ന്യൂദല്‍ഹി : യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്ക്. ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം ഒമ്പതിന് ഓണ്‍ലൈന്‍ വഴിയാണ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗം. ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു നേതാവ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. ജൂലൈ മാസത്തില്‍ ഫ്രാന്‍സാണ് അധ്യക്ഷ സ്ഥാനം അലങ്കരിച്ചിരുന്നത്.
രാജ്യത്തെ സംബന്ധിച്ച് വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയില്‍ നിന്നുള്ള മുന്‍ സ്ഥിരം ക്ഷണിതാവായിരുന്ന സൈദ് അക്ബറുദ്ദീന്‍ പ്രതികരിച്ചു. ഭാരതത്തിന്റെ നേതൃത്വം മുന്നില്‍ നിന്ന് നയിക്കുന്നതില്‍ തത്പ്പരരാണെന്ന് ഇതിലൂടെ തെളിയിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അന്താരാഷ്ട്ര സുരക്ഷ, സമാധാനം എന്നിവയിലേക്ക് ഇന്ത്യയുടെ ഭാഗത്ത് നിന്ന് വലിയ സംഭാവനകളുണ്ടാകുമെന്ന് ഫ്രാന്‍സില്‍ നിന്നും അധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു.
ഇന്ത്യയുടെ സ്ഥാനലബ്ധിയില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്ന്‍ അഭിനന്ദനം അറിയിച്ചു. ലോകം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: