വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോഴും തലസ്ഥാനത്ത് അടച്ചുപൂട്ടപ്പെട്ട കമ്പനികളുടേയും ഫാക്ടറികളുടേയും എണ്ണം ഞെട്ടിക്കുന്നതാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവ വെള്ളാനകള്‍ കട്ടുമുടിച്ചാണ് പൂട്ടിച്ചതെങ്കില്‍, സ്വകാര്യ മേഖലയിലുള്ളവരെ നാടുകടത്തിയത് രാഷ്ട്രീയക്കാരാണ്.
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ട് കേരളാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആറ് വന്‍കിട വ്യവസായ സ്ഥാപനങ്ങളാണ് തലസ്ഥാനത്ത് അടച്ചു പൂട്ടിയതായി കേരളാ സര്‍ക്കാരിന്റെ പബ്ലിക് എന്റര്‍പ്രൈസസ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിലാകെ 21 വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് പൂട്ടുവീണത്. കുറഞ്ഞത് 3000 കോടിയുടെ നിക്ഷേപം ഉണ്ടായിരുന്ന ഈ വന്‍കിട കമ്പനികളില്‍ 3000 സ്ഥിര ജീവനക്കാരും 6000ല്‍ അധികം താത്കാലിക ജീവനക്കാരും ഉണ്ടായിരുന്നു. ഇന്നത്തെ കമ്പോളവിലയുടെ അടിസ്ഥാനത്തില്‍ കുറഞ്ഞത് 20,000 കോടിയുടെ നിക്ഷേപം ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതു മൂലം നഷ്ടമായി. ഈ കമ്പനികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് 25000ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതിവരുമാനം 10,000 കോടിയിലധികം നഷ്ടമായി. ഏറ്റവുമധികം കമ്പനികള്‍ പൂട്ടിപ്പോയത് തിരുവനന്തപുരത്തും കണ്ണൂരിലുമാണ്.
താഴുവീണതിന്റെ കണക്കുകള്‍
കേരളാ ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട് ട്രേഡിങ്ങ് കോര്പ്പറേഷന്, കേരളാ സ്റ്റേറ്റ് സാലിസിലിക്കേറ്റ് ആന്‍ഡ് കെമിക്കല്‍സ്, മെട്രോ പൊളിറ്റന്‍ എന്‍ജിനീയറിങ്, കെല്‍ട്രോണ്‍ കൗണ്ടര്‍സ്, ട്രിവാന്‍ഡ്രം റബ്ബര്‍ വര്‍ക്സ് എന്നിവയാണ് തലസ്ഥാനത്ത് പൂട്ടിപ്പോയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍കിടസ്ഥാപനങ്ങള്‍. ഇതുകൂടാതെ പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, വര്‍ക്കല ഇന്‍ഡസ്ട്രിയല്‍ ഏര്യ, മണ്‍വിള ഇന്‍ഡസ്ട്രിയല്‍ ഏര്യ, വേളി ഇന്‍ഡസ്ട്രിയല്‍ ഏര്യ എന്നിവിടങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ താഴുവീണത് അന്‍പതിലധികം സ്വകാര്യ സംരംഭകരുടെ വ്യവസായ യൂണിറ്റുകള്‍ക്ക്. വികസനങ്ങള്‍ വഴിമുട്ടിയപ്പോഴും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതായപ്പോഴും പൂട്ടുവീണവയാണ് ഇവയെല്ലാം.
ഭാരതം സ്വതന്ത്രമാകുന്നതിന് മുമ്പ് ചാക്കയില്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് 1935 ഓഗസ്റ്റ് 17 ന് ആരംഭിച്ച ഫാക്ടറിയാണ് ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ്. റബ്ബര്‍ കര്‍ഷകര്‍ക്ക് താങ്ങാവാന്‍ രാജ്യത്ത് ആദ്യമായി തുടങ്ങിയ സംരംഭം. ജനാധിപത്യ ഭരണം വന്ന് 1949 ല്‍ റബ്ബര്‍ വര്‍ക്സ് സര്‍ക്കാര്‍ ഏറ്റെടുത്തു. 1957 ല്‍ ധനമന്ത്രി സി. അച്യുതമേനോന് ആദ്യ കേരള ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സിന്റെ ലാഭക്കണക്കുകള്‍ മാത്രമായിരുന്നു നിരത്താനുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഫാക്ടറി ഭരണം ചില വെള്ളാനകള്‍ ഏറ്റെടുത്തതോടെ പറയാനുള്ളത് നഷ്ടക്കണക്കുകള്‍ മാത്രമായി. ക്രമേണ ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ് അടച്ചുപൂട്ടി. ഇന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ഓഫീസിന്റെ ഭാഗമാണ് റബ്ബര്‍ വര്‍ക്സ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം. കഴക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന കേരള സ്റ്റേറ്റ് സാലിസിലിക്കറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ തകര്‍ച്ച രാജ്യത്തിനാകെ നഷ്ടമാണ്. ആസ്പിരിന്‍ എന്ന മരുന്ന് വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന കമ്പനിയായിരുന്നു ഇത്. മരുന്ന് ദൗര്‍ലഭ്യം നേരിടുന്ന ഈ കാലത്ത് ഈ മരുന്ന് കമ്പനി പൂട്ടിപോകാന്‍ ഇടയാക്കിയ സാഹചര്യം അക്ഷന്തവ്യമാണ്.
ബോണക്കാട്ടെ ദുരിതജീവിതം
സ്വകാര്യ മേഖലയില്‍ പൂട്ടിപ്പോയ ഏറ്റവും വലിയ വ്യവസായ കേന്ദ്രമാണ് ബോണക്കാട് റ്റീ ഫാക്ടറി. 1000 തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന ബോണക്കാട് റ്റീ ഫാക്ടറി പൂട്ടിയിട്ട് 20 വര്‍ഷം പിന്നിടുന്നു. 1114 ഏക്കറില്‍ തളിരിട്ടു നിന്ന ഇവിടുത്തെ തേയിലത്തോട്ടം ഇന്ന് കാടുമൂടി. പൊട്ടിപ്പൊളിഞ്ഞ 51 ലയങ്ങളില്‍ ഇന്നും ഫാക്ടറി തുറക്കുന്നത് സ്വപ്നം കണ്ട് ഇവിടെ 266 തൊഴിലാളികള്‍ ദുരിതജീവിതം നയിക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് വേളയിലും ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഇടതും വലതും മുന്നണികള്‍ തൊഴിലാളികള്‍ക്ക് വാഗ്ദാനം നല്കുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഫാക്ടറി ഉടമകളായ മഹാവീര്‍ പ്ലാന്റേഷനുമായി സര്‍ക്കാര്‍ ഇടയ്ക്കിടെ ചര്‍ച്ചയെന്ന പ്രഹസനം നടത്തുന്നതൊഴികെ.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറിയും പൂട്ടിക്കിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം. 1500 തൊഴിലാളികളാണ് ഇവിടെ പട്ടിണി കിടക്കുന്നത്. ഒരു തൊഴിലാളി ആറു മാസം മുമ്പ് ആത്മഹത്യ ചെയ്തിട്ടും ഇവിടുത്തെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
യുവസംരംഭകനോട് ചേദിച്ചത് കൈക്കൂലി
സ്വകാര്യസംരംഭങ്ങളുമായി വരുന്നവരെ സര്‍ക്കാര്‍ സംവിധാനങ്ങളും ട്രേഡ് യൂണിയനുകളുടെ ഗുണ്ടായിസവും ആട്ടിയോടിക്കുന്നതിന്റെ ഒരുദാഹരണമാണ് ബേക്കറി സാധനങ്ങള്‍ നിര്‍മിക്കാന്‍ ഫാക്ടറി തുടങ്ങാനെത്തിയ ജനന്‍സ് എന്ന യുവാവിന്റെ അനുഭവം. 2019 ല്‍ കുളത്തൂരില്‍ ബേക്കറി സാധനങ്ങള്‍ നിര്‍മിക്കാന്‍ ഫാക്ടറി തുറക്കാനെത്തിയ യുവസംരംഭകന് ജനന്സി (33)നോട് തിരുവനന്തപുരം നഗരസഭ ഉദ്യോഗസ്ഥര്‍ കാല് ലക്ഷം രൂപയാണ് കൈക്കൂലി ചോദിച്ചത്. ജനന്‍സ് ഫാക്ടറിക്കായി 12 ലക്ഷം മുടക്കി വാങ്ങിയ യന്ത്രങ്ങള്‍ കമ്പനി അധികൃതര്‍ ഇറക്കിവച്ചപ്പോള്‍ നോക്കുകൂലി ആവശ്യപ്പെടുകയും കൊടുക്കാത്തതിന് യൂണിയന് നേതാവ് ആ സംരംഭകനെ മര്‍ദിച്ചതും തലസ്ഥാനം കണ്ടു. കഴക്കൂട്ടത്ത് ഷോപ്പിംഗ് മാള്‍ തുടങ്ങാനെത്തിയ പ്രവാസിയെ യൂണിയന് തൊഴിലാളികള്‍ ചെങ്കൊടി കുത്തി നാടുകടത്താന്‍ ശ്രമിച്ചതും ഈ വ്യവസായ സൗഹൃദ സംസ്ഥാനത്തില്‍ തന്നെ.
വ്യവസായശാലകള്‍ക്ക് പൂട്ടിട്ട്, സംരംഭകരെ നിരുത്സാഹപ്പെടുത്തി സര്‍ക്കാര്‍ ഇവിടെ വ്യവസായങ്ങള്‍ക്ക് ശവപ്പറമ്പ് തീര്‍ക്കുകയാണ്. ഓരോ വ്യവസായങ്ങളും കേരളം വിട്ടു പോകുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് നേരേയാണ് വിരല്‍ചൂണ്ടുന്നത്. തൊഴില്‍രഹിത യുവതയെ സൃഷ്ടിക്കുന്നതില്‍ മാത്രമാണ് ഇടത് വലത് ഭരണകൂടങ്ങള്‍ മികവ് പുലര്‍ത്തിയിട്ടുള്ളത്. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: