തിരുവനന്തപുരം: ആരോപണവിധേയരായ മന്ത്രിമാര്‍ രാജിവെക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഭയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പല കേസുകളിലും മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതു കൊണ്ട് മന്ത്രിമാര്‍ രാജിവെച്ചാല്‍ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹത്തിന് അറിയാം. എസ്എന്‍സി ലാവ്ലിനില് മാത്രമല്ല സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളിലും കുന്തമുന തനിക്ക് നേരെയാണെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പാണെന്നും നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിചാരണ ചെയ്യണമെന്ന് വിധിച്ച ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി ഡോളര്‍ക്കടത്താന്‍ തങ്ങളെ സഹായിച്ചുവെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ഗൗരവതരമാണ്. ഇത് കസ്റ്റംസ് കമ്മീഷണറും സ്ഥിരീകരിച്ചതാണ്.
സംസ്ഥാനത്ത് നടന്ന നിരവധി അഴിമതി, രാജ്യദ്രോഹ കേസുകളിലും മുഖ്യമന്ത്രി ആരോപണവിധേയനാണ്. പ്രോട്ടോകോള്‍ ലംഘിച്ച് വിദേശ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്ന ആരോപണവും അദ്ദേഹം നേരിടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം മന്ത്രിമാരുടെ രാജി ആവശ്യപ്പെടാത്തത്. സംസ്ഥാനത്ത് മന്ത്രിമാര്‍ തന്നെ നിയമംലംഘിക്കുകയാണ്. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള സര്‍ക്കാരാണെങ്കില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ച് പുറത്തുപോവേണ്ടതായിരുന്നു. സ്ത്രീപീഡന കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ശശീന്ദ്രനും നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ച ശിവന്‍കുട്ടിയും രാജിവെക്കാത്തത് കേരളത്തിന് നാണക്കേടാണ്. പൂജപ്പുരയില്‍ പോയി ചായ അല്ല സെന്‍ട്രല്‍ ജയിലിലെ ഉണ്ടയാണ് ശിവന്‍കുട്ടി കഴിക്കേണ്ടത്. പൊതുമുതല്‍ നശിപ്പിച്ച മന്ത്രി രാജിവെച്ച് വിചാരണ നേരിടേണ്ടതിന് പകരം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ കേരളത്തിലാണ്. എന്നാല്‍ കൂടുതല്‍ കേസുകള്‍ കണ്ട് പിടിക്കുന്നത് വലിയ മേന്മയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടതാണ് കേസുകള്‍ വര്‍ദ്ധിക്കാന്‍ കാരണം. ബക്രീദിന് മൂന്ന് ദിവസം കടകള്‍ എല്ലാം തുറന്ന് കൊടുത്തതിന്റെ ഫലമാണ് മലപ്പുറം ജില്ലയിലെ പ്രതിദിനമുള്ള 4,000 കേസുകള്‍. അശാസ്ത്രീയമായ പ്രതിരോധമാണ് കേരളത്തിലുള്ളത്. വ്യാപാരികളോട് സര്‍ക്കാരിന് ദേഷ്യം ഉണ്ടെങ്കില്‍ അത് കൊവിഡിന്റെ കാര്യത്തിലല്ല പ്രകടിപ്പിക്കേണ്ടത്. വീണ ജോര്‍ജ് ആരോഗ്യമന്ത്രിയായ ശേഷം കേരളം വലിയ ദുരന്തത്തിലേക്കാണ് പോവുന്നത്. ലോകാരോഗ്യ സംഘടനയുടേയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയതാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം തകരാന്‍ കാരണം. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷധാന്യങ്ങള്‍ പോലും മാന്യമായി വിതരണം ചെയ്യാന്‍ ഈ സര്‍ക്കാരിന് സാധിക്കുന്നില്ല. കൊലപാതകത്തിലും സ്ത്രീപീഡനത്തിലും അഴിമതിയിലും പട്ടിണിയിലും ദാരിദ്രത്തിലും കേരളം നമ്പര്‍ വണ്ണാണ്. വിഡി സതീശന് പ്രതിപക്ഷ നേതാവായതുകൊണ്ട് രക്ഷപ്പെട്ടെന്നാണ് പിണറായി കരുതരുതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറി സി.ശിവന്‍കുട്ടി, വക്താവ് നാരായണന് നമ്പൂതിരി, ജില്ലാ ജനറല്‍സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: