തിരുവനന്തപുരം: നിയമസഭയിലെ അഴിഞ്ഞാട്ടക്കേസില്‍ സുപ്രീംകോടതി വിധി വന്നിട്ടും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുന്നതിനു പിന്നില്‍ ലാവ്ലിന് കേസ്. അഴിഞ്ഞാട്ട ക്കേസിലെ സുപ്രീംകോടതിയുടെ നിരീക്ഷണം പോലെയൊന്ന് ലാവ്ലിന് കേസിലും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നു. എതിരായ കോടതി പരാമര്‍ശം ഉണ്ടായാല്‍ മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹനാണോ എന്ന ചോദ്യമുയരും. സ്വാഭാവികമായും രാജിവയ്ക്കേണ്ടി വരും. അതിനാല്‍ വി.ശിവന്‍കുട്ടിയെ മുന്‍നിര്‍ത്തി കരുക്കള്‍ നീക്കുകയാണ് മുഖ്യമന്ത്രി.
374 കോടി രൂപയുടെ അഴിമതി കേസാണ് എസ്എന്‍സി ലാവ്ലിനിലേത്. ഏപ്രില്‍ ആറിനാണ് കേസ് അവസാനമായി സുപ്രീം കോടതി പരിഗണിച്ചത്. പ്രധാനപ്പെട്ട കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട്, ഹൈക്കോടതി കുറ്റവിമുക്തനാക്കിയ എ. ഫ്രാന്‍സിസ് നല്കിയ അപേക്ഷ പരിഗണിച്ചാണ് കേസ് വീണ്ടും മാറ്റിയത്. നിരവധി തവണ കേസ് മാറ്റിയതിനാല്‍ ഇനി മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് സുപ്രീംകോടതി കര്‍ശന താക്കീതും നല്‍കിയിട്ടുണ്ട്. ഉടന്‍ വിചാരണ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് ഉണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍.
യുഡിഎഫ് സര്‍ക്കാരാണ് പദ്ധതി നടപ്പാക്കാനുള്ള നീക്കം തുടങ്ങിയതെങ്കിലും ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു കരാറില്‍ ഒപ്പുവച്ചത്. ലാവ്ലിന് കമ്പനിക്ക് കരാര്‍ നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിന് വേണ്ടി കനേഡിയന്‍ ഏജന്‍സി, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കേണ്ടിയിരുന്ന 98 കോടി രൂപയില്‍ 12 കോടി രൂപ മാത്രമാണ് നല്കിയതെന്നതും സിഎജിയുടെ പരിശോധനയിലാണ് പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: