ചെന്നൈ: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാട്. കേരളത്തില്‍ നിന്നും സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തേ അയല്‍ സംസ്ഥാനമായ കര്‍ണാടകയും കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്കുള്ള നിയന്ത്രണം വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ടു ഡോസ് വാക്സീന് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് നിയന്ത്രണത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കും. തമിഴ്നാട് ആരോഗ്യമന്ത്രിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അറിയിച്ചത്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി സംസ്ഥാനം ഉത്തരവിറക്കിയിരുന്നു. കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയതിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
നേരത്തെ ഇറക്കിയ ഉത്തരവില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ മതിയെന്നായിരുന്നു നിര്‍ദേശം. ആ ഉത്തരവാണ് ഇപ്പോള്‍ പുതുക്കിയിറക്കിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തറാണ് പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വിമാനം, ബസ്, ട്രെയിന്‍, ടാക്സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വഴി സംസ്ഥാനത്തേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമെന്ന് ഉത്തരവില്‍ പറയുന്നു.
വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്, ജില്ല അതിര്‍ത്തികള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: