ന്യൂദല്‍ഹി: കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവം ഗൗരവമായി അന്വേഷണിക്കുമെന്നും ഇതിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.
തിങ്കളാഴ്ച കേരളത്തില്‍ നിന്നുള്ള എംപിമാരായ ബെന്നി ബെഹനാനും കൊടിക്കുന്നില്‍ സുരേഷും നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തരമായി ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും മന്ത്രി കേരളത്തിലെ എംപിമാര്‍ക്ക് ഉറപ്പ് നല്കി.
രഹസ്യാന്വേഷണസംഘമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ചിന്താവളപ്പില് പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്. ഒരാളെ ഈ വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദേശത്തേക്കടക്കം ഫോണ്‍ ചെയ്യാവുന്ന സംവിധാനമാണ് ഈ സമാന്തര ടെലിഫോണ്‍ എക്സിചേഞ്ചിലുള്ളത്. ഇതിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്ന സംശയം കേരളത്തില്‍ നിന്നുള്ള എംപിമാരും കേന്ദ്രന്ത്രിയ്ക്ക് മുമ്പാകെ പ്രകടിപ്പിച്ചിരുന്നു. അതിനാലാണ് അടിയന്തര ശ്രദ്ധ വിഷയത്തില്‍ പതിയണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടത്.
കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നതായി ഡിസിപി സ്വപ്നില്‍ എം. മഹാജന് പറഞ്ഞു. അറസ്റ്റിലായ ആളില്‍ നിന്നും 713 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായും ഡിസിപി പറഞ്ഞു. ഇത്രയും സിമ്മുകള്‍ ഇവരെങ്ങിനെ വാങ്ങിയെന്നും ഭീകരവാദപ്രവര്‍ത്തിനാണോ ഇതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ഡിസിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: