തൃശ്ശൂര്‍ : ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരത്തിന് പ്രസിദ്ധ കഥകളിനടന് കലാമണ്ഡലം ഗോപി അര്‍ഹനായി. ശ്രീകൃഷ്ണ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സാഹിത്യം, കല, വൈജ്ഞാനിക രംഗങ്ങളില്‍ മികച്ച സംഭാവന ചെയ്തിട്ടുള്ള വ്യക്തികളെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുന്നത്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.ബാലഗോകുലം ഭാരവാഹികളായ എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, ഡി നാരായണ ശര്‍മ്മ, കെ എസ് നാരായണന് , വി എന്‍ ഹരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
പ്രൊ. എം ജി ശശിഭൂഷണ്‍, ഡി.നാരായണ ശര്‍മ്മ, ഡോ. ചാത്തനാട്ട് അച്ചുതനുണ്ണി എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.ശ്രീകൃഷ്ണജയന്തിയൊടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പുരസ്കാരം സമര്‍പ്പിക്കും
.കഥകളിയില്‍ കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് ഗോപി. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും പച്ച വേഷങ്ങളാണ് കൂടുതല്‍ ആസ്വാദകപ്രശംസ നേടിയത്.
പ്രഗല്ഭരായ ഗുരുക്കന്മാരുടെ കീഴില്‍ ഏഴുവര്‍ഷം കലാമണ്ഡലത്തില്‍ പഠിച്ചശേഷം കലാമണ്ഡലത്തില്‍ അദ്ധ്യാപകനായി. പിന്നീട് പ്രധാന അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഗോപി കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
‘കലാമണ്ഡലം ഗോപി’ എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന് ചിത്രീകരിച്ച ഡോക്യുമെന്ററി പ്രസിദ്ധമാണ്. ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം, ലൗഡ്സ്പീക്കര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇരുപത്തിയഞ്ചാമത് ജന്മാഷ്ടമി പുരസ്കാരമാണ് ഇത്തവണത്തേത്. മാതാ അമൃതാനന്ദമയീദേവി, മഹാകവി അക്കിത്തം, സുഗത കുമാരി, യൂസഫലി കേച്ചേരി, കെ ബി ശ്രീദേവി, പി ലീല, മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി, സ്വാമി ചിദാനന്ദപുരി, സ്വാമി പരമേശ്വരാനന്ദ, ആര്‍ട്ടിസ്റ്റ് കെ കെ വാര്യര്‍, തുളസി കോട്ടുങ്കല്‍, അമ്പലപ്പുഴ ഗോപകുമാര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. രമേശന് നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, പി.പരമേശ്വരന്, മധുസൂദനന് നായര്‍, കെ.എസ്. ചിത്ര, കെ ജി ജയന്, പി നാരായണകുറുപ്പ്, സുവര്‍ണ്ണ നാലപ്പാട്, ശ്രീകുമാരന്‍ തമ്പി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ ജന്മാഷ്ടമി പുരസ്ക്കാരം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: