്‍ കണിയാമ്പറ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ വിനുഷ ദ്വാരക പത്തില്‍കുന്ന് കോളനിയിലാണ് താമസിക്കുന്നത്. ബിന്ദുവിന്റെയും രവിയുടെയും മകള്‍. അച്ഛനും അമ്മയും കുടുംബക്കാരും കോളനിയിലുള്ള 90 ശതമാനം ആളുകളും സിനിമയുടെ ഭാഗമായി. അവര്‍ അഭിനയിക്കുകയായിരുന്നില്ല വയനാട്ടിലെ ചൂഷണം ചെയ്യപ്പെടുന്ന ഗോത്രസമൂഹത്തിന്റെ യഥാര്‍ഥ ജീവിതം ദൃശ്യവത്കരിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു.
വനവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെയുള്ള സമരംകൂടിയാണ് തന്റെ സിനിമയെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രസമൂഹങ്ങളില്‍ പണിയസമൂഹം ഇന്നും ഏറെ പിന്നിലാണ്. തങ്ങള്‍ക്കുള്ള സംവരണം പോലും അവകാശപ്പെട്ടതാണന്ന് അറിയാത്ത ജനതയാണവര്‍. കൃഷി ചെയ്യാന്‍ ഒരു തുണ്ട് ഭൂമിപോലും ഇല്ലാത്തവര്‍. കര്‍ഷക തൊഴിലാളികളായതുകൊണ്ട് തങ്ങളിന്ന് അടിമകളാണെന്ന ധാരണയിലാണ് അവര്‍ ജീവിക്കുന്നത് അദ്ദേഹം പറഞ്ഞു.
വിനുഷ രവിയെ കൂടാതെ കെ.വി. ചന്ദ്രന്‍, മോഹിനി, ജോയ് മാത്യു, സനൂജ് കൃഷ്ണന്‍, കരുണന്‍ മൂപ്പന്‍, വിനു കുഴിഞ്ഞങ്ങാട് എന്നിവരാണ് ഇതിലെ അഭിനേതാക്കള്‍. ആഗസ്ത് അഞ്ചിന് റസൂല്‍ പൂക്കുട്ടി സിനിമയുടെ ട്രെയ്‌ലര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രകാശനം ചെയ്യും. സ്വന്തം മണ്ണില്‍ നിന്ന് പറിച്ചെറിയപ്പെട്ട ഒരു ജനതയുടെ സിനിമാവിഷ്‌കാരം 100 രൂപ സ്‌ക്രീനിങ് ഫീ നല്‍കി കാണണമെന്നാണ് അഭ്യര്‍ത്ഥനയെന്ന് മനോജ് കാന പറഞ്ഞു. നേര് ഫിലിംസും മങ്ങാട്ട് ഫൗണ്ടേഷനുമാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: