ദേശീയ സഹകരണ നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ 1969ല്‍ നടപ്പിലാക്കിയ നിയമവും ചട്ടങ്ങളും, പിന്നീട് കാലക്രമത്തില്‍ വന്ന ഭേദഗതികളും ആണ് കേരളത്തിലെ സഹകരണ സ്ഥാപന നടത്തിപ്പിന്റെ അടിസ്ഥാന നിയമങ്ങള്‍. ഇവയാകട്ടെ അതത് കാലത്തെ രാഷ്‌ട്രീയ താല്പര്യങ്ങളെ മുന്‍നിര്‍ത്തി നടത്തിയ ഏച്ചു കൂട്ടലുകള്‍ അല്ലാതെ, വളര്‍ന്നു വരുന്നതും ചലനാത്മകവുമായ സമീപകാല സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായ നിയന്ത്രണങ്ങളോ ചട്ടങ്ങളോ ഇല്ലാത്തവയാണ് എന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അടക്കം ഉള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
വായ്പ വാങ്ങുന്ന സഹകാരികള്‍ അറിയാതെ കണക്കുകളില്‍ കൃത്രിമം കാണിച്ച് ഉയര്‍ന്ന വായ്പകള്‍ മറ്റ് അക്കൗണ്ടിലേക്ക് വക മാറ്റി പണം തട്ടുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന ഒരു രീതി. നിക്ഷേപകന്‍ അറിയാതെ അയാളുടെ നിക്ഷേപം ആയി പണം എടുക്കുന്ന രീതി മറ്റു ചില ഇടങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഒരു നിയമാവലികളും ഇല്ലാതെ കുത്തഴിഞ്ഞ ഒരു വ്യവസ്ഥിതിയാണ് സഹകരണ രംഗത്ത് ഇന്ന് ഉള്ളത്. സഹകരണസ്ഥാപനത്തെ ഒരു പാര്‍ട്ടിയെ തന്നെ തുടര്‍ച്ചയായി ഭരിക്കാന്‍ നിയോഗിച്ച സ്ഥാപനങ്ങളിലാണ് ഇത്തരം തട്ടിപ്പുകള്‍ കൂടുതല്‍ അരങ്ങേറിയിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് 40 വര്‍ഷമായി സിപിഎം നിയന്ത്രിക്കുന്ന ഇടതുപക്ഷ ഭരണത്തിലാണ്.
കേരളത്തില്‍ 21,000 പലവിധ സഹകരണ സ്ഥാപനങ്ങള്‍ ഉള്ളതില്‍ ഏകദേശം 1500 പ്രാഥമിക സഹകരണ സംഘങ്ങള്‍ തന്നെ ഉണ്ട്. പ്രാഥമിക സംഘങ്ങളില്‍ ഏകദേശം 1000 ത്തില്‍ അധികം സംഘങ്ങള്‍ സജീവമാണ്. വലിയ സംഘങ്ങള്‍ 500 കോടിയോ അതിനു മുകളിലോ ആണ് മൂലധനം കൈകാര്യം ചെയ്യുന്നതായി കണക്കാക്കുന്നത്. ഒരു സംഘത്തില്‍ ശരാശരി 5000 അംഗങ്ങളുണ്ടെന്ന് പരിഗണിച്ചാല്‍ 75 ലക്ഷം പേര്‍ സഹകരണസംഘവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണാം. ഏകദേശം 75000 കോടിക്ക് മുകളില്‍ നിക്ഷേപവും ലോണും കൈകാര്യം ചെയ്യുന്നവയാണ് സഹകരണ പ്രസ്ഥാനങ്ങള്‍ എന്ന് അനുമാനിക്കാം.
ഇതു മാത്രമല്ല ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 8300 കോടിയിലേറെ രൂപ കേരളത്തിലെ സഹകരണ രംഗത്തിന്റെ വികസനത്തിനായി പല രീതിയില്‍ നല്‍കിയിട്ടുണ്ട്. രണ്ട് കോടിയിലധികം ജനങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്ന, കേരളത്തിലെ സമ്പദ്ഘടനയെ സ്വാധീനിക്കുന്ന സഹകരണ സംവിധാനം, എന്നാല്‍ പ്രവൃത്തിക്കുന്നത് ദുര്‍ബ്ബലമായ ചട്ടക്കൂടിലാണ്.
കാലോചിതമായി പരിഷ്‌കരിക്കപ്പെടാത്ത നിയമങ്ങളോ, ശക്തമായ ചട്ടങ്ങളോ ഇല്ലാതെയാണ് സഹകരണ പ്രസ്ഥാനം മുന്നോട്ട് പോയത്. ഇതാണ് കരുവന്നൂര്‍ തട്ടിപ്പുവരെ എത്തിനില്‍ക്കുന്ന സഹകരണരംഗത്തെ ചതിക്കുഴികള്‍ നല്‍കുന്ന പാഠം.
സഹകരണ ഭരണ സംവിധാനം
കേരളത്തിലെ സഹകരണ ബാങ്ക് രംഗത്ത് ഏകദേശം 15000 മോ അതില്‍ കൂടുതലോ സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍ ഉണ്ട് എന്ന് അനുമാനിക്കുമ്പോള്‍ അവരില്‍ മഹാഭൂരിപക്ഷവും രാഷ്‌ട്രീയ വിധേയത്വം മാത്രം കൈമുതലാക്കിയവരാണ്. ജീവനക്കാരില്‍, സെക്രട്ടറി ഒഴിച്ച് ബാക്കി ഭൂരിഭാഗവും രാഷ്‌ട്രീയ പിന്തുണയ്‌ക്ക് അപ്പുറം ശരിയായ വിദ്യാഭ്യാസ യോഗ്യതകളോ പ്രായോഗിക അനുഭവമോ കുറഞ്ഞവരാണ്. അത് തന്നെയാണ് സഹകരണ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നതിലെ ഒരു കാരണം. സഹകരണ പരിജ്ഞാനം ഉണ്ടാകണം എന്ന് നിയമം അനുശാസിക്കുന്ന സെക്രട്ടറി എപ്പോഴും ബോര്‍ഡിന്റെ ആജ്ഞാനുവര്‍ത്തി മാത്രമാണ്. സാമ്പത്തിക സ്ഥാപനം കൈയാളുന്നതിന് വേണ്ട പരിജ്ഞാനം ഇല്ലാത്ത ഈ വിഭാഗത്തെ അതിന് പ്രാപ്തരാക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരിക്കലും ശ്രമിക്കാറില്ല. അതിനാവശ്യമായ നിയമാവലികള്‍ ഇതുവരെ രൂപീകരിച്ചിട്ടുമില്ല
പഞ്ചാബ്, മഹാരാഷ്‌ട്ര സഹകരണ ബാങ്കുകള്‍, വാല്‍ ചന്ദ് നഗര്‍ സഹകാരി എന്നീ സഹകരണ ബാങ്കുകളുടെ തകര്‍ച്ചകള്‍ക്ക് ശേഷം റിസര്‍വ്വ് ബാങ്ക് അര്‍ബ്ബന്‍ ബാങ്കുകള്‍ക്കായി കൊണ്ടുവന്ന നിബന്ധനകള്‍ ഇവിടെ പരിഗണിക്കേണ്ടതാണ്. സമാനമായി കേരളത്തിലെ സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് ഉചിതമായ മാനദണ്ഡങ്ങള്‍ നടപ്പാക്കേണ്ടതാണ്. സഹകാരികള്‍ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത ഉണ്ടാവണമെന്ന് സഹകരണ നിയമത്തില്‍ ചട്ടം ഉണ്ടാക്കേണ്ടതുണ്ടെന്ന അനിവാര്യതയാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ചൂണ്ടിക്കാണിക്കുന്ന യാഥാര്‍ത്ഥ്യം അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പുതിയതായി നടപ്പിലാക്കിയ നയങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് സഹകരണ വകുപ്പ് ആലോചിക്കേണ്ടതാണ്.
വായ്പ നടപടികളും കണക്കും
സഹകാരികളെ തികച്ചും അകറ്റി നിറുത്തി അവരുടെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പോലും നല്‍കാതെ തികച്ചും ഏകപക്ഷീയമായ ശൈലിയിലാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത്. ഈ ആക്ഷേപം പരിഹരിക്കാതെ സഹകരണ രംഗത്തിന് മുന്നോട്ടു പോകാനാവില്ല. റിസര്‍വ് – ബാങ്ക് പലിശനിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ പലിശ ഈടാക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം ആണ് അന്തിമമായത്. സാമ്പത്തിക വിഷയങ്ങളില്‍ നിരക്ഷരരായ ഒരു വിഭാഗത്തെ കബളിപ്പിച്ചതിനു തുല്യമാണ് സമീപകാല സഹകരണ തട്ടിപ്പുകളുടെ സ്വഭാവം. ഇതിനു കാരണം വായ്പ പോളസി, നിരക്കുകളില്‍ ഏകീകൃത സ്വഭാവമില്ലായ്മ തുടങ്ങിയ അടിസ്ഥാന നയങ്ങളുടെ പോരായ്മ അല്ലെങ്കില്‍ പാളിച്ച തന്നെയാണ്. എല്ലാ വര്‍ഷവും വായ്പ ഭരണസമിതിയുടെ താല്‍പര്യപ്രകാരം പുതുക്കുകയും അതുവഴി നിഷ്‌ക്രിയ ആസ്തിയില്‍ നിന്നും മറച്ചുപിടിക്കുകയും ചെയ്യപ്പെടുന്നു. ഈ സ്ഥിതി സഹകരണ ബാങ്കിന്റെ ശരിയായ ധനസ്ഥിതി പൊതുശ്രദ്ധയില്‍ നിന്ന് മറച്ചു പിടിക്കുന്നതിന് കാരണമാകാറുണ്ട്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലോണ്‍ എടുത്ത സഹകാരി ഇതുമൂലം കടക്കെണിയിലേക്ക് തള്ളിപ്പെടുന്നു. ഇവിടെയാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റ് പ്രത്യക്ഷപ്പെടുന്നത്. സഹകരണസംഘങ്ങളില്‍ ഇത്തരം പ്രവണതകള്‍ വര്‍ദ്ധിക്കുന്നു. ഇതോടെ സഹകരണസംഘങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ അട്ടിമറിയ്‌ക്കപ്പെടുകയും ചെയ്യുന്നു.
1970 ല്‍ സഹകരണപ്രസ്ഥാനം രൂപപ്പെട്ട് ശക്തിപ്പെടുമ്പോള്‍ കേരളത്തില്‍ 9 ലക്ഷത്തോളം ഹെക്ടറില്‍ കൃഷി ഉണ്ടായിരുന്നു. ഇന്നത് കേവലം 2 ലക്ഷം ഹെക്ടറില്‍ ഒതുങ്ങി. ചെറുകിട വ്യവസായങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ നിന്നും കൊടുത്ത ലോണ്‍ അനുപാതം മൊത്തം വായ്പയുടെ കേവലം 7-9% വരെ മാത്രമാണ് എന്നത് വായ്പാ നയത്തിലെ ഒരു അപാകതയായി കണക്കാക്കാം. ഈ കണക്കുകള്‍ കാണിക്കുന്നത് സഹകരണ ലോണുകളുടെ വലിയ ഭാഗം ഏത് രീതിയിലാണ് കേരളത്തില്‍ ഉപയോഗപ്പെടുത്തിയത് എന്നതാണ്. അത് കൃഷിയിലോ ഉല്‍പ്പാദന മേഖലയിലോ അല്ല എന്ന് കണക്കുകള്‍ തെളിയിക്കുന്നു. സഹകരണ ലക്ഷ്യങ്ങള്‍ മറന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയെ പിന്തുണച്ചതും സഹകരണ ബാങ്കുകളെ ദുര്‍ബലപ്പെടുത്തി. ഇത്തരം പ്രവണതകളെ സഹകരണവകുപ്പ് അവഗണിച്ചു എന്ന് പറയാതെ വയ്യ.
റിസര്‍വ് ബാങ്ക് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങളൊന്നും തന്നെ കേരളത്തിലെ സഹകരണ ബാങ്കുകള്‍ പാലിക്കുന്നില്ല. ആസ്തി വികസന ഫണ്ട് എന്ന പേരില്‍ സഹകരണ നിയമമനുസരിച്ച് ലാഭനഷ്ടക്കണക്കുകള്‍ മാറ്റിവെക്കുന്നതിനപ്പുറം നീക്കിയിരിപ്പ് ഇല്ലാത്തതുകൊണ്ടാണ് ബാങ്കിന് ഒരു ദിവസം 10,000 രൂപ മാത്രമേ നിക്ഷേപകര്‍ക്ക് നല്‍കാന്‍ കഴിയൂ എന്ന് പറയേണ്ട ഗതികേട് ഉണ്ടാകുന്നത്. നിക്ഷേപങ്ങള്‍ക്ക് ഒരു പരിരക്ഷയും ഇല്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ നിക്ഷേപത്തിന് 10% സ്ഥിരനിക്ഷേപമായി ബാങ്കില്‍ മാറ്റിവയ്‌ക്കണമെന്ന് നിധി കമ്പനികള്‍ കൊണ്ടുവന്ന നിയന്ത്രണമെങ്കിലും കേരളത്തിലെ സഹകരണ രംഗത്ത് അനിവാര്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം
സഹകരണ നിയമങ്ങള്‍ കാലോചിതമായി പൊളിച്ചെഴുതി നിക്ഷേപകരെയും വായ്പ വാങ്ങിയവരെയും സംരക്ഷിക്കാനുള്ള മാറ്റങ്ങളെപ്പറ്റി ചിന്തിക്കാനായി കരുവന്നൂര്‍ സഹകരണ തട്ടിപ്പ് ഒരു ചൂണ്ടുപലകയാകണം. സഹകരണ ഓഡിറ്റ് പ്രതീക്ഷിച്ച ഗുണങ്ങള്‍ നല്‍കുന്നില്ല എന്നതിന് കൂടി തെളിവാകുകയാണ് കരുവന്നൂര്‍ സഹകരണ തട്ടിപ്പിലൂടെ പുറത്താകുന്ന മറ്റൊരു യാഥാര്‍ത്ഥ്യം.
സഹകരണസ്ഥാപനങ്ങള്‍ ബാങ്കിങ് മുതല്‍ പ്രതിമാസ ചിട്ടി, മെഡിക്കല്‍ ഷോപ്പ്, സൂപ്പര്‍മാര്‍ക്കറ്റ് എന്നുവേണ്ട സകല വിധ കച്ചവടങ്ങളും ഒരേസമയം ചെയ്യുകയും ലാഭനഷ്ടം ശരിയായി വിശകലനം ചെയ്യാതെ മുന്നോട്ടുപോവുകയും ചെയ്യുമ്പോള്‍ ഓഡിറ്റിംഗ് സംവിധാനം സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്താന്‍ ഒരു പരിധിവരെയെങ്കിലും പര്യാപ്തമാകേണ്ടതുണ്ട്
മാറിവരുന്ന സാമ്പത്തിക പരിണാമങ്ങള്‍ പരിമിതമായ ആഭ്യന്തര സംവിധാനത്തിന് അകത്തു മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വകുപ്പിന്റെ ഓഡിറ്റര്‍ക്ക് ഉള്‍ക്കൊള്ളാനോ കണ്ടെത്താന്‍ കഴിയുന്നതായോ തോന്നുന്നില്ല. മാത്രമല്ല ഒരേ വകുപ്പില്‍ ജോലി ചെയ്യുന്ന ഓഡിറ്റര്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പരിമിതികളും ഇപ്പോള്‍ പുറത്തുവരുന്ന സഹകരണ തട്ടിപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഓഡിറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് പോലെയുള്ള പ്രൊഫഷണലുകളുമായി ചേര്‍ന്ന് സഹകരണസംഘങ്ങളെ ആധുനിക സാമ്പത്തിക ചലനങ്ങളുമായി ബന്ധപ്പെടുത്തണം. പ്രൊഫഷണല്‍ അക്കൗണ്ടിംഗ് സംവിധാനങ്ങളും മാനദണ്ഡങ്ങളും ഈ മേഖലയില്‍ പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കിട്ടാക്കടത്തിനുള്ള നീക്കിയിരിപ്പ് അതത് വര്‍ഷത്തിലുള്ള വരവ്‌ചെലവ് കണക്കിലുള്‍പ്പെടുത്തുന്നതുപോലെ ബാങ്കിംഗ് സംവിധാനത്തിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളും നിയന്ത്രണങ്ങളും നിക്ഷേപ വായ്പാ പരിധികള്‍ക്കകത്ത് നിന്നുകൊണ്ട്‌സഹകരണസംഘങ്ങള്‍ക്കും ബാധകമാക്കേണ്ടതാണ്. കേരളത്തിലെ സഹകരണ രംഗം നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ഇത് അനിവാര്യമാണ്. കേരളസമൂഹത്തില്‍ നിര്‍ണായക സ്വാധീനമുള്ള സഹകരണ പ്രസ്ഥാനത്തെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് കേരളത്തിലെ സാധാരണക്കാരുടെ ആവശ്യമാണ് . അന്ധമായ രാഷ്‌ട്രീയ ചിന്തകള്‍ മാറ്റി വച്ച്, ദേശീയ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമായ, ഭരണപരമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കേരളത്തിലെ സഹകാരികളെ സംരക്ഷിക്കുന്നതിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേക്കാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിരല്‍ ചൂണ്ടുന്നത്.
സഹകരണമേഖലയിലെ ചില അഴിമതിക്കണക്കുകള്‍
- മാവേലിക്കര സഹകരണ ബാങ്ക് 38 കോടി
- ആര്യനാട് സഹകരണ ബാങ്ക് 6 കോടി
- മാരായമുട്ടം സഹകരണ ബാങ്ക് 1.5 കോടി
- അയിരൂപ്പാറ സഹകരണ ബാങ്ക് 4 കോടി
- ഉമയാറ്റുകര സഹകരണ ബാങ്ക് 15.45 കോടി
- പട്ടണക്കാട് സഹകരണ ബാങ്ക് 16 കോടി
- ഇളംങ്ങുളം സഹകരണ ബാങ്ക് 13 കോടി
- വെള്ളൂര്‍ സഹകരണ ബാങ്ക് 43.96 കോടി
- സീതത്തോട് സഹകരണ ബാങ്ക് 1.95 കോടി
- കുമ്പളാം പൊയ്ക സഹകരണ ബാങ്ക് 4 കോടി
- കരുവന്നൂര്‍ സഹകരണ ബാങ്ക് 107 കോടി
ലിസ്റ്റ് അപൂര്‍ണമാണ്. എ ആര്‍ നഗര്‍, കുഴല്‍മന്ദം, കാറളം തുടങ്ങിയ ബാങ്കുകളിലെ അഴിമതി തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. ഇനിയും പുറത്തുവരാത്ത തട്ടിപ്പുകള്‍ എത്രയോ ഉണ്ടാകും. കേരള സമൂഹത്തെ കാര്‍ന്നുതിന്നുന്ന സാമ്പത്തിക തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് സഹകരണരംഗത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: