ജീവിതയാത്രയില്‍ വഴിതെറ്റാതിരിക്കാനും ധര്‍മ്മമാര്‍ഗത്തിലൂടെ തന്നെ മുന്നേറാനും സഹായകമാകുന്നതാണ് സജ്ജനങ്ങളുമായുള്ള സമ്പര്‍ക്കം. മനസ്സും വാക്കും പ്രവൃത്തിയും നന്നായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുന്നവരാണ് സജ്ജനങ്ങള്‍. അവര്‍ ഒരിക്കലും ദോഷൈകദൃക്കുകളോ, അശുഭചിന്താഗതിക്കാരോ ആവില്ല. നൈരാശ്യമോ, ഭയമോ മറ്റു വ്യഥകളോ അലട്ടുമ്പോള്‍ സജ്ജനങ്ങളുമായി ബന്ധപ്പെട്ടാല്‍ നമുക്ക് ആശ്വാസം ലഭിക്കുന്നു. ദുര്‍ജനങ്ങളെയാണ് സമീപിക്കുന്നതെങ്കില്‍ നമ്മുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയേയുള്ളൂ.
തിന്മകളും ദുര്‍ജനങ്ങളും ധാരാളമുള്ളതാണ് സമൂഹം. ലോകം ഇങ്ങനെയാണല്ലോ എന്നോര്‍ത്ത് പലപ്പോഴും നമുക്ക് ദുഃഖവും രോഷവുമുണ്ടാകും. അതുകൊണ്ട് കാര്യമില്ല. രക്ഷപ്പെടാനുള്ള മാര്‍ഗം നന്മകളോടും സജ്ജനങ്ങളോടും ചേര്‍ന്നു നില്ക്കുക മാത്രമാണ്.
”സാധുസംഗതി തന്നെ മോക്ഷകാരണമെന്നു
വേദാന്തജ്ഞന്മാരായ വിദ്വാന്മാര് ചൊല്ലീടുന്നു
സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ”
(ആരണ്യകാണ്ഡം)
സമചിത്തതയുള്ളവരാണ് സാധുക്കള്‍ (സജ്ജനങ്ങള്‍). വികാരമല്ല, വിവേകമാണ് അവരെ നയിക്കുക. അവരുമായുള്ള സമ്പര്‍ക്കവും സൗഹൃദവും അവരുടെ ഗുണങ്ങള്‍ നമ്മളിലേക്കും പകരാനിടയാക്കും.
മന്ഥരയുടെ ദുര്‍ഭാഷണം കേട്ട് കൈകേയിയുടെ മനസ്സ് ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നു. ആ സന്ദര്‍ഭത്തില്‍ സജ്ജന സമ്പര്‍ക്കത്തിന്റെയും ദുര്ജ്ജനവര്ജനത്തിന്റെയും പ്രാധാന്യം രാമായണം ഊന്നിപ്പറയുന്നുണ്ട്.
”ദേശിക വാക്യസ്ഥിതനായ് സുശീലനാ-
യാശയശുദ്ധനായ് വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാല്‍
സജ്ജനനിന്ദ്യനായ് വന്നുകൂടും ദൃഢം
ദുര്ജനസംസര്ഗ മേറ്റമകലവേ
വര്ജിക്കവേണം പ്രയത്നേന സല്പുമാന്
കജ്ജളം പറ്റിയാല്‍ സ്വര്‍ണവും നിഷ്പ്രഭം”
(അയോധ്യാ കാണ്ഡം)
ദുര്‍ജനങ്ങളില്‍ നിന്ന് നമുക്കുണ്ടായേക്കാവുന്ന വിപത്തുകളെക്കുറിച്ച് രാമായണം തരുന്ന ശക്തമായ മുന്നറിയിപ്പാണിത്. സജ്ജനങ്ങളെ നിന്ദിച്ചും വഴിതെറ്റിച്ചും സന്തോഷിക്കുന്നവരാണ് ദുര്ജനങ്ങള്. സത്യവും ധര്‍മ്മവും വെടിഞ്ഞ അവരെ പേടിക്കുക തന്നെ വേണം. സജ്ജനങ്ങളാകട്ടെ, ദുര്ജ്ജനങ്ങളെപ്പോലും നിന്ദിക്കുകയില്ല.
”നിസ്സാരമെത്രയും സംസാരമോര്‍ക്കിലോ
സത്സംഗമൊന്നേ ശുഭകരമായുള്ളൂ”
(അയോധ്യാകാണ്ഡം)
നിസ്സാരമായ ഈ സംസാരത്തില്‍ സജ്ജനസഹവാസം മാത്രമാണ് ശുഭകരം എന്ന് രാമായണ കര്‍ത്താവ് ആവര്‍ത്തിക്കുന്നത് അതിന്റെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്താനാണ്.
ഏതു പ്രതിസന്ധിഘട്ടത്തിലും നന്മയുടെ പക്ഷത്ത് അടിയുറച്ച് നില്‍ക്കാനുള്ള ആത്മബലം സജ്ജനസമ്പര്‍ക്കം വഴി നമുക്കു ലഭിക്കും. അപ്പോള്‍ അശുഭചിന്തകളും ആലസ്യവുമൊഴിഞ്ഞ് മനസ്സ് രചനാത്മകമാകും. സാര്‍ഥകമായ ജീവിതത്തിന്റെ അടിസ്ഥാനം രചനാത്മകചിന്തകളുള്ള മനസ്സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: