ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര ഹൈറ്റ്സില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണായി. ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഗോഗ്ര ഹൈറ്റ്സ്. വൈകാതെ ഇരുരാജ്യത്തെയും പട്ടാളക്കാരും വാഹനങ്ങളും ഇവിടെ നിന്നും പിന്മാറ്റം ആരംഭിക്കുമെന്ന് കരുതുന്നു. യുഎസ് ആഭ്യന്തരസെക്രട്ടറി ബ്ലിങ്കന്റെ ഇന്ത്യാസന്ദര്‍ശനവും അമേരിക്കയുടെ ശക്തമായ ചൈനാവിരുദ്ധ നിലപാടും ചൈനയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. തല്ക്കാലം നിരുപാധികം സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത് ഈ ഘടകങ്ങളാണ്.
2020 മെയ് മാസം മുതല്‍ ഗോഗ്ര ഹൈറ്റ്സില്‍ ഇന്ത്യയും ചൈനയും സൈനികരെ വിന്യസിച്ചിരുന്നു. 12ാം കോര്‍പ്സ് കമാന്റര്‍ തല ചര്‍ച്ചകളിലാണ് ഈ ധാരണയിലെത്തിയത്. ഒമ്പതുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് സമാധാനത്തിലേക്ക് വഴിതുറക്കുന്ന തീരുമാനം ഉണ്ടായത്.
നേരത്തെ പാംഗോംഗ് തടാക തീരത്തുനിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ആറ് മാസം മുമ്പ് നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഇതനുസരിച്ച് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മില്‍ ഇക്കുറി തുറന്ന, ആഴത്തിലുള്ള ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് പ്രകാരം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പടഞ്ഞാറന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലുള്ള ഇരുരാജ്യങ്ങളുടെയും സൈന്യത്തെ പിന്‍വലിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നതായി അറിയുന്നു. സമാധാന ചര്‍ച്ചകള്‍ തുടരാനും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ അതുവരെ സുസ്ഥിരത നിലനിര്‍ത്താനും അനൗദ്യോഗിക ധാരണയിലെത്തിയിട്ടുണ്ടെന്നും വാര്ത്തവൃത്തങ്ങള് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: