Categories: India

ചൂളം കുത്താന്‍ സഭ ചന്തയല്ല, രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സ്ഥലമാണ്; കുറച്ചെങ്കിലും മാന്യത വേണം; കേരളത്തിലെ എംപിമാരെയടക്കം താക്കീത് ചെയ്ത് ഉപരാഷ്‌ട്രപതി

Published by

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷ അംഗങ്ങള്‍ മാന്യതവിട്ട് പെരുമാറുന്നതിനെതിരെ നിലപാട് കടുപ്പിച്ച് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. അംഗങ്ങള്‍ക്ക് കുറച്ചെങ്കിലും മാന്യത വേണം. നിങ്ങള്‍ ഇരിക്കുന്നത് രാജ്യത്തെ നിയമ നിര്‍മ്മാണ സഭയിലാണെന്ന് ഓര്‍മ്മവേണം. രാജ്യസഭയില്‍ വിസിലടിക്കുന്നതും ചൂളംകുത്തുന്നതും എന്തു മര്യാദയാണെന്നും അദേഹം ചോദിച്ചു.  ഇത്തരം പെരുമാറ്റങ്ങള്‍ സഭയുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്ന് നായിഡു പറഞ്ഞു.

ഒന്നുകില്‍ സഭ ചന്തയാവാന്‍ അനുവദിക്കണം അല്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ചില അംഗങ്ങള്‍ വിസിലടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലര്‍ മാര്‍ഷലുകളുടെ തോളില്‍ കൈയ്യിടുന്നതും കണ്ടു. അവരെ അതിന് പ്രേരിപ്പിക്കുന്നത് എന്താണെന്ന് അറിയില്ല.  

ചില എംപിമാര്‍ മന്ത്രിമാര്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നുണ്ട്. ഒന്നുകില്‍ ഇത് അവഗണിക്കണം. എന്നിട്ട് ഓരോരുത്തരും വിസിലടിക്കട്ടെ. അല്ലെങ്കില്‍ നടപടിയെടുക്കണം. ചെയര്‍മാന്റെ വേദിയില്‍ നിന്നും ഇതു പറയേണ്ടി വരുമെന്ന് അത്തരമൊരു അവസ്ഥയിലേക്ക് ഇത് തരംതാഴുമെന്ന് കരുതിയില്ലെന്നും നായിഡു പറഞ്ഞു. കേരളത്തിലെ എംപിമാരെ അടക്കം താക്കീത് ചെയ്തുകൊണ്ടാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള ആരിഫ് എംപി അടക്കമുള്ളവര്‍ മരാദ്യവിട്ട് ബഹളം വെച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് സ്പീക്കര്‍ ഓം ബിര്‍ള നടത്തിയത്.

പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കുകയും അക്രമത്തിന് ശ്രമിക്കുകയും ചെയ്ത കേരളത്തില്‍ നിന്നുള്ള എംപിമാരെ താക്കീത് ചെയ്താണ് അദേഹം വിമര്‍ശനം ഉന്നയിച്ചത്. . ഇത് പാലര്‍ലമെന്റാണ്, അല്ലാതെ കേരള നിയമസഭയല്ലെന്ന് ഓര്‍ക്കണം, പാര്‍ലമെന്റ് കേരള നിയമസഭ പോലെ ആക്കാന്‍ അനുവദിക്കില്ലന്നും എംപിമാരായ ഡീന്‍ കുര്യാക്കോസ് ഹൈബി ഈഡന്‍, എം എ ആരിഫ് എന്നിവരോട് സ്പീക്കര്‍ പറഞ്ഞിരുന്നു. നിയമസഭാ കയ്യാങ്കളി കേസ് സംബന്ധിച്ച സുപ്രീംകോടതി വിധിയും സ്പീക്കര്‍ പറഞ്ഞുകൊണ്ടാത് താക്കീത് നല്‍കിയത്.  പന്ത്രണ്ട് എംപിമാരെയാണ് സ്പീക്കര്‍ ഓം ബിര്‍ള കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി താക്കീത് ചെയ്തത്. ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് നേരത്തെ ബിജെപി ആവശ്യപ്പെട്ടിരുന്നു.  

ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകള്‍ ചീന്തിയെറിഞ്ഞും പേപ്പറുകള്‍ വലിച്ചെറിഞ്ഞും അക്രമാസക്തമായി പെരുമാറിയ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, ഗുര്‍ജീത് സിംഗ് ഓജ്‌ല(പഞ്ചാബ്), മാണിക്കം ടാഗോര്‍(തമിഴ്നാട്),  ദീപക് ബെയ്ജ്( ഛത്തീസ്ഗഡ്), ഡീന്‍ കുര്യാക്കോസ്, ജോതിമണി(തമിഴ്നാട്), സിപിഎമ്മിന്റെ എ.എം. ആരിഫ്എന്നിവര്‍ക്കെതിരെയാണ് ബിജെപി ശിക്ഷാനടപടികള്‍ ആവശ്യപ്പെടുന്നത്. ഈ മണ്‍സൂണ്‍ സെഷനില്‍ മുഴുവനായി ഇവര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കണമെന്നാണവശ്യം. നേരത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ കയ്യിലെ പേപ്പറുകള്‍ തട്ടിപ്പറിച്ച് ചീന്തിയെറിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശന്തനു സെന്നിനെ സഭയുടെ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.  

ബുധനാഴ്ച പ്രതിപക്ഷ സഭാംഗങ്ങള്‍ സഭയുടെ വെല്ലില്‍ ഒന്നിച്ചെത്തി അക്രമാസക്തമായ രംഗങ്ങളാണ് സൃഷ്ടിച്ചത്. പെഗസസ് പ്രശ്‌നവും കര്‍ഷക പ്രശ്‌നവും ഉയര്‍ത്തി അവര്‍ മുദ്രാവാക്യം മുഴക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു

ഈ ബഹളങ്ങള്‍ അരങ്ങേറുമ്പോഴും സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തരവേള തുടര്‍ന്നു. മണ്‍സൂണ്‍ സെഷനില്‍ ജൂലായ് 19ന് സഭ ആരംഭിച്ചതിന് ശേഷം ബുധനാഴ്ചയാണ് ആദ്യമായി ചോദ്യോത്തര വേള പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ചോദ്യോത്തരവേള അവസാനിച്ചയുടന്‍ സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ നിന്നും പോയി. പകരം രാജേന്ദ്ര അഗര്‍വാള്‍ സ്പീക്കറുടെ ചുമതല ഏറ്റെടുത്തു.

പിന്നീട് കണ്ടത് സഭയുടെ അന്തസ്സ് കെടുത്തുന്ന പ്രവര്‍ത്തികളായിരുന്നു. സഭയുടെ മേശപ്പുറത്ത് വെച്ചുകൊണ്ടിരുന്ന പേപ്പറുകള്‍ കോണ്‍ഗ്രസ് അംഗങ്ങളായ ഗുര്‍ജീത് ഒജാല, ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവര്‍ വലിച്ചെറിഞ്ഞു. ചിലര്‍ പേപ്പറുകളും പ്ലാക്കാര്‍ഡുകളും സഭാധ്യക്ഷന് നേരെ വലിച്ചെറിഞ്ഞു. പ്ലക്കാര്‍ഡിന്റെ ഒരു കഷ്ണം സ്പീക്കറുടെ പോഡിയത്തിന് മുകളില്‍ പ്രസ് ഗാലറിയില്‍ വന്നുവീണു. എന്നെല്ലാം ഇതവഗണിച്ച് സ്പീക്കര്‍ അഗര്‍വാള്‍ സഭാനടപടികള്‍ തുടര്‍ന്നു.

വീണ്ടും കോണ്‍ഗ്രസ് അംഗങ്ങള്‍ സഭാധ്യക്ഷന് നേരെയും ട്രഷറി ബെഞ്ചിന് നേരെയും പേപ്പറുകള്‍ കീറി വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. ഇതില്‍ ഒരു പേപ്പര്‍ വന്ന് വീണത് പാര്‍ലമെന്റ് കാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ സീറ്റില്‍. അക്രമത്തെ തുടര്‍ന്ന് 12.30ന് അധ്യക്ഷന്‍ സഭ നീട്ടിവെച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക